ദുബായ് : യുഎഇയിൽ ‘പബ്ലിക്’ പെർമിറ്റ് സംവിധാനം നിലവിൽ വന്നതിനു ശേഷം ലൈസൻസ് സ്വന്തമാക്കിയ ഡിജിറ്റൽ ഉള്ളടക്ക നിർമ്മാതാക്കളുടെ (Content Creators) എണ്ണം 15,000 കടന്നതായി നാഷണൽ മീഡിയ അതോറിറ്റി വൈസ് ചെയർമാൻ മുഹമ്മദ് സയീദ് അൽ ഷെഹി വെളിപ്പെടുത്തി. തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ ലൈസൻസ് സ്വന്തമാക്കിയിട്ടുള്ളത്. ദുബായ് പ്രസ് ക്ലബ്ബും നാഷണൽ മീഡിയ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘മീഡിയ കണ്ടെന്റ് സ്റ്റാൻഡേർഡ്സ്’ വർക്ക്‌ഷോപ്പിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
ഉള്ളടക്ക നിർമ്മാണ മേഖലയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനല്ല, മറിച്ച് ഈ രംഗം കൂടുതൽ സുതാര്യമാക്കാനും പ്രൊഫഷണൽ ഉത്തരവാദിത്തം ഉറപ്പാക്കാനും കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കാനുമാണ് ലൈസൻസ് നിർബന്ധമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ മാധ്യമ നിയന്ത്രണ നിയമത്തിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ മാധ്യമ സ്ഥാപനങ്ങളുടെ 100 ശതമാനം വിദേശ ഉടമസ്ഥതയ്ക്ക് വഴിതുറന്നതായും ഇത് രാജ്യത്തെ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ സ്വാതന്ത്ര്യത്തെയോ സർഗ്ഗാത്മകതയെയോ തടസ്സപ്പെടുത്താതെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.