അബുദാബി : സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ജീവനക്കാർ സ്വന്തം നിലയ്ക്ക് വ്യക്തിഗത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആപ്പുകൾ തൊഴിലാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ‘ഷാഡോ എഐ’ (Shadow AI) പ്രവണത യുഎഇയിലെ കോർപ്പറേറ്റ് മേഖലയ്ക്ക് വൻ സുരക്ഷാ-നിയമ ഭീഷണിയാകുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജോലി വേഗത്തിലാക്കാനും ഉൽപ്പാദനക്ഷമത കൂട്ടാനും ജീവനക്കാർ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങളും ഡാറ്റകളും ചോരാൻ ഇത് വഴിവെക്കുന്നു.
മൈക്രോസോഫ്റ്റും ലിങ്ക്ഡ്ഇനും നടത്തിയ പഠനമനുസരിച്ച് 78% എഐ ഉപയോക്താക്കളും സ്വന്തം എഐ ടൂളുകളാണ് ജോലിസ്ഥലത്ത് ഉപയോഗിക്കുന്നത്. കരാറുകൾ തയാറാക്കാനും റിപ്പോർട്ടുകൾ ചുരുക്കാനും ഡാറ്റ വിശകലനം ചെയ്യാനും ജീവനക്കാർ അങ്കീകാരമില്ലാത്ത പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് ഡാറ്റ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്. സ്ഥാപനത്തിന്റെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിട്ടാൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാനും 6 മാസം വരെ തടവും 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാനും യുഎഇ നിയമപ്രകാരം സാധ്യതയുണ്ട്.
Raneesha Razak
ദുബായ് : ഹോങ്കോങ്ങിനെതിരെ മിന്നുന്ന വിജയം നേടി യുഎഇ ക്രിക്കറ്റ് ടീം തുടർച്ചയായ മൂന്നാം തവണയും എസിസി മെൻസ് പ്രീമിയർ കപ്പ് (ACC Men’s Premier Cup) ഫൈനലിൽ കടന്നു. മലേഷ്യയിൽ നടന്ന സെമി ഫൈനലിൽ ഹോങ്കോങ്ങിനെ വെറും 70 റൺസിന് പുറത്താക്കിയാണ് യുഎഇ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 14 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ ഹൈദർ അലിയുടെ പ്രകടനമാണ് യുഎഇക്ക് എളുപ്പവഴി തുറന്നത്.
ഹോങ്കോങ് ഉയർത്തിയ 70 റൺസ് ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 12 ഓവറിനുള്ളിൽ (11.1 ഓവറിൽ) യുഎഇ മറികടന്നു. യുഎഇയ്ക്കായി വിക്കറ്റ് കീപ്പർ അദീബ് ഉസ്മാനിയും ബോളിംഗിൽ തിളങ്ങി രണ്ട് വിക്കറ്റുകൾ നേടി. സെപ്റ്റംബർ 12 ശനിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (ACC) യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് മത്സരം തത്സമയം കാണാം.
ദുബായ് : യുഎഇയുടെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ദുബായ് ഓപ്പറ (Dubai Opera) പത്താം വാർഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 2026-27 സീസണിലെ മികച്ച 20 ഷോകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ഈ വർഷം സെപ്റ്റംബർ മുതൽ അടുത്ത വർഷം ജനുവരി വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ ഓപ്പറ, ബാലെ, ക്ലാസിക്കൽ സംഗീതം, കോമഡി, നാടകം, അന്താരാഷ്ട്ര സംഗീത കച്ചേരികൾ എന്നിവ അരങ്ങേറും.
സെപ്റ്റംബർ 12-ന് പ്രശസ്ത സോപ്രാനോ ഗായിക ഫാത്മ സയീദ്, യുഎഇ നാഷണൽ ഓർക്കസ്ട്ര എന്നിവർ അണിനിരക്കുന്ന പ്രത്യേക ഗാലാ ഈവന്റോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ലോകപ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ട്രെവർ നോവയുടെ ലൈവ് ഷോ (നവംബർ 25-29), ഐസ് സ്കേറ്റിംഗും ബാലെയും കോർത്തിണക്കിയ ‘സ്വാൻ ലേക്ക് ഓൺ ഐസ്’ (ജനുവരി 14-17), റഷ്യൻ ബോൾഷോയ് തിയേറ്ററിന്റെ (Bolshoi Theatre) പ്രത്യേക അവതരണം (ഡിസംബർ 2-6) എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ ഗോഡ് സേവ് ദി ക്വീൻ, ആമി വൈൻഹൗസ് ബാൻഡ്, ജിപ്സി കിംഗ്സ്, ദുബായ് കോമഡി ഫെസ്റ്റിവൽ എന്നിവയും കലാപ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.
ദുബായ് : ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഭൂഗർഭ ഗതാഗത കമ്പനിയായ ‘ദി ബോറിങ് കമ്പനി’ (The Boring Company) യുഎഇയിൽ 150 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ടണൽ ശൃംഖല നിർമ്മിക്കുന്നു. പദ്ധതിക്കായി യുഎഇ അധിഷ്ഠിത കമ്പനികളുടെ നേതൃത്വത്തിൽ സീരീസ് ഡി ഫണ്ടിംഗ് വഴി 3 ബില്യൺ ഡോളർ (300 കോടി ഡോളർ) കമ്പനി സമാഹരിച്ചു. പുതിയ നിക്ഷേപത്തോടെ ദി ബോറിങ് കമ്പനിയുടെ വിപണി മൂല്യം 23 ബില്യൺ ഡോളറായി (2300 കോടി ഡോളർ) ഉയർന്നു.
ദുബായിൽ നടപ്പിലാക്കാൻ തീരുമാനിച്ച ‘ദുബായ് ലൂപ്പ്’ പദ്ധതിക്ക് പുറമെയാണ് യുഎഇയിലുടനീളം വ്യാപിപ്പിക്കുന്ന ഈ വൻകിട ടണൽ പദ്ധതി. ഷമാൽ ഹോൾഡിംഗ്, ഫൈ കാപ്പിറ്റൽ, സെക്വോയ കാപ്പിറ്റൽ, ഹ്യൂമൻ കാപ്പിറ്റൽ, വാലർ ഇക്വിറ്റി പാർട്ണേഴ്സ്, ആൻഡ്രീസെൻ ഹൊറോവിറ്റ്സ്, ടെമാസെക്, ബാരൺ കാപ്പിറ്റൽ എന്നീ പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനങ്ങളാണ് ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായത്. യുഎസ്സിലെ ലാസ് വേഗാസിൽ നിലവിൽ വിജയകരമായി പ്രവർത്തിക്കുന്ന ബോറിങ് ലൂപ്പ് സിസ്റ്റം അധിഷ്ഠിതമാക്കിയാണ് യുഎഇയിലും ഹൈസ്പീഡ് ഭൂഗർഭ ഗതാഗത ശൃംഖല ഒരുങ്ങുന്നത്.
ദുബായ് : മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക-വിനോദ കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജ് (Global Village) വരുന്ന 31-ാം സീസണിലേക്കുള്ള ഭക്ഷണ ശാലകളുടെയും (F&B) കിയോസ്കുകളുടെയും രജിസ്ട്രേഷൻ തീയതി നീട്ടി. സംരംഭകർക്ക് പങ്കാളികളാകാനുള്ള അവസാന അവസരമെന്ന നിലയിൽ സെപ്റ്റംബർ 16 വരെ അപേക്ഷ സമർപ്പിക്കാം. ‘റെസ്റ്റോറന്റ് ആൻഡ് കോഫി ഷോപ്പ്’, ‘കിയോസ്ക് ആൻഡ് ഫുഡ് ട്രോളി’ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
സ്വതന്ത്ര ഭക്ഷ്യ ബ്രാൻഡുകൾക്കും പുതിയ സംരംഭകർക്കും ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച പ്ലാറ്റ്ഫോമാണ് ഗ്ലോബൽ വില്ലേജ് ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് വിസ നടപടികൾ, കസ്റ്റംസ് ക്ലിയറൻസ്, സ്റ്റോറേജ് സൗകര്യം, ഡിജിറ്റൽ പേയ്മെന്റ് ടെർമിനലുകൾ ഉൾപ്പെടെയുള്ള എല്ലാവിധ പിന്തുണയും ഗ്ലോബൽ വില്ലേജ് അധികൃതർ നൽകും. താൽപ്പര്യമുള്ള ബിസിനസുകൾക്ക് ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക പോർട്ടൽ (business.globalvillage.ae) വഴി സെപ്റ്റംബർ 16-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ദുബായ് : സംയുക്ത ഉടമസ്ഥതയിലുള്ള വില്ലയുടെ മുഴുവൻ തുകയും ചെലവഴിച്ച മുൻ ഭാര്യയ്ക്ക് പകുതി തുകയായ 8,96,841 ദിർഹം തിരികെ നൽകാൻ മുൻ ഭർത്താവിനോട് ഉത്തരവിട്ട് ദുബായ് സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. വില്ലയുടെ ഡൗൺ പേയ്മെന്റ്, മോർഗേജ്, പലിശ, രജിസ്ട്രേഷൻ ഫീസ് എന്നിവ പൂർണ്ണമായും ഭാര്യയാണ് അടച്ചതെന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്നാണ് ഈ വിധി. മുൻ ഭർത്താവ് പണം നൽകിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് തുക തിരികെ നൽകാൻ ഉത്തരവായത്.
എന്നാൽ, മുൻ ഭർത്താവിന് വായ്പയായി നൽകിയതാണെന്ന് കാണിച്ച് 6.79 ലക്ഷം ദിർഹം കൂടി തിരികെ വേണമെന്ന ഭാര്യയുടെ ആവശ്യം കോടതി തള്ളി. ബാങ്ക് ട്രാൻസ്ഫർ രേഖകൾ മാത്രം കടമായി നൽകിയ തുകയാണെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ ഹർജി നിരസിച്ചത്. കൂടാതെ, വില്ലയിൽ നിന്നുള്ള വാടക വിഹിതവും നൽകിയ തുകയും തിരികെ വേണമെന്ന മുൻ ഭർത്താവിന്റെ എതിർ ഹർജിയും തെളിവുകളില്ലാത്തതിനാൽ കോടതി തള്ളി. കേസ് നൽകിയ തീയതി മുതൽ 5 ശതമാനം നിയമപരമായ പലിശയും കോടതിച്ചെലവുകളും മുൻ ഭർത്താവ് നൽകണം.
അബുദാബി : കരാർ വ്യവസ്ഥകൾ ലംഘിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നതിൽ പരാജയപ്പെട്ട വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിക്കും മാനേജർക്കും എതിരെ അബുദാബി കോടതിയുടെ നിർണ്ണായക വിധി. മുൻകൂറായി വാങ്ങിയ 12,640 ദിർഹം തിരികെ നൽകാനും, ഉപഭോക്താവിന് സംഭവിച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം കൂടി നൽകാനുമാണ് അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കൊമേഴ്സ്യൽ കോടതി ഉത്തരവിട്ടത്.
ആകെ 61,000 ദിർഹത്തിന്റെ കരാറിലാണ് യുവാവ് കമ്പനിയുമായി ഒപ്പുവെച്ചിരുന്നത്. ഇതിന്റെ അഡ്വാൻസ് തുകയായി 12,640 ദിർഹം മാനേജരുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. എന്നാൽ നിശ്ചയിച്ച തീയതിയിൽ ചടങ്ങ് നടത്തുന്നതിൽ കമ്പനി പൂർണ്ണമായും വീഴ്ച വരുത്തി. തുടർന്ന് അവസാന നിമിഷം മറ്റൊരു കമ്പനിയെ സമീപിച്ച് വൻ തുക ചെലവഴിച്ചാണ് യുവാവ് വിവാഹം നടത്തിയത്. നോട്ടീസ് അയച്ചിട്ടും കമ്പനി പ്രതിനിധികളാരും കോടതിയിൽ ഹാജരായിരുന്നില്ല. കരാർ ലംഘനം വ്യക്തമായതോടെ മുൻകൂർ തുകയും നഷ്ടപരിഹാരവും കേസിന്റെ കോടതിച്ചെലവുകളും നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
രണ്ടു മാസത്തെ ഇടിവിന് ശേഷം യുഎഇയിൽ നിന്നുള്ള പാകിസ്ഥാൻ പ്രവാസി പണമിടപാടിൽ വർദ്ധനവ്
ഇസ്ലാമാബാദ് : രണ്ടു മാസത്തെ തുടർച്ചയായ ഇടിവിന് ശേഷം യുഎഇയിൽ നിന്നുള്ള പാകിസ്ഥാൻ പ്രവാസികളുടെ പണമിടപാടിൽ (Remittances) ഓഗസ്റ്റിൽ നേരിയ വർദ്ധനവ്. സൗദി അറേബ്യയിൽ നിന്നുള്ള പണമിടപാടുകളിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും, യുഎഇയിൽ നിന്നുള്ള തുക ഉയർന്നതാണ് ആകെ തുകയിൽ വർദ്ധനവുണ്ടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (SBP) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ ആകെ 3.656 ബില്യൺ ഡോളറാണ് പ്രവാസികൾ പാകിസ്ഥാനിലേക്ക് അയച്ചത്. ജൂലൈയിലെ 3.630 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 0.71 ശതമാനം വർദ്ധനവാണിത്.
പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ റെമിറ്റൻസ് സ്രോതസ്സായ യുഎഇയിൽ നിന്ന് ഓഗസ്റ്റിൽ 749.84 ദശലക്ഷം ഡോളർ ലഭിച്ചു (ജൂലൈയിൽ 737.31 ദശലക്ഷം). യുഎഇയിൽ നിന്ന് പ്രത്യേകിച്ച് ദുബായിൽ നിന്നുള്ള പണമിടപാടിലാണ് വലിയ കുതിച്ചുചാട്ടമുണ്ടായത് (10.27% വർദ്ധനവ്). എന്നാൽ അബുദാബി (-32.69%), ഷാർജ (-7.28%) എന്നിവിടങ്ങളിൽ നിന്നുള്ള തുകയിൽ ഇടിവ് രേഖപ്പെടുത്തി. പാകിസ്ഥാന്റെ ഏറ്റവും വലിയ പണമിടപാടു കേന്ദ്രമായ സൗദി അറേബ്യയിൽ നിന്നുള്ള അയക്കൽ 4.43 ശതമാനം ഇടിഞ്ഞ് 873.45 ദശലക്ഷം ഡോളറായി കുറഞ്ഞു.
അബുദാബി : ചൈനയിലെ പ്രമുഖ കോഫി റീട്ടെയിൽ ബ്രാൻഡായ ലക്കിൻ കോഫിയിൽ (Luckin Coffee) അബുദാബി പരമാധികാര നിക്ഷേപ ഫണ്ടായ മുബദാല (Mubadala Investment Company) 1 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചു. ലക്കിന്റെ പ്രൈവറ്റ് ഇക്വിറ്റി പങ്കാളിയായ സെഞ്ചൂറിയം ക്യാപിറ്റലുമായി (Centurium Capital) ചേർന്ന് ന്യൂനപക്ഷ ഓഹരികളാണ് മുബദാല സ്വന്തമാക്കിയത്. ചൈനയിൽ പാനീയ വിപണിയും കോഫി ഉപഭോഗവും അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഈ വൻ നിക്ഷേപം.
2017-ൽ പ്രവർത്തനം ആരംഭിച്ച ലക്കിൻ കോഫി ഡിജിറ്റൽ സാങ്കേതികവിദ്യയും വേഗമേറിയ ഡെലിവറി നെറ്റ്വർക്കും ഉപയോഗിച്ചാണ് വിപണി കീഴടക്കിയത്. 2026 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 36,000-ത്തിലധികം ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിക്ക് 500 ദശലക്ഷത്തോളം ഉപഭോക്താക്കളുണ്ട്. ചൈനീസ് ഉപഭോക്തൃ മേഖലയിലെ ദീർഘകാല സാധ്യതകൾ മുന്നിൽക്കണ്ടാണ് നിക്ഷേപമെന്ന് മുബദാല ഏഷ്യ പസഫിക് വിഭാഗം മേധാവി മുഹമ്മദ് അൽ ബദർ വ്യക്തമാക്കി.
അബുദാബി : വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ പാസ്സാകാൻ പാകത്തിൽ പരീക്ഷകളും മൂല്യനിർണ്ണയങ്ങളും ക്രമീകരിക്കുന്ന സർവ്വകലാശാലകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് യുഎഇ അക്കാദമിക് അക്രഡിറ്റേഷൻ കമ്മീഷൻ (CAA). അക്കാദമിക് നിലവാരവും അക്കാദമിക് തത്വങ്ങളും ഉറപ്പാക്കുന്നതിനായി തയാറാക്കിയ പുതിയ നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലംഘനങ്ങളും പിഴകളും സംബന്ധിച്ച 2026-ലെ 143-ാം നമ്പർ ക്യാബിനറ്റ് പ്രമേയത്തിന്റെ വിശദാംശങ്ങൾ അബുദാബിയിൽ നടന്ന യോഗത്തിൽ അക്കാദമിക് അക്രഡിറ്റേഷൻ ഡയറക്ടർ പ്രൊഫ. അംജദ് ഖൻദിൽ വ്യക്തമാക്കി.
സെപ്റ്റംബർ 12 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, പരീക്ഷകളുടെ വിശ്വാസ്യത തകർക്കുകയോ അക്കാദമിക് തത്വങ്ങൾ ലംഘിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 500,000 ദിർഹം വരെ പിഴയും പുതിയ വിദ്യാർത്ഥികളുടെ അഡ്മിഷൻ തടയൽ ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് നടപടികളും നേരിടേണ്ടി വരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കാലഘട്ടത്തിൽ എഐ നിരോധിക്കുന്നതിന് പകരം, പരീക്ഷാ രീതികൾ കൂടുതൽ പ്രായോഗികവും അക്കാദമിക് മൂല്യമുള്ളതുമായി മാറ്റാൻ പ്രൊഫ. ഖൻദിൽ സർവ്വകലാശാലകളോട് ആഹ്വാനം ചെയ്തു.