ദുബായ് : യുഎഇയിലെ ടെലികോം സേവനങ്ങളുടെ ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിനായുള്ള ടിഡിആർഎയുടെ (TDRA) ‘ഇർത്തിഖാ’ (Erteqa) പദ്ധതിയിൽ യുഎഇ ടെലികോം മേഖലയ്ക്ക് 90 ശതമാനം സ്കോർ. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനവും സ്മാർട്ട് സേവനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മൂല്യനിർണ്ണയ ഫലം പുറത്തുവിട്ടത്.
രഹസ്യ ഉപഭോക്താക്കളെ (Mystery shoppers) ഉപയോഗിച്ചുള്ള പരിശോധനയിലൂടെയും ഉപഭോക്തൃ സർവേകളിലൂടെയുമാണ് സേവനങ്ങളുടെ വേഗതയും കാര്യക്ഷമതയും വിലയിരുത്തിയത്. അതോറിറ്റിയും ടെലികോം കമ്പനികളും തമ്മിലുള്ള ശക്തമായ സഹകരണമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. ആഗോളതലത്തിൽ മികച്ച ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Raneesha Nizar
ദുബായ് : യുഎഇയുടെ ആരോഗ്യരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ദുബായിൽ ആദ്യമായി റോബോട്ടിക് മിട്രൽ വാൽവ് റിപ്പയർ (Robotic Mitral Valve Repair) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അമേരിക്കൻ ഹോസ്പിറ്റൽ ദുബായിലാണ് അത്യാധുനികമായ ഈ റോബോട്ടിക് ഹൃദയ ശസ്ത്രക്രിയ നടന്നത്. യുഎഇയിൽ ഈ അത്യാധുനിക സർജറി സൗകര്യമുള്ള ഏക ആശുപത്രിയും ഇതാണ്.
നെഞ്ച് പൂർണ്ണമായി തുറന്ന് നടത്തുന്ന പരമ്പരാഗത ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് പകരമായി, ചെറിയ ദ്വാരങ്ങളിലൂടെ ‘ഡാ വിഞ്ചി’ റോബോട്ടിക് സംവിധാനം ഉപയോഗിച്ചാണ് ഈ സർജറി നടത്തിയത്. ഹൃദയത്തിലെ വാൽവിന് ഗുരുതരമായ ചോർച്ച നേരിട്ട 60 വയസ്സുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കുറഞ്ഞ വേദന, കുറഞ്ഞ രക്തനഷ്ടം എന്നിവ ഉറപ്പാക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാം ദിവസം തന്നെ രോഗി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
ദുബായ് : ഈ ജൂലൈ മാസം മുതൽ യുഎഇയിൽ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളും പരിഷ്കാരങ്ങളും പ്രാബല്യത്തിൽ വരികയാണ്.
യുഎഇയിലെ സ്കൂളുകളിൽ ജൂലൈ ആദ്യവാരത്തോടെ വേനലവധി ആരംഭിക്കും; ഇനി ആഗസ്റ്റ് 31-നായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക. ഷാർജയിലെ പെയ്ഡ് പാർക്കിങ് സമയം നീട്ടി, ഇനി മുതൽ അർദ്ധരാത്രി 12 മണി വരെ ഫീസ് ബാധകമായിരിക്കും. യാത്രാരംഗത്ത് വിപ്ലവം കുറിച്ചുകൊണ്ട് അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ഇതിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ പ്രാഥമിക ഘട്ടം ആരംഭിച്ചു കഴിഞ്ഞു.
ആഘോഷങ്ങളുടെയും വൻ വിലക്കുറവിന്റെയും ‘ദുബായ് സമ്മർ സർപ്രൈസസ്’ ജൂലൈ 2 മുതൽ ആഗസ്റ്റ് 30 വരെ നടക്കും. ബിസിനസ്സ് മേഖലയിലെ നികുതി സംവിധാനം ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി ഇ-ഇൻവോയ്സിങ് പൈലറ്റ് ഘട്ടം ജൂലൈ 1 മുതൽ ആരംഭിച്ചു. ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്പോർട്ട്, വിസ സേവനങ്ങൾക്കായുള്ള പുതിയ ഏജൻസിയായി ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ രാജ്യത്തുടനീളം 16 കേന്ദ്രങ്ങളോടെ പ്രവർത്തനം തുടങ്ങി.
ദുബായ് : വ്യോമഗതാഗത തടസ്സങ്ങൾ കാരണം യുഎഇയിൽ കുടുങ്ങിപ്പോകുകയും ഓവർസ്റ്റേ പിഴയിൽ നിന്ന് താൽക്കാലിക ഇളവ് ലഭിക്കുകയും ചെയ്ത സന്ദർശക വിസക്കാർക്ക് തങ്ങളുടെ വിസ കാലാവധി നിയമവിധേയമാക്കാനോ രാജ്യം വിടാനോ ഉള്ള അവസാന തീയതി ജൂലൈ 9 ആണെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അനുവദിച്ച 30 ദിവസത്തെ ഇളവ് കാലാവധിയാണ് അവസാനിക്കുന്നത്.
മേഖലയിലെ വിമാന സർവീസുകൾ സാധാരണ നിലയിലായ സാഹചര്യത്തിലാണ് ഈ നിർദ്ദേശം. വിസ കാലാവധി കഴിഞ്ഞവർക്ക് ഈ സമയത്തിനുള്ളിൽ വിസ പുതുക്കുകയോ, ജോലി ലഭിച്ചവർ അതിന്റെ നടപടികൾ പൂർത്തിയാക്കുകയോ, അല്ലെങ്കിൽ പിഴ ഒഴിവാക്കാൻ ജൂലൈ 9-ന് മുൻപായി രാജ്യം വിടുകയോ ചെയ്യാം. എന്നാൽ, ഈ സമയപരിധി സാധാരണ റസിഡൻസ് വിസ കാലാവധി കഴിഞ്ഞവർക്ക് ബാധകമല്ല. നിയമനടപടികൾ ഒഴിവാക്കാൻ അവസാന നിമിഷം വരെ കാത്തുനിൽക്കാതെ അടിയന്തരമായി ആമർ (Amer) കേന്ദ്രങ്ങളുമായോ ഇമിഗ്രേഷൻ അധികൃതരുമായോ ബന്ധപ്പെടാൻ ട്രാവൽ ഏജൻസികൾ നിർദ്ദേശിക്കുന്നു.
ഭക്ഷണത്തിലെ പിഴവുകൾ നിങ്ങളുടെ ജോലിയെ ബാധിക്കാം; മുന്നറിയിപ്പുമായി വിദഗ്ദ്ധർ
ദുബായ് : ജോലിസ്ഥലത്തുണ്ടാകുന്ന അമിത ക്ഷീണം, ശ്രദ്ധക്കുറവ്, പെട്ടെന്നുള്ള ദേഷ്യം എന്നിവയ്ക്ക് കാരണം നിങ്ങളുടെ ഭക്ഷണരീതിയിലെ പിഴവുകളാകാമെന്ന് ദുബായിലെ ന്യൂട്രീഷൻ വിദഗ്ദ്ധയായ ഹന്ന ലൂസി മർഫി വ്യക്തമാക്കുന്നു. ശരീരത്തിലുണ്ടാകുന്ന ചെറിയ നിർജ്ജലീകരണം പോലും മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും ബാധിക്കും. പലപ്പോഴും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിച്ച് അനാവശ്യമായി ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. പ്രഭാതഭക്ഷണം ഒഴിവാക്കി വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തും. ജോലിയിൽ മികച്ച ഉൽപ്പാദനക്ഷമത നിലനിർത്താൻ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താനും കൃത്യമായ സമയത്ത് വെള്ളം കുടിക്കാനും ഭക്ഷണകാര്യങ്ങളിൽ മുൻകൂട്ടി പ്ലാനിങ് ഉണ്ടാക്കാനും അവർ നിർദ്ദേശിക്കുന്നു.
മകന്റെ കളിപ്പാട്ടത്തിന് കോടികളുടെ വജ്രത്തിളക്കം; ലോകകപ്പ് ആവേശത്തിൽ ദുബായിൽ നിന്നൊരു വിസ്മയ ട്രോഫി
ദുബായ് : ഫുട്ബോൾ ലോകകപ്പ് ആവേശം ലോകമെമ്പാടും പടരുമ്പോൾ ദുബായിൽ നിന്നുള്ള ഒരു അപൂർവ്വ വജ്ര ട്രോഫിയുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മകന്റെ ലെഗോ ബ്ലോക്കുകൾ (Lego blocks) ഉപയോഗിച്ച് നിർമ്മിച്ച ലോകകപ്പ് ട്രോഫി മാതൃകയെ 18 കാരറ്റ് സ്വർണ്ണവും 900 വജ്രങ്ങളും പതിപ്പിച്ചു കോടികൾ വിലമതിക്കുന്ന അമൂല്യ സൃഷ്ടിയാക്കി മാറ്റിയിരിക്കുകയാണ് ദുബായിലെ ഒരു പ്രമുഖ ജ്വല്ലറി വ്യാപാരി. ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട് പാർക്കിലെ ‘പാഷൻ ജ്വല്ലേഴ്സ്’ ഉടമയായ ഹേമന്ത് കരംചന്ദ് ആണ് മകന്റെ കളിപ്പാട്ടത്തിന് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രത്തിളക്കം നൽകിയത്.
തന്റെ പത്ത് വയസ്സുകാരനായ മകൻ യാഷ് രണ്ടു മൂന്നു ദിവസങ്ങൾ കഷ്ടപ്പെട്ട് ലെഗോ സെറ്റ് ഉപയോഗിച്ച് ഈ ട്രോഫി ഉണ്ടാക്കുന്നത് കണ്ടപ്പോഴാണ് ഹേമന്തിന് ഈ ആശയം തോന്നിയത്. മകന്റെ കഠിനാധ്വാനത്തെയും ക്രിയേറ്റിവിറ്റിയെയും പ്രോത്സാഹിപ്പിക്കാനും അവന് വലിയൊരു സർപ്രൈസ് നൽകാനുമായിരുന്നു പിതാവിന്റെ ഈ വേറിട്ട നീക്കം. തുടർന്ന് ജ്വല്ലറിയിലെ വിദഗ്ദ്ധരായ തൊഴിലാളികൾക്കൊപ്പം ചേർന്ന് 35 ദിവസത്തെ കഠിനാധ്വാനത്തിലൂടെയാണ് ഈ ലെഗോ ട്രോഫിയെ വജ്ര വിസ്മയമാക്കി മാറ്റിയത്. ഏകദേശം 3 ലക്ഷം ദിർഹം (81,000 ഡോളറിലധികം) മൂല്യമുള്ള ഈ ട്രോഫി ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ലെഗോ സെറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഈ അപൂർവ്വ ട്രോഫി വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കുട്ടികളിൽ കായിക ആവേശവും ക്രിയേറ്റിവിറ്റിയും വളർത്താനായി യു.എ.ഇയിലെ വിദ്യാലയങ്ങളിലും ക്ലബുകളിലും പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത് ചാരിറ്റിക്കായി ലേലം ചെയ്യാനോ അല്ലെങ്കിൽ ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് കൈമാറാനോ ആണ് പദ്ധതി.
ദുബായ് : യുഎഇയിൽ ‘പബ്ലിക്’ പെർമിറ്റ് സംവിധാനം നിലവിൽ വന്നതിനു ശേഷം ലൈസൻസ് സ്വന്തമാക്കിയ ഡിജിറ്റൽ ഉള്ളടക്ക നിർമ്മാതാക്കളുടെ (Content Creators) എണ്ണം 15,000 കടന്നതായി നാഷണൽ മീഡിയ അതോറിറ്റി വൈസ് ചെയർമാൻ മുഹമ്മദ് സയീദ് അൽ ഷെഹി വെളിപ്പെടുത്തി. തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ ലൈസൻസ് സ്വന്തമാക്കിയിട്ടുള്ളത്. ദുബായ് പ്രസ് ക്ലബ്ബും നാഷണൽ മീഡിയ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘മീഡിയ കണ്ടെന്റ് സ്റ്റാൻഡേർഡ്സ്’ വർക്ക്ഷോപ്പിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
ഉള്ളടക്ക നിർമ്മാണ മേഖലയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനല്ല, മറിച്ച് ഈ രംഗം കൂടുതൽ സുതാര്യമാക്കാനും പ്രൊഫഷണൽ ഉത്തരവാദിത്തം ഉറപ്പാക്കാനും കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കാനുമാണ് ലൈസൻസ് നിർബന്ധമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ മാധ്യമ നിയന്ത്രണ നിയമത്തിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ മാധ്യമ സ്ഥാപനങ്ങളുടെ 100 ശതമാനം വിദേശ ഉടമസ്ഥതയ്ക്ക് വഴിതുറന്നതായും ഇത് രാജ്യത്തെ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ സ്വാതന്ത്ര്യത്തെയോ സർഗ്ഗാത്മകതയെയോ തടസ്സപ്പെടുത്താതെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൈബർ സുരക്ഷാ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഖലീഫ ഫണ്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചു
അബുദാബി : യുഎഇയിലെ സൈബർ സുരക്ഷാ മേഖലയിലെ സ്റ്റാർട്ടപ്പുകളെ (Cybersecurity startups) പിന്തുണയ്ക്കുന്നതിനും അവയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി പുതിയ ദേശീയ പ്രോഗ്രാം പ്രഖ്യാപിച്ച് ഖലീഫ ഫണ്ട് (KFED). യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി സഹകരിച്ച് അൽ ഐനിലെ മസ്ൻ ഹബ്ബിൽ (MZN Hub) നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. യുഎഇ ഗവൺമെന്റിന്റെ സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി, ഖലീഫ ഫണ്ട് സിഇഒ മൂസ ഉബൈദ് അൽ നസ്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
‘സൈബർ ഇ71’ (CyberE71) മായി സഹകരിച്ച് രൂപീകരിച്ച ഈ പദ്ധതി വഴി സൈബർ സുരക്ഷാ രംഗത്തെ പുതിയ സംരംഭകർക്ക് ആവശ്യമായ വിദഗ്ദ്ധ പരിശീലനം, മെന്റർഷിപ്പ്, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ലഭ്യമാക്കും. യുഎഇയിൽ നിന്നുള്ള നൂതന സൈബർ സുരക്ഷാ ആശയങ്ങളെ ആഗോള വിപണിയിലേക്ക് വളർത്താനും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ സംരംഭം സഹായിക്കുമെന്ന് ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കി. സ്വദേശി കമ്പനികളുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം യുഎഇയെ ഈ മേഖലയിലെ പ്രമുഖ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.
അബുദാബി : യുഎഇ പൗരന്മാർക്ക് ലെബനനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയതായി വിദേശകാര്യ മന്ത്രാലയം (MoFA) അറിയിച്ചു. 2026 ജൂൺ 29 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. യാത്രയ്ക്ക് മുൻപായി മന്ത്രാലയത്തിന്റെ ‘ത്വവാജുദി’ (Twajudi) സേവനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത സ്വദേശികളെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാൻ അനുവദിക്കില്ല. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി സ്വദേശികൾക്ക് +971 80024 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ദുബായ് : യുഎഇ നാഷണൽ സർവീസ് റിക്രൂട്ടുകൾക്കും (National Service) കോഴ്സ് പൂർത്തിയാക്കിയ ബിരുദധാരികൾക്കുമായി ഒൻപതാമത് ‘നാഷണൽ സർവീസ് കരിയർ ഫെയർ’ (National Service Career Fair) ജൂലൈ 15 മുതൽ 17 വരെ ദുബായ് എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിൽ (DEC) നടക്കും. സ്വദേശി യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തൊഴിൽ മേള സംഘടിപ്പിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സർവീസ് ആൻഡ് റിസർവ് അതോറിറ്റിയുടെ (NSRA) മേൽനോട്ടത്തിൽ ഇൻഡെക്സ് കോൺഫറൻസസ് ആൻഡ് എക്സിബിഷൻസ് ആണ് മേള സംഘടിപ്പിക്കുന്നത്. ഈ വർഷം വിവിധ മേഖലകളിൽ നിന്നുള്ള 55-ലധികം പ്രമുഖ കമ്പനികളും ഒൻപതിലധികം സർവ്വകലാശാലകളും മേളയിൽ പങ്കെടുക്കും. നാഷണൽ സർവീസ് പ്രോഗ്രാമിന്റെ ഭാഗമായ 20,000-ത്തിലധികം യുവതീ യുവാക്കൾ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് തൊഴിലുടമകളുമായി നേരിട്ട് സംവദിക്കാനും സ്പോട്ട് ഇന്റർവ്യൂകളിൽ പങ്കെടുക്കാനും ഹ്യൂമൻ റിസോഴ്സ് വിദഗ്ധരുടെ കരിയർ ഗൈഡൻസ് സെഷനുകളുടെ ഭാഗമാകാനും ഇതിലൂടെ അവസരം ലഭിക്കും. അഡ്നോക് (Adnoc), എഡ്ജ് (Edge) ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ മേളയുടെ സ്പോൺസർമാരാണ്.