ദുബായ് : അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ ദുബായിൽ അനുശോചനങ്ങൾ സ്വീകരിക്കുന്നത് തുടർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സബീൽ മജ്ലിസിൽ വെച്ചാണ് ബുധനാഴ്ച രണ്ടാം ദിവസവും ഷെയ്ഖ് മുഹമ്മദ് അനുശോചനങ്ങൾ സ്വീകരിച്ചത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഷെയ്ഖുമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പൗരന്മാർ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്ത് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.
Author
Raneesha Razak
ദുബായ് : കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘സൺ പ്രൊട്ടക്ഷൻ’ (Sun Protection) പദ്ധതിയുമായി ദുബായ് പൊലീസ്. കാമ്പെയ്ന്റെ ഭാഗമായി ഇതുവരെ 120-ഓളം തൊഴിലാളികളിലേക്ക് സുരക്ഷാ സന്ദേശങ്ങളും മുൻകരുതലുകളും എത്തിച്ചു. ഔട്ട്ഡോർ ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളായ ഇടയ്ക്കിടെ വെള്ളം കുടിക്കുക, കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുക, വെയിലിൽ നിന്നുള്ള മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയെക്കുറിച്ച് കാമ്പെയ്നിൽ ബോധവത്കരണം നൽകി. ദുബായ് പൊലീസിന്റെ കറക്ഷണൽ ആൻഡ് പ്യൂണിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻസും പോസിറ്റീവ് സ്പിരിറ്റ് കൗൺസിലും സംയുക്തമായാണ് ഈ സത്പ്രവൃത്തി സംഘടിപ്പിച്ചത്. ഉയർന്ന താപനിലയുള്ള സമയങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബായ് : കൃത്രിമ ബുദ്ധിയും ഡീപ്ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെപ്പോലെ ആൾമാറാട്ടം നടത്തി പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്ന തട്ടിപ്പുകൾ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. വ്യാജ വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഫോട്ടോകളും യാഥാർത്ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് ആരും തട്ടിപ്പുകളിൽ വീഴരുതെന്ന് ബോധവത്കരണ കാമ്പെയ്നിലൂടെ മന്ത്രാലയം വ്യക്തമാക്കി. “നിങ്ങൾ കാണുന്നതെല്ലാം യഥാർത്ഥമാകണമെന്നില്ല” എന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഏതെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും അഭ്യർത്ഥിച്ചു.
പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? ഒക്ടോബറിൽ യുഎഇയിൽ ഇന്ധന വില വീണ്ടും കൂടിയേക്കും
written by Raneesha Razak
ദുബായ് : ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ അടുത്ത മാസം ഇന്ധന വില വീണ്ടും വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ മാസം മുഴുവൻ ക്രൂഡോയിൽ വില ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തിയതെങ്കിലും, പ്രാദേശിക വിതരണ ശൃംഖലയിലുണ്ടായ പുരോഗതി വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ബ്രെന്റ് ക്രൂഡ് വില 2.3 ശതമാനം ഉയർന്ന് ബാരലിന് 101.52 ഡോളറായി എത്തിയിരുന്നു. ഫെബ്രുവരി അവസാനത്തിലെ 72 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ക്രൂഡോയിൽ വിലയിൽ ഏകദേശം 41 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഊർജ്ജ കയറ്റുമതിയെക്കുറിച്ചുള്ള ആശങ്കകൾ കാരണം കഴിഞ്ഞ ആഴ്ചകളിൽ ബ്രെന്റ് വില ബാരലിന് 110 ഡോളർ വരെ അടുത്തെത്തിയിരുന്നു. ഒറ്റ ദിവസത്തെ വിലയേക്കാൾ സെപ്റ്റംബർ മാസത്തിലെ പൊതുവായ വിലക്കയറ്റ ട്രെൻഡാണ് ഒക്ടോബറിലെ ഇന്ധന വില നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാവുക.
ദുബായിൽ പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തിൽ മൃഗസ്നേഹികളുടെ പ്രതിഷേധം
written by Raneesha Razak
ദുബായ് : പരിചരണത്തിന്റെ പേരിൽ പൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുഎഇയിൽ വൻ പ്രതിഷേധം. പൂച്ചയുടെ കഴുത്തിൽ കാൽ അമർത്തുന്നതും ശരീരത്തിന് സമീപം കത്തി പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദൃശ്യങ്ങളിൽ പൂച്ച ഭയന്ന് കരയുന്നതും കേൾക്കാം. മൃഗസ്നേഹികൾ ആശങ്ക പ്രകടിപ്പിച്ചതോടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സംഭവം വിവാദമായതോടെ വീഡിയോ പങ്കുവെച്ച വ്യക്തി പിന്നീട് മാപ്പുമായി രംഗത്തെത്തി. താൻ ഏറെ സ്നേഹിക്കുന്ന തന്റെ സ്വന്തം പൂച്ചയാണിതെന്നും തമാശ രൂപേണയാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്നും അയാൾ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ആരും തെറ്റിധരിക്കരുതെന്നും ഇനി ഇത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കില്ലെന്നും അദ്ദേഹം മാപ്പപേക്ഷിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ കർശന നടപടി വേണമെന്നുമാണ് മൃഗസ്നേഹികളുടെയും സംഘടനകളുടെയും ആവശ്യം.
ദുബായ് : ആഡംബര യാട്ടിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഒരു കമ്പനി നൽകിയ ഹർജി ദുബായ് കോടതി തള്ളി. ഈ വിഷയത്തിൽ നേരത്തെ തന്നെ അന്തിമ കോടതി വിധി വന്നിട്ടുള്ളതാണെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ചെലവുകൾക്ക് പുറമെ നിയമപരമായ ഫീസായി 6,000 ദിർഹം നൽകാനും കമ്പനിയോട് ഉത്തരവിട്ടിട്ടുണ്ട്.
മറ്റൊരു കമ്പനിയുടെ പേരിൽ യാട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ നിർമ്മാണത്തിന് പണം മുടക്കിയത് തങ്ങളാണെന്നും അതിനാൽ തങ്ങളാണ് യഥാർത്ഥ ഉടമകളെന്നും വാദിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്. മുൻപ് വന്ന വിധി വഞ്ചനയിലൂടെയും കൃത്രിമത്തിലൂടെയും നേടിയെടുത്തതാണെന്നും അതിനാൽ ആ വിധി നടപ്പിലാക്കുന്നത് തടയണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളിക്കളയുകയായിരുന്നു.
ദുബായ് : കഴിഞ്ഞ നാല് വർഷത്തിനിടയിൽ യുഎഇയിലുടനീളം ഹെവി ട്രക്കുകൾ ഉൾപ്പെട്ടത് 1,136 റോഡപകടങ്ങളിൽ. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ (Ministry of Interior) കണക്കുകൾ പ്രകാരമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 2022 മുതൽ 2025 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. തുടർച്ചയായ വർഷങ്ങളിൽ വർധിച്ചുവന്ന ട്രക്ക് അപകടങ്ങൾ 2024-ൽ എത്തിയപ്പോൾ സർവകാല റെക്കോർഡായ 332 അപകടങ്ങളിലാണ് എത്തിനിൽക്കുന്നത്.
2025-ലും സ്ഥിതിക്ക് വലിയ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചെറിയ തോതിൽ കുറവുണ്ടായെങ്കിലും 325 അപകടങ്ങളാണ് ആ വർഷം മാത്രം രേഖപ്പെടുത്തിയത്. 2022-ൽ 208 ഉം, 2023-ൽ 271 ഉം അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
വാഹനങ്ങളുടെ കൃത്യമായ പരിപാലനമില്ലായ്മയും ടയറുകൾ തകരാറിലാകുന്നതുമാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ദീർഘദൂര യാത്രകളും അമിതഭാരവും കാരണം ലോറികൾക്ക് ഉണ്ടാകുന്ന സാങ്കേതിക തകരാറുകൾ വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കൂടാതെ, ഡ്രൈവർമാരുടെ അശ്രദ്ധ, ഉറക്കം തൂങ്ങൽ, അമിതവേഗത, ലെയ്ൻ തെറ്റിച്ച് വണ്ടി ഓടിക്കൽ എന്നിവയും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. വേഗത കുറഞ്ഞ ട്രക്കുകളെ ചെറിയ വാഹനങ്ങളുടെ ഡ്രൈവർമാർ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതും പതിവായി അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
ഇതുപോലുള്ള വലിയ അപകടങ്ങൾ ഒഴിവാക്കാൻ രാജ്യത്തെ ട്രാഫിക് പെട്രോൾ വകുപ്പുകൾ ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ട്രക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡ്രൈവർമാർക്കായി ബോധവത്കരണ ക്യാമ്പെയ്നുകൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
ദുബായ് : ഗൾഫ് മേഖലയിലെ ജനസംഖ്യയിൽ ജനിതകപരമായ പ്രത്യേകതകൾ കൂടുതലാണെന്നും, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ (Consanguineous marriage) കാരണം പാരമ്പര്യ രോഗങ്ങൾ വർദ്ധിച്ചുവരുന്നതായും ഡോക്ടർമാരുടെ മുന്നറിയിപ്പ്. ‘ജെനറ്റിക് റിസ്ക് ഇൻ ദ ഗൾഫ്: വാട്ട് അവർ ഡിഎൻഎ ഈസ് ടെല്ലിംഗ് അസ് എബൗട്ട് ഇൻഹെറിറ്റഡ് ഡിസീഡ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്.
എസ്.കെ.എം.സി/സെഹയിലെ കൺസൾട്ടന്റ് ഫിസിഷ്യൻ മെഡിക്കൽ ജെനിറ്റിക്സ്റ്റും യു.എ.ഇ.യു കോളേജ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മർയം അൽ ഷെഹി ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തി. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ മേഖലയിൽ കൂടുതലാണെന്നും ഇത് റീസെസീവ് ജനിതക വൈകല്യങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ദുബായ് ഹെൽത്തിന്റെ ജെനിറ്റിക് മെഡിസിൻ സെന്റർ ഡയറക്ടർ ഡോ. അഹ്മദ് അബൗ തയൂണിന്റെ നേതൃത്വത്തിൽ നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം അവർ ഉദ്ധരിച്ചു. ദുബായിലെ നിർബന്ധിത വിവാഹപൂർവ്വ സ്ക്രീനിംഗിന് വിധേയരായ ആദ്യ 1,000 ദമ്പതികളിൽ 8 ശതമാനവും ഒരേ രോഗകാരണമായ ജനിതക വകഭേദമുള്ളവരാണെന്ന് ഈ പഠനം കണ്ടെത്തിയിട്ടുണ്ട്. ഒമാനിൽ കുട്ടികളിലുണ്ടായ ഉപാപചയ രോഗങ്ങളിൽ 80 ശതമാനവും രക്തബന്ധമുള്ള മാതാപിതാക്കളുടെ കുട്ടികളിലാണെന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ഈ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2025 ജനുവരി മുതൽ വിവാഹപൂർവ്വ ജനിതക പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. അബുദാബിയിൽ 570-ലധികം ജീനുകളും ദുബായിൽ 782 ജീനുകളും പരിശോധിക്കുന്ന സംവിധാനമാണുളളത്. ലോകത്തിലെ തന്നെ ഏറ്റവും സമഗ്രമായ വിവാഹപൂർവ്വ ജനിതക സ്ക്രീനിംഗ് പ്രോഗ്രാമാണ് യുഎഇ നൽകുന്നതെന്ന് ഡോ. മർയം അൽ ഷെഹി വ്യക്തമാക്കി. ഇതിനുപുറമെ, നവജാത ശിശുക്കളിലെ പരിശോധനയും പ്രതിരോധത്തിന്റെ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്നുണ്ട്.
ദുബായ് : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ്-അബുദാബി എത്തിഹാദ് റെയിൽ യാത്രാ സർവീസിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ദുബായിലെ റെയിൽ സ്റ്റേഷന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ അൽ യലായിസ് സ്റ്റേഷന്റെ (Al Yalayis Station) അവസാന വട്ട മിനുക്കുപണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
സെപ്റ്റംബർ 30-ന് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റേഷന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷനെയും ദുബായ് മെട്രോയെയും ബന്ധിപ്പിക്കുന്ന ഇൻഡോർ കാൽനട പാലം, പുതിയതായി നിർമ്മിച്ച പ്രവേശന റോഡുകൾ, പാർക്കിംഗ് ഏരിയകൾ എന്നിവയുടെയെല്ലാം നിർമ്മാണം പൂർത്തിയായി വരുന്നു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനുള്ള അവസാന വട്ട ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
ദുബായ് : യുഎഇ ദിർഹത്തിന്റെ സ്വന്തം ചിഹ്നത്തിന് ഔദ്യോഗിക ഡിജിറ്റൽ അംഗീകാരം. ഫോണുകൾ, കമ്പ്യൂട്ടറുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവയിൽ ദിർഹം ചിഹ്നം സ്റ്റാൻഡേർഡായി പ്രദർശിപ്പിക്കാൻ വഴിയൊരുക്കിക്കൊണ്ട് യൂണികോഡ് 18.0 (Unicode 18.0)-ൽ യുഎഇ ദിർഹം ചിഹ്നം ഉൾപ്പെടുത്തി.
സോഫ്റ്റ്വെയറുകൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ‘U+20C3’ എന്ന യുണീക്ക് കോഡാണ് ഈ ചിഹ്നത്തിന് യൂണികോഡ് അനുവദിച്ചിരിക്കുന്നത്. മറ്റ് കറൻസി ചിഹ്നങ്ങൾക്കൊപ്പം ഡിജിറ്റൽ ടെക്സ്റ്റുകളിൽ ദിർഹം ചിഹ്നവും ഇനി മുതൽ സുഗമമായി ഉപയോഗിക്കാൻ സാധിക്കും.
സെപ്റ്റംബർ 16-ന് പുറത്തിറക്കിയ അപ്ഡേറ്റിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പ്രതീകങ്ങളിലൊന്നായാണ് യൂണികോഡ് കൺസോർഷ്യം ദിർഹം ചിഹ്നത്തെ വിശേഷിപ്പിച്ചത്. മാലിദ്വിയൻ റുഫിയ, ഒമാനി റിയാൽ എന്നീ കറൻസി ചിഹ്നങ്ങളും ഇതേ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യൂണിഫോം കോഡുകൾ ഇല്ലാത്തത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ സാങ്കേതിക കമ്പനികൾക്ക് ഈ ചിഹ്നങ്ങൾക്കായുള്ള പിന്തുണ അവരുടെ പ്ലാറ്റ്ഫോമുകളിൽ നൽകാൻ കഴിയുമെന്ന് യൂണികോഡ് വ്യക്തമാക്കി.