ഷാർജ : പൊലീസുദ്യോഗസ്ഥരുടെ ക്ഷേമവും സാമ്പത്തിക ഭദ്രതയും മുൻനിർത്തി ഷാർജ പൊലീസ് തങ്ങളുടെ ‘തമല്ലുക്’ (Tamalluk) പദ്ധതി വിപുലീകരിക്കുന്നു. ഇതിനായി ദ എലൈറ്റ് ഇന്റർനാഷണൽ ഗ്രൂപ്പുമായി ഷാർജ പൊലീസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം ബാങ്ക് ഫിനാൻസിംഗിന്റെ ആവശ്യകതയില്ലാതെ തന്നെ ജീവനക്കാർക്ക് ദീർഘകാല ലീസിംഗ് (Lease-to-own) വ്യവസ്ഥയിൽ എളുപ്പത്തിലും കുറഞ്ഞ ചിലവിലും വാഹനങ്ങൾ സ്വന്തമാക്കാൻ സാധിക്കും.
ഷാർജ പൊലീസ് റിസോഴ്സസ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി അഹമ്മദ് ബൂ അൽ സഊദും എലൈറ്റ് ഇന്റർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജർ പ്രകാശ് തധാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. പരമ്പരാഗത ബാങ്ക് വായ്പകളുടെ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കി, കൂടുതൽ ഇളവുകളോടെ ജീവനക്കാർക്ക് വൈവിധ്യമാർന്ന വാഹനങ്ങൾ തിരഞ്ഞെടുക്കാൻ ഈ തദ്ദേശീയ പങ്കാളിത്തം വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Entertainment
ഷാര്ജ : സ്കൂളുകളിലും ഡിജിറ്റൽ ഇടങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളെ സജ്ജരാക്കുന്ന പുതിയ ‘അഹ്ല് അല് അഥര്’ പദ്ധതിയുമായി ഷാര്ജ ചൈല്ഡ് സേഫ്റ്റി ഓര്ഗനൈസേഷന്. ‘ബോധവത്കരണമാണ് സ്വാധീനം സൃഷ്ടിക്കുന്നത്’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഈ പരിപാടിയിലൂടെ രക്ഷിതാക്കളെ ബോധവത്കരണ അംബാസഡർമാരായി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പേരെന്റ്സ് കൗൺസിൽ അംഗങ്ങൾക്ക് നാല് മാസത്തെ പ്രത്യേക പരിശീലനം നൽകും.
സൈബർ സുരക്ഷ, ഡിജിറ്റൽ വെല്ലുവിളികൾ, കുടുംബ ആശയവിനിമയം, മാനസിക പിന്തുണ തുടങ്ങിയ മേഖലകളിലാണ് പരിശീലനം. യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള പ്രായപരിധി 15 വയസ്സായി നിശ്ചയിച്ച സാഹചര്യത്തിൽ, കുട്ടികളുടെ ഓൺലൈൻ ഇടപഴകലുകൾ സുരക്ഷിതമാക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് ഈ സംരംഭം. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
യുഎഇയിൽ വേനലിലും വസന്തം തീർത്ത് ഫ്ലേം ട്രീകൾ; ക്യാമറക്കണ്ണുകളിൽ നിറഞ്ഞ് ദുബായ്
ദുബായ് : കടുത്ത വേനൽച്ചൂടിലേക്ക് ദുബായ് കടക്കുമ്പോൾ നഗരവീഥികളിലും പാർക്കുകളിലും വസന്തത്തിന്റെ അഗ്നിപ്പൂക്കൾ വിരിയിക്കുകയാണ് ‘ഫ്ലേം ട്രീ’കൾ (Flame Trees). ഇതിനകം അൻപതിനായിരത്തിലധികം ഫ്ലേം ട്രീകളാണ് ദുബായിൽ ഉടനീളം നട്ടുപിടിപ്പിച്ചിട്ടുള്ളത്. വേനൽക്കാലത്ത് ദുബായിലെ തെരുവുകൾക്ക് തണലും മനോഹരമായ ഓറഞ്ച്-ചുവപ്പ് നിറവും സമ്മാനിക്കുന്ന ഈ മരങ്ങൾ നഗരത്തിന്റെ സാംസ്കാരിക അടയാളമായി മാറിക്കഴിഞ്ഞു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരം നഗരത്തിലെങ്ങും ഇതിന്റെ സാന്നിധ്യം വിപുലമാക്കിയിട്ടുണ്ട്. താമസക്കാർക്ക് തൈകൾ നട്ടുപിടിപ്പിക്കാനായി ദുബായ് മുനിസിപ്പാലിറ്റി വഴി ഇവ വിതരണം ചെയ്യുന്നുമുണ്ട്. ഏകദേശം 12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ മരങ്ങൾ വലിയ തണൽക്കുട രൂപപ്പെടുത്തുകയും, ഇതിന് താഴെയുള്ള താപനില 5 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. മേയ് 1 മുതൽ ജൂലൈ 31 വരെയാണ് വാർഷിക ‘ഫ്ലേം ട്രീ സീസൺ’ ആയി ദുബായിൽ ആഘോഷിക്കുന്നത്.
ദുബായ് : മുതിർന്ന പൗരന്മാരുടെയും പ്രായമായവരുടെയും സുരക്ഷയും സംരക്ഷണവും കൂടുതൽ ശക്തമാക്കുന്നതിനായി ദുബായ് പോലീസും കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും (CDA) കൈകോർക്കുന്നു. ലോക വയോജന ചൂഷണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അൽ വർഖ മജ്ലിസിൽ സംഘടിപ്പിച്ച പ്രത്യേക ബോധവൽക്കരണ ഫോറത്തിലാണ് മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ സംയുക്ത ഉത്തരവാദിത്തമാണെന്ന് അധികൃതർ വ്യക്തമാക്കിയത്. ദുബായ് ഒരു വലിയ കുടുംബമാണെന്നും അവിടുത്തെ മുതിർന്ന പൗരന്മാരെ ആദരിക്കുകയും സമൂഹത്തിന്റെ ഭാഗമാക്കി നിർത്തുകയും ചെയ്യണമെന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ കാഴ്ചപ്പാട് മുൻനിർത്തിയാണ് ഈ നടപടി.
പ്രായമായവരെ ചൂഷണങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനൊപ്പം അവരുടെ അറിവും അനുഭവസമ്പത്തും അടുത്ത തലമുറയ്ക്ക് പകർന്നുനൽകാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനാണ് സിഡിഎയും ദുബായ് പോലീസും സംയുക്തമായി പ്രവർത്തിക്കുന്നത്. വയോജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ നിയമപരവും സാമൂഹികവുമായ അവബോധം വളർത്താൻ വരും ദിവസങ്ങളിൽ വിപുലമായ പ്രചാരണങ്ങൾ നടത്തുമെന്നും ഫോറത്തിൽ പങ്കെടുത്ത വിദഗ്ധർ വ്യക്തമാക്കി.
മികച്ച നേട്ടങ്ങൾക്കായി പുത്തൻ ‘ദുബായ്-ഇറ്റ്’ (Dubai-it) പുരസ്കാരം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ
ദുബായ് : വലിയ ആശയങ്ങളെ റെക്കോർഡ് വേഗതയിൽ മികച്ച വിജയങ്ങളാക്കി മാറ്റുന്ന വ്യക്തികൾ, പദ്ധതികൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി പുത്തൻ ‘ദുബായ്-ഇറ്റ്’ (Dubai-it) അവാർഡ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. യുഎഇ ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ വികസന കാഴ്ചപ്പാടുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ വാർഷിക പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏതൊരു വലിയ ലക്ഷ്യത്തെയും മികവോടെയും അതിവേഗത്തിലും യാഥാർത്ഥ്യമാക്കുക എന്ന ദുബായുടെ പ്രവർത്തന ശൈലിയെയാണ് ‘ദുബായ്-ഇറ്റ്’ എന്ന ഫിലോസഫി കൊണ്ട് അർത്ഥമാക്കുന്നത്. സർക്കാർ പ്രവർത്തനങ്ങൾ, റിയൽ എസ്റ്റേറ്റ്, സാമ്പത്തികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സാമൂഹിക സേവനം എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങൾക്കാണ് അവാർഡ് നൽകുക. മികച്ച ഫലം നൽകിയ സർക്കാർ പ്രോജക്ടുകൾ, സാങ്കേതിക പദ്ധതികൾ, മികച്ച കമ്പനികൾ, ഗവൺമെന്റ് പ്രോജക്ട് മാനേജർമാർ, മികച്ച സംരംഭകർ എന്നിവർക്ക് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ സമ്മാനിക്കും.
ദുബായ് : കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിരസതയകറ്റാൻ വരച്ചുതുടങ്ങിയ ഒൻപത് വയസ്സുകാരി ഇന്ന് ഗൾഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ ചിത്രകാരിയായി വളർന്നിരിക്കുന്നു. ദുബായിൽ താമസിക്കുന്ന പതിനഞ്ചുകാരിയായ നികിത നിയോഗി (Nikita Neogy) എന്ന ഇന്ത്യൻ പെൺകുട്ടിയാണ് തന്റെ അസാധാരണമായ ചിത്രരചനയിലൂടെ യുഎഇക്ക് അഭിമാനമായി മാറിയത്.
തുടക്കത്തിൽ മനുഷ്യന്റെ മുഖഭാവങ്ങൾ പകർത്താനായിരുന്നു നികിതയ്ക്ക് താല്പര്യം. വെളിച്ചവും നിഴലും മുഖങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ നിരവധി തവണ കണ്ണുകൾ മാത്രം വരച്ചു പരിശീലിച്ചതായി നികിത ഓർക്കുന്നു. അധ്യാപകരുടെ സഹായമില്ലാതെ യൂട്യൂബ് ട്യൂട്ടോറിയലുകൾ വഴിയും പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികൾ നിരീക്ഷിച്ചുമാണ് ഈ മിടുക്കി വരയുടെ ലോകം കീഴടക്കിയത്.
നികിതയുടെ പ്രതിഭ തിരിച്ചറിഞ്ഞ യൂണിവേഴ്സൽ അമേരിക്കൻ സ്കൂൾ (UAS) ആർട്ട് സ്കോളർഷിപ്പ് നൽകി ആദരിച്ചിരുന്നു. ഇതിനോടകം ജിസിസിയിലെ ഏറ്റവും വലിയ സ്റ്റുഡന്റ് ആർട്ട് കോമ്പറ്റീഷൻ, വോയ്സ് ഓഫ് ദി യുഎഇ സ്റ്റുഡന്റ് കോമ്പറ്റീഷൻ എന്നിവയിൽ നികിത ഒന്നാം സ്ഥാനം നേടി. കൂടാതെ ലോകപ്രശസ്ത കലാകാരന്മാർക്കൊപ്പം ഗിന്നസ് റെക്കോർഡ് ലൈവ് പെയിന്റിംഗിലും പങ്കാളിയായി. ഫ്ലോറൻസ്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലെ ഗാലറികളിലും ഈ ദുബായ് കൗമാരക്കാരിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മകളുടെ കഠിനാധ്വാനത്തിലും പഠനവും ചിത്രരചനയും ഒരുപോലെ കൊണ്ടുപോകുന്നതിലുമുള്ള കഴിവിൽ ഏറെ അഭിമാനമുണ്ടെന്ന് അമ്മ ലിസ ചാറ്റർജി പറഞ്ഞു.
ദുബായ് : ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ 11-ാമത് എമിറാത്തി മീഡിയ ഫോറത്തിന് ദുബായിൽ തുടക്കമായി. ദുബായ് പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ ഉച്ചകോടിയിൽ യുഎഇയിലെ പ്രമുഖ ഭരണാധികാരികളും മാധ്യമപ്രവർത്തകരും ഉള്ളടക്ക നിർമ്മാതാക്കളും പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഐക്യവും ആർക്കും തൊട്ടു കളിക്കാൻ പാടില്ലാത്ത ‘ചുവപ്പ് രേഖ’ (Red Line) ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ദുബായ് പ്രസ് ക്ലബ്ബ് ഡയറക്ടർ മറിയം അബ്ദുള്ള അൽ മുല്ല വ്യക്തമാക്കി. ഡിജിറ്റൽ ലോകത്ത് രാജ്യത്തിനെതിരെ ഉയരുന്ന വലിയ തോതിലുള്ള വ്യാജപ്രചാരണങ്ങളെയും തെറ്റായ വിവരങ്ങളെയും വസ്തുതകളും ഉയർന്ന പ്രൊഫഷണൽ നിലവാരവും മുൻനിർത്തി വിജയകരമായി പ്രതിരോധിക്കാൻ യുഎഇ മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും, ഏത് പ്രതിസന്ധി ഘട്ടത്തിലും മാധ്യമ മേഖല രാജ്യത്തിന്റെ സജീവ പങ്കാളിയായി നിലകൊള്ളുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ദുബായ് : മാറുന്ന ആഗോള സാഹചര്യങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് ചർച്ച ചെയ്യുന്നതിനായുള്ള പതിനൊന്നാമത് എമിറാത്തി മീഡിയ ഫോറത്തിന് ഇന്ന് (ജൂൺ 22) ദുബായിൽ തുടക്കമാകും. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് പ്രസ് ക്ലബ്ബാണ് മാൻഡറിൻ ഓറിയന്റൽ ഡൗൺടൗണിൽ വെച്ച് ഈ ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കിടയിൽ ദേശീയ മാധ്യമങ്ങളുടെ ഉത്തരവാദിത്തം പുനർമൂല്യനിർണ്ണയം ചെയ്യാനും പൊതുജനവിശ്വാസം ശക്തിപ്പെടുത്താനുമുള്ള ചർച്ചകൾക്കാണ് ഫോറം വേദിയാകുന്നത്. യുഎഇ നാഷണൽ മീഡിയ അതോറിറ്റി ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഹമീദ്, ഇമാർ സ്ഥാപകൻ മുഹമ്മദ് അൽ അബ്ബാർ ഉൾപ്പെടെയുള്ള പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും.
സൗജന്യ ഫ്ലാറ്റ് സ്വന്തമാക്കി മലയാളി യുവതി; ദുബായിൽ ഭാഗ്യം കനിഞ്ഞത് കണ്ണൂർ സ്വദേശിനിക്ക്
ദുബായ് : ദുബായിൽ നടന്ന ‘വിൻ യുവർ ഹോം ഇൻ ദുബായ്’ മെഗാ നറുക്കെടുപ്പിലെ ആദ്യ ആഡംബര അപ്പാർട്ട്മെന്റ് മലയാളി യുവതി സ്വന്തമാക്കി. ദുബായിൽ താമസിക്കുന്ന 27 കാരിയായ ആയിഷ അമീറാണ് പ്രമുഖ ബിൽഡർമാരായ ബിൻഗാട്ടിയുടെ (Binghatti) സ്റ്റുഡിയോ അപ്പാർട്ട്മെന്റ് സമ്മാനമായി നേടിയത്.
മാളിൽ നിന്ന് 500 ദിർഹത്തിന് മുകളിൽ സാധനങ്ങൾ വാങ്ങി ക്യുആർ കോഡ് സ്കാൻ ചെയ്താണ് ആയിഷ നറുക്കെടുപ്പിൽ പങ്കെടുത്തത്. സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിച്ചിരുന്ന ഈ പ്രവാസി ദമ്പതികൾക്ക് അപ്രതീക്ഷിതമായാണ് ഈ മഹാഭാഗ്യം തേടിയെത്തിയത്. ഓഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിലൂടെ ആകെ 12 ഫ്ലാറ്റുകളാണ് സമ്മാനമായി നൽകുന്നത്.
ബീജിങ് പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിച്ച് എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ
ബീജിങ് : ചൈനയിൽ നടക്കുന്ന ബീജിങ് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (BIBF 2026) യുഎഇയുടെ സാംസ്കാരിക സാന്നിധ്യം ശക്തമാക്കി എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ (EPA). ഇത്തവണത്തെ മേളയിൽ യുഎഇയാണ് ‘അതിഥി രാജ്യം’ (Guest of Honour). ജൂൺ 17 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന മേളയിൽ യുഎഇ എംബസിയും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി ഒരുക്കിയ ‘അൽ ബൈത് അൽ എമിറാത്തി’ പവലിയനിലാണ് അസോസിയേഷൻ പങ്കെടുന്നത്.
യുഎഇയിലെ പ്രസാധകർക്ക് ചൈനീസ് വിപണിയിൽ പുതിയ അവസരങ്ങൾ കണ്ടെത്താനും അറബ് എഴുത്തുകാരുടെ കൃതികൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനും ഈ പങ്കാളിത്തം വഴി സാധിക്കുമെന്ന് ഇപിഎ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ കൂസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എമിറാത്തി-ചൈനീസ് പ്രസാധകരുടെ പ്രത്യേക നെറ്റ്വർക്കിങ് യോഗങ്ങളും ഇരുരാജ്യങ്ങളിലെയും വായനാശീലങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചകളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഗാഫ് പബ്ലിഷിങ്, അജ്യാൽ പബ്ലിഷിങ് ഹൗസ് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ പ്രസാധകർ പവലിയന്റെ ഭാഗമാണ്.