ദുബായ് : വർഷങ്ങൾക്ക് മുൻപ് ഏതാനും ലക്ഷം സന്ദർശകർ മാത്രം എത്തിയിരുന്ന ദുബായിലെ ഷോപ്പിംഗ് മാളുകളിലേക്ക് ഇന്ന് പ്രതിവർഷം 20 കോടിയിലധികം ആളുകൾ എത്തുന്ന ആഗോള വിജയഗാഥ വിശദീകരിച്ച് യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഗെർഗാവി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ദീർഘവീക്ഷണമാണ് ഈ വിപ്ലവകരമായ മാറ്റത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. വെറുമൊരു കച്ചവട കേന്ദ്രങ്ങൾ എന്നതിനപ്പുറം ടൂറിസം, വിനോദം, സംസ്കാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച ഷോപ്പിംഗ് ഡെസ്റ്റിനേഷനായി ദുബായിലെ മാളുകളെ മാറ്റിയെടുക്കാൻ ഈ നയങ്ങൾക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Entertainment
ദുബായ് : യുഎഇയിൽ മികച്ച സാമൂഹിക-പരിസ്ഥിതി സുസ്ഥിരതാ പദ്ധതികൾ നടപ്പിലാക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ സിഎസ്ആർ ഫണ്ടിന്റെ (Majra) ‘സസ്റ്റെയിനബിൾ ഇംപാക്ട് ചലഞ്ച് 2026’ രണ്ടാം പതിപ്പിലേക്ക്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, സംസ്കാരം, സാങ്കേതികവിദ്യ, കായികം എന്നീ മേഖലകളിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രോജക്റ്റുകളെയാണ് ഈ ചലഞ്ചിലൂടെ കണ്ടെത്തുന്നത്. മുൻവർഷത്തെക്കാൾ ഇത്തവണ സമ്മാനത്തുക വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മികച്ച വിജയം നേടുന്ന ആദ്യ മൂന്ന് പദ്ധതികൾക്കായി 20 ലക്ഷം ദിർഹം (2 Million Dirhams) സമ്മാനമായി നൽകുമെന്നും മജ്റ സിഇഓ സാറാ ഷാ വ്യക്തമാക്കി.
നിലവിൽ ഈ ചലഞ്ചിന്റെ പൊതുജന വോട്ടിംഗ് ഘട്ടം പുരോഗമിക്കുകയാണ്. യുഎഇയിലുള്ളവർക്ക് തങ്ങൾക്കിഷ്ടപ്പെട്ട മികച്ച പ്രോജക്റ്റുകൾക്കായി ജൂൺ 30 വരെ മജ്റയുടെ പ്ലാറ്റ്ഫോം വഴി വോട്ട് രേഖപ്പെടുത്താം. വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ 100 പ്രോജക്റ്റുകളിൽ നിന്ന് വിദഗ്ധ സമിതി നടത്തുന്ന കർശനമായ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും മികച്ച 3 വിജയികളെ പ്രഖ്യാപിക്കുക. യുഎഇയിൽ വലിയ സ്വാധീനം ചെലുത്തുന്ന സുസ്ഥിര പദ്ധതികളുടെ ഒരു ആഗോള മാപ്പ് തയ്യാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുൻവർഷം വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഇത്തവണ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.
‘ദുബായ്-ഇറ്റ്’ ലക്ഷ്യങ്ങളിലേക്ക് പുതിയ ഊർജ്ജമായി ദെവ; ക്യാമ്പയിനെ പ്രശംസിച്ച് സയീദ് അൽ തായർ
ദുബായ് : യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ച ‘ദുബായ്-ഇറ്റ്’ (Dubai-it) ക്യാമ്പയിൻ ദുബായുടെ അതിരുകളില്ലാത്ത വികസന സ്വപ്നങ്ങളുടെ ശാശ്വത തെളിവാണ് എന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പ്രസ്താവിച്ചു. വികസനത്തിന്റെ പരമാവധിയിൽ എത്തിയെന്ന് കരുതുന്ന ഓരോ നിമിഷത്തിലും പുതിയ ചക്രവാളങ്ങൾ തുറന്നു തരുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ ദീർഘവീക്ഷണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ആശയങ്ങളെയും സ്വപ്നങ്ങളെയും ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ഫലങ്ങളാക്കി മാറ്റുക എന്ന ദുബായുടെ വികസന ശൈലിയാണ് ഈ ക്യാമ്പയിൻ ഉയർത്തിപ്പിടിക്കുന്നത്. ദുബായ്-ഇറ്റ് എന്ന ആശയം സമയവുമായുള്ള നമ്മുടെ ബന്ധത്തെ പുനർനിർവചിക്കുന്നുവെന്നും ഓരോ നിമിഷത്തെയും വികസനത്തിനുള്ള ഊർജ്ജമാക്കി മാറ്റുന്നുവെന്നും അൽ തായർ വ്യക്തമാക്കി. ദുബായിൽ ഭാവിക്ക് വേണ്ടി കാത്തിരിക്കുകയല്ല, മറിച്ച് ഓരോ ദിവസവും പ്രവൃത്തികളിലൂടെ ഭാവി രൂപകൽപ്പന ചെയ്യുകയാണ് ചെയ്യുന്നതെന്നും ഫലങ്ങൾ മാത്രമാണ് വിജയത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഗോള മത്സരശേഷിയിൽ മുന്നേറി യുഎഇ; 2026-ലെ അന്താരാഷ്ട്ര റാങ്കിംഗുകളിൽ ഒന്നാമത്
അബുദാബി : 2026-ന്റെ ആദ്യ പകുതിയിൽ ലോകത്തിലെ ഏറ്റവും മികച്ച മത്സരശേഷിയുള്ള സമ്പദ്വ്യവസ്ഥകളിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കി യുഎഇ. ബിസിനസ് ആരംഭിക്കാനും വളർത്താനും ഏറ്റവും അനുയോജ്യമായ രാജ്യത്തിനുള്ള ‘ഗ്ലോബൽ ഒന്റർപ്രണർഷിപ്പ് മോണിറ്റർ’ (GEM) റിപ്പോർട്ടിൽ തുടർച്ചയായ അഞ്ചാം വർഷവും യുഎഇ ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. അടിസ്ഥാന സൗകര്യങ്ങൾ, നികുതി സംവിധാനം, ബ്യൂറോക്രസി ഇല്ലായ്മ, ഗവൺമെന്റ് നയങ്ങൾ ഉൾപ്പെടെയുള്ള എട്ടോളം പ്രധാന സൂചികകളിലാണ് യുഎഇ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
ഐഎംഡി (IMD) വേൾഡ് കോംപറ്റിറ്റീവ്നെസ് റാങ്കിംഗ് 2026 പ്രകാരം സാമ്പത്തിക പ്രകടനത്തിൽ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ പൊതുവായി അഞ്ചാം സ്ഥാനത്തുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിലെ നിക്ഷേപം, ഗവൺമെന്റ് കാര്യക്ഷമത എന്നിവയിൽ നാലാം സ്ഥാനത്തുള്ള രാജ്യം, നൂറിലധികം അന്താരാഷ്ട്ര സൂചികകളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. നംബിയോയുടെ (Numbeo) 2026-ലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമതെത്തിയപ്പോൾ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തുടർച്ചയായ പത്താം വർഷവും (2017 മുതൽ) തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ലോകത്തെ സമ്പന്നരായ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായും യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി.
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ‘Dhay Photography’ മത്സരം: എൻട്രികൾ ക്ഷണിക്കുന്നു
അബുദാബി : ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ സംഘടിപ്പിക്കുന്ന മൂന്നാമത് Dhay ഫോട്ടോഗ്രഫി മത്സരത്തിന്റെ’ മൂന്നാം പതിപ്പിലേക്ക് എൻട്രികൾ സമർപ്പിക്കാനുള്ള അവസരം തുടരുന്നു. യുഎഇ ‘കുടുംബ വർഷം 2026’ ആയി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ‘മോസ്കിലെ കുടുംബം’ എന്ന പ്രമേയത്തിലാണ് ഇത്തവണ മത്സരം നടക്കുന്നത്. സെന്ററിന്റെ മേൽനോട്ടത്തിലുള്ള മോസ്കുകളിൽ കുടുംബങ്ങൾ ഒത്തുചേരുന്ന മനോഹര നിമിഷങ്ങൾ ക്യാമറയിലോ മൊബൈൽ ഫോണിലോ പകർത്തി മത്സരത്തിൽ പങ്കാളികളാകാം.
അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ഫുജൈറ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, അൽ ഐൻ ഷെയ്ഖ് ഖലീഫ ഗ്രാൻഡ് മോസ്ക്, റാസൽഖൈമ ഷെയ്ഖ് ഖലീഫ ഗ്രാൻഡ് മോസ്ക് എന്നീ നാല് പള്ളികളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും അമച്വർമാർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ വിജയിക്കുന്ന ഒന്നാം സ്ഥാനക്കാർക്ക് 5,000 ദിർഹവും, രണ്ടാം സ്ഥാനക്കാർക്ക് 3,000 ദിർഹവും, മൂന്നാം സ്ഥാനക്കാർക്ക് 1,000 ദിർഹവും ക്യാഷ് പ്രൈസായി ലഭിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ തങ്ങൾ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലെ ‘സ്പേസസ് ഓഫ് ലൈറ്റ് അവാർഡ്’ ഔദ്യോഗിക അക്കൗണ്ടായ @spacesoflight ടാഗ് ചെയ്തോ, #Dhay_Family, #Spaces_of_Light എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ചോ പങ്കുവെക്കേണ്ടതാണ്. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 12 ആണ്.
ദുബായ് : ആഗോളതലത്തിൽ ഏറ്റവും മികച്ച സംഘടനാ പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര മത്സരമായ ‘ഇന്റർനാഷണൽ ബെസ്റ്റ് പ്രാക്ടീസ് കോമ്പറ്റീഷനിൽ’ (IBPC) വൻ നേട്ടം സ്വന്തമാക്കി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA). ദേവ സമർപ്പിച്ച 11 വ്യത്യസ്ത പ്രവർത്തനങ്ങൾ അഞ്ച് മുതൽ ഏഴ് വരെ സ്റ്റാർ റേറ്റിംഗുകളോടെ ആഗോളതലത്തിലെ ഏറ്റവും മികച്ച സമ്പ്രദായങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ആഗോള നേട്ടത്തിന് വഴിയൊരുക്കിയ ദേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായറെ, ഐബിപിസി ചെയർമാൻ ഡോ. റോബിൻ മാൻ ആദരിച്ചു.
നൂതനത്വം, സുസ്ഥിരത, മികച്ച സേവനം എന്നിവ മുൻനിർത്തി ദേവ വികസിപ്പിച്ചെടുത്ത 5 പദ്ധതികൾക്ക് പരമാവധി റേറ്റിംഗായ 7-സ്റ്റാർ ലഭിച്ചു. ഗ്യാസ് ടർബൈൻ ഇന്റലിജന്റ് കൺട്രോളർ, സോളാർ പാനലുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്ന ‘ഹബ്-രീഹ്’ വെബ് സർവീസ്, ഒരു മണിക്കൂറിനുള്ളിൽ ജലചോർച്ചയും തകരാറുകളും കണ്ടെത്തുന്ന എഐ അധിഷ്ഠിത ‘ഹൈഡ്രോ ഇൻസൈറ്റ്’ സിസ്റ്റം, സ്വകാര്യ മേഖലയുമായുള്ള സഹകരണ മാതൃക (IWPP), ഗ്യാസ് ടർബൈൻ അറ്റകുറ്റപ്പണി സമയം റെക്കോർഡ് വേഗത്തിൽ കുറച്ച സംവിധാനം എന്നിവയ്ക്കാണ് 7-സ്റ്റാർ റേറ്റിംഗ് ലഭിച്ചത്. കൂടാതെ 3 പദ്ധതികൾക്ക് 6-സ്റ്റാർ റേറ്റിംഗും മറ്റ് 3 എണ്ണത്തിന് 5-സ്റ്റാർ റേറ്റിംഗും ലഭിച്ചു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിന് അടിവരയിടുന്നതാണ് ഈ നേട്ടമെന്ന് സയീദ് അൽ തായർ പറഞ്ഞു.
ദുബായ് : മാധ്യമരംഗത്തെ മികവിനുള്ള ഏഷ്യാ-പസഫിക് ബ്രോഡ്കാസ്റ്റിംഗ് പ്ലസ് അവാർഡ്സ് 2026-ൽ (Asia-Pacific Broadcasting+ Awards 2026) രണ്ട് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി ദുബായ് മീഡിയ. ‘മൾട്ടി-പ്ലാറ്റ്ഫോം കാമ്പെയ്ൻ – യുഎഇ’, ‘ഡിജിറ്റൽ കണ്ടെന്റ് പ്ലാറ്റ്ഫോം – യുഎഇ’ എന്നീ വിഭാഗങ്ങളിലാണ് ദുബായ് മീഡിയക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ഇന്നത്തെ കാലത്തിനനുസരിച്ചുള്ള നൂതന ഡിജിറ്റൽ ഉള്ളടക്കങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും പ്രേക്ഷകരിലേക്ക് വിജയകരമായി എത്തിച്ചേർന്നതിനാണ് ഈ പുരസ്കാരം.
പ്രശസ്തമായ ‘ഹു വാണ്ട്സ് ടു ബി എ മില്യണയർ’ (Who Wants to Be a Millionaire) എന്ന പരിപാടിയുടെ ഭാഗമായി ദുബായ് ടിവി നടത്തിയ ഡിജിറ്റൽ കാമ്പെയ്നാണ് ‘മൾട്ടി-പ്ലാറ്റ്ഫോം കാമ്പെയ്ൻ’ അവാർഡിന് അർഹമായത്. വെറും നാല് പേരടങ്ങുന്ന ടീം നയിച്ച ഈ സോഷ്യൽ മീഡിയ കാമ്പെയ്ൻ 1.7 കോടിയിലധികം (17 million) ആളുകളിലേക്ക് എത്തുകയും വലിയ തോതിൽ പ്രേക്ഷക പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, ഡിജിറ്റൽ പ്രേക്ഷകരെ ലക്ഷ്യമിട്ട് നിർമ്മിച്ച ‘ദഖീഖ അബ്രൽ സമാൻ’ (A Minute Across Time) എന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള ചരിത്ര ഡോക്യുമെന്ററി പരമ്പരയാണ് മികച്ച ഡിജിറ്റൽ കണ്ടെന്റ് പ്ലാറ്റ്ഫോം പുരസ്കാരം നേടിയത്. ഈ നേട്ടം ആഗോള മാധ്യമരംഗത്ത് ദുബായുടെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്ന് ദുബായ് മീഡിയ.
ദുബായ് : യുഎഇയിലെ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണം (ഖുതുബ) ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെയുള്ള ബോധവൽക്കരണ സന്ദേശമായിരിക്കുമെന്ന് ഔഖാഫ് അധികൃതർ അറിയിച്ചു. ജൂൺ 26-ന് നടക്കുന്ന ജുമുഅ നമസ്കാരത്തോടനുബന്ധിച്ചുള്ള പ്രഭാഷണം ‘ലഹരി എന്ന വിപത്ത്’ (The Scourge of Drugs) എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഖുതുബയിലൂടെ ഓർമ്മിപ്പിക്കും.
യുഎഇ ദേശീയതലത്തിൽ ആരംഭിച്ച ‘ലഹരിയെ തുടച്ചുനീക്കാൻ ഒന്നിച്ച്’ (United as One to Eradicate the Threat) എന്ന ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയത്തിന്റെ ഈ നടപടി. തങ്ങളുടെ കീഴിലുള്ളവരെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന ഇസ്ലാമിക തത്വം പ്രഭാഷണത്തിൽ ഊന്നിപ്പറയും. ലഹരിക്ക് അടിമപ്പെട്ടവർക്ക് പൂർണ്ണ രഹസ്യസ്വഭാവത്തോടെ ചികിത്സയും പുനരധിവാസവും നൽകാൻ രാജ്യം സന്നദ്ധമാണെന്നും കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാകാൻ ചികിത്സ തേടുകയാണ് വഴിയെന്നും വിശ്വാസികളെ ബോധവൽക്കരിക്കും.
ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ (DXB) പ്രശസ്തമായ എയർ ട്രാഫിക് കൺട്രോൾ (ATC) ടവർ ഇനി യുഎഇയുടെ ദേശീയ അഭിമാനത്തിന്റെ പ്രതീകമാകും. ടവറിന് മുകളിൽ യുഎഇ ദേശീയ പതാകയുടെ വലിയ ചിത്രം ആലേഖനം ചെയ്തുകൊണ്ടുള്ള ആകർഷകമായ പുതിയ ഡിസൈൻ ദുബായ് എയർപോർട്ട്സ് അധികൃതർ പുറത്തുവിട്ടു. വിമാനത്താവളം വഴി കടന്നുപോകുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഇനി ഈ പുതിയ കാഴ്ച ദൃശ്യമാകും.
മാറ്റത്തിന്റെ ഭാഗമായി ദുബായ് പൊലീസിന്റെ പരേഡ് ഉൾപ്പെടെയുള്ള പ്രത്യേക ചടങ്ങുകൾ റൺവേയ്ക്ക് സമീപം സംഘടിപ്പിച്ചിരുന്നു. ദുബായുടെ വ്യോമയാന മേഖല രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന തൂണാണെന്നും 24 മണിക്കൂറും വിമാനത്താവളം സുരക്ഷിതമായി നിലനിർത്തുന്ന ജീവനക്കാരുടെ അർപ്പണബോധത്തിനുള്ള ആദരവാണ് ഈ പുതിയ മാറ്റമെന്നും ദുബായ് എയർപോർട്ട്സ് സിഒഒ മാജിദ് അൽ ജോക്കർ പറഞ്ഞു. 1960-ൽ ഒരൊറ്റ റൺവേയുമായി ആരംഭിച്ച് ഇന്ന് ലോകത്തെ മുൻനിര വ്യോമയാന ഹബ്ബായി മാറിയ ദുബായിലെ 89 മീറ്റർ ഉയരമുള്ള ഈ ടവർ 2000-ൽ വിപുലീകരിച്ചതുമുതൽ വിമാനത്താവളത്തിന്റെ പ്രധാന നിയന്ത്രണ കേന്ദ്രമായി പ്രവർത്തിച്ചുവരികയാണ്.
ദുബായ് : യുഎഇയിലെ 43 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് സുപ്രധാന നിർദ്ദേശവുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും. പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (Attestation) തുടങ്ങിയ കോൺസുലാർ സേവനങ്ങൾക്കുള്ള പുതിയ ഔട്ട്സോഴ്സിങ് കരാർ മലയാളി ഉടമസ്ഥതയിലുള്ള ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ സ്വന്തമാക്കി. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ (BLS), ഐവിഎസ് ഗ്ലോബൽ (IVS) എന്നിവയ്ക്ക് പകരമായി ജൂലൈ 1 മുതൽ അൽഹിന്ദ് സേവനങ്ങൾ ആരംഭിക്കും.
കരാർ മാറുന്നതിന്റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ സാധാരണ അപ്പോയിന്റ്മെന്റുകൾ ലഭ്യമാകില്ല. എന്നാൽ ഈ അഞ്ച് ദിവസങ്ങളിൽ അടിയന്തിര ആവശ്യങ്ങളുള്ളവർക്ക് എംബസിയുടെയോ കോൺസുലേറ്റിന്റെയോ ‘800 46342’ എന്ന ടോൾ ഫ്രീ നമ്പറിലോ, ‘+971 54 309 0571’ എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ജൂലൈ 1 മുതൽ പുതിയ ഓൺലൈൻ പോർട്ടൽ വഴി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. ഒരു അപേക്ഷയ്ക്ക് 19 ദിർഹം മാത്രമാണ് അൽഹിന്ദ് ഈടാക്കുന്ന സേവന നിരക്ക്. എല്ലാ എമിറേറ്റുകളിലുമായി ആകെ 16 പുതിയ കേന്ദ്രങ്ങളാണ് അൽഹിന്ദ് ഇതിനായി തുറക്കുന്നത്.