41
ദുബായ് : ആഗോളതലത്തിൽ ഭാവി സാങ്കേതികവിദ്യകളും വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്ന ‘ദുബായ് ഫ്യൂച്ചർ വീക്ക് 2026’ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (DFF) ട്രസ്റ്റി ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. 2026 നവംബർ 18 മുതൽ 21 വരെ എമിറേറ്റ്സ് ടവേഴ്സ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവിടങ്ങളിലാണ് നാല് ദിവസം നീളുന്ന ഈ പ്രമുഖ ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നത്.
മാനവരാശിയുടെ ഭാവിയെയും സാങ്കേതിക മുന്നേറ്റങ്ങളെയും മുൻനിർത്തി ലോകത്തെ പ്രമുഖ ചിന്തകരും ശാസ്ത്രജ്ഞരും നവസംരംഭകരും നിക്ഷേപകരും ഭരണാധികാരികളും ഉച്ചകോടിയിൽ ഒത്തുചേരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണപരമായ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് ഉച്ചകോടി ഒരുക്കുന്നതെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിനാണ് ഫ്യൂച്ചർ വീക്ക് മുൻഗണന നൽകുന്നത്.