ദുബായ് : ലോകത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായ യുഎഇയിൽ കടുത്ത ചൂടിനെയും അന്തരീക്ഷ മലിനീകരണത്തെയും കുറിച്ച് ജനങ്ങൾക്ക് ആശങ്ക കുറവാണെന്ന് വേൾഡ് റിസ്ക് പോൾ 2026 റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സർവേയിൽ പങ്കെടുത്ത 10-ൽ 7 പേരും തങ്ങൾ ശ്വസിക്കുന്ന വായു ആരോഗ്യത്തെ ബാധിക്കുമെന്നതിൽ യാതൊരു ആശങ്കയുമില്ലെന്ന് വ്യക്തമാക്കി. കടുത്ത ചൂടും വരൾച്ചയും മൂലം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നവർ വെറും 20 ശതമാനം മാത്രമാണ്. അത്യാധുനിക എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും കടൽവെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയുമടങ്ങിയ മികച്ച ഇൻഫ്രാസ്ട്രക്ചർ ഉള്ളതിനാൽ കടുത്ത ചൂടുമായി ജനങ്ങൾ വേഗത്തിൽ പൊരുത്തപ്പെട്ടതാണ് ഇതിന് പ്രധാന കാരണം.
യുഎഇക്ക് പുറമെ സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളും ആഗോള ശരാശരിയെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാന ഭീഷണികളിൽ കുറഞ്ഞ ആശങ്ക മാത്രമാണ് രേഖപ്പെടുത്തിയത്. വരും ദശകങ്ങളിൽ കാലാവസ്ഥാ വ്യതിയാനം തങ്ങളുടെ രാജ്യത്തിന് വലിയ ഭീഷണിയാകില്ലെന്നാണ് വലിയൊരു വിഭാഗം ആളുകളുടെ വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 99 ശതമാനവും സുരക്ഷിതമല്ലാത്ത വായുവാണ് ശ്വസിക്കുന്നതെങ്കിലും, റോഡപകടങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയ തൽക്ഷണ ഭീഷണികളെ അപേക്ഷിച്ച് വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ സാവധാനത്തിൽ മാത്രം പ്രകടമാകുന്നതിനാലാണ് പലരും ഇതിനെ ഗൗരവമായി കാണാത്തതെന്നും പഠനം വ്യക്തമാക്കുന്നു.