3
ഷാർജ : ഷാർജയിലെ ഇത്തിഹാദ് റെയിലിന്റെ അൽ ദെയ്ദ് സ്റ്റേഷനിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി പുതിയ മൂന്ന് ബസ് സർവീസുകളുടെ റൂട്ടുകളും സമയക്രമവും പ്രഖ്യാപിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA). ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ നെറ്റ്വർക്ക് സർവീസുകൾ ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ കണക്റ്റിവിറ്റി ബസ് സർവീസുകൾ നിലവിൽ വന്നിരിക്കുന്നത്.
ഇആർ1 (ER1), ഇആർ2 (ER2), ഇആർ3 (ER3) എന്നിങ്ങനെ മൂന്ന് പുതിയ സർവീസുകളാണ് ഷാർജ ആർടിഎ ആരംഭിച്ചിരിക്കുന്നത്. അൽ ദെയ്ദ് സ്റ്റേഷനെ അൽ മദാം, അൽ സജാഅ്, അൽ ജുബൈൽ ബസ് സ്റ്റേഷനുകളുമായി ഈ സർവീസുകൾ ബന്ധിപ്പിക്കും. യാത്രക്കാർക്ക് റെയിൽവേ നെറ്റ്വർക്കിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പൊതുഗതാഗത സൗകര്യം സഹായകരമാകും.