ദുബായ് : ദുബായിലെ വിദ്യാഭ്യാസ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ ജീവിതനിലവാരവും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായി അടുത്ത വർഷം സമഗ്രമായ ‘ടീച്ചേഴ്സ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി’ (Teachers’ Quality of Life Strategy) നടപ്പിലാക്കുമെന്ന് കെ.എച്ച്.ഡി.എ (KHDA) ഡയറക്ടർ ജനറൽ ഐഷ മിറാൻ അറിയിച്ചു. ആഗോളതലത്തിൽ മികച്ച അധ്യാപകരെ ദുബായിലേക്ക് ആകർഷിക്കുന്നതിനും അവരെ നിലനിർത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
അധ്യാപകരുടെ തൊഴിൽപരമായ വളർച്ച, ജോലി-ജീവിത സമതുലിതാവസ്ഥ (work-life balance), മികച്ച പ്രകടനങ്ങൾക്കുള്ള അംഗീകാരങ്ങൾ, പ്രൊഫഷണൽ വികസനം എന്നിവയിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോളതലത്തിൽ അനുഭവപ്പെടുന്ന അധ്യാപക ക്ഷാമത്തെ ഒരു അവസരമാക്കി മാറ്റി, മികച്ച വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി ദുബായിയെ മാറ്റാനാണ് അധികൃതർ ശ്രമിക്കുന്നത്. കൂടാതെ, അധ്യയന വർഷത്തിനിടയിൽ അധ്യാപകർ പെട്ടെന്ന് ജോലി ഉപേക്ഷിച്ചു പോകുന്നത് തടയാനും വിദ്യാർത്ഥികളുടെ പഠന തുടർച്ച ഉറപ്പാക്കാനുമുള്ള കർശന നിർദ്ദേശങ്ങളും ഈ തന്ത്രത്തിന്റെ ഭാഗമായി നടപ്പിലാക്കും.
Raneesha Razak
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബായി മാറാനുള്ള പാതയിൽ ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC). പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ റൺവേ അടുത്ത വർഷം പ്രവർത്തനസജ്ജമാകും. 35 ശതകോടി ഡോളർ (ഏകദേശം 3.5 ലക്ഷം കോടി രൂപ) ചെലവിൽ നിർമ്മിക്കുന്ന ഈ വൻകിട വികസന പദ്ധതിയുടെ ആദ്യഘട്ടം 2032-ൽ പൂർത്തിയാകുന്നതോടെ പ്രതിവർഷം 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. പൂർണ്ണ സജ്ജമാകുമ്പോൾ 5 സമാന്തര റൺവേകളും 260 ദശലക്ഷം പ്രയാണിരെ സ്വീകരിക്കാനുള്ള ശേഷിയും വിമാനത്താവളത്തിന് ഉണ്ടാകും.
നിലവിലുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി സർവ്വീസുകൾ അൽ മക്തൂമിലേക്ക് മാറ്റുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് (flydubai) സർവ്വീസുകൾ അടുത്ത വർഷം മുതൽ പുതിയ എയർപോർട്ടിലേക്ക് മാറ്റിത്തുടങ്ങും. പാസ്പോർട്ട് പരിശോധനയും ക്യൂവും ഇല്ലാത്ത, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേഷ്യൽ റെക്കഗ്നിഷനും അധിഷ്ഠിതമായ അതിനൂതന സാങ്കേതികവിദ്യകളാണ് യാത്രക്കാർക്കായി ഇവിടെ ഒരുക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ആഗോള സാമ്പത്തിക, വ്യാപാര രംഗത്ത് ദുബായുടെയും യുഎഇയുടെയും പ്രാധാന്യം വർദ്ധിക്കും.
ദുബായ് : ഒരു മാസത്തിനിടെ ഗ്രാമിന് 35.75 ദിർഹത്തിന്റെ വലിയ കുറവ് രേഖപ്പെടുത്തിയ ശേഷം ദുബായിൽ വാരത്തിന്റെ തുടക്കത്തിൽ സ്വർണ്ണവില വ്യതിയാനമില്ലാതെ തുടരുന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 498 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്. വാരാന്ത്യത്തിൽ ഇത് 499 ദിർഹമായിരുന്നു. 22 കാരറ്റിന് 461 ദിർഹവും, 21 കാരറ്റിന് 442 ദിർഹവും, 18 കാരറ്റിന് 379 ദിർഹവുമാണ് നിരക്ക്. 14 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 295.5 ദിർഹമായി താഴ്ന്നു.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,132.2 ഡോളറിലെത്തി. യുഎസ് ഡോളർ കരുത്ത് നിലനിർത്തുന്നതാണ് സ്വർണ്ണവില വർദ്ധനവിന് തടസ്സമാകുന്നത്. അതേസമയം, യുഎസ് ഫെഡറൽ റിസർവ് ഉടൻ പലിശ നിരക്കുകൾ ഉയർത്തിയേക്കില്ലെന്ന സൂചനകളും യുഎസ് ട്രഷറി ബോണ്ട് ഈൽഡുകളിലെ വ്യതിയാനങ്ങളുമാണ് നിലവിൽ സ്വർണ്ണവിപണിയെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിൽ പുറത്തുവരുന്ന പ്രമുഖ അമേരിക്കൻ സാമ്പത്തിക വിവരങ്ങളുടെ (PCE Price Index, Non-farm Payrolls report) അടിസ്ഥാനത്തിലാകും സ്വർണ്ണവിലയിലെ ഇനിയുള്ള മാറ്റങ്ങളെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.
തീവ്രവാദത്തോടും വിദ്വേഷ പ്രസംഗങ്ങളോടും വിട്ടുവീഴ്ചയില്ല; ഉറച്ച നിലപാട് വ്യക്തമാക്കി ഡോ. അൻവർ ഗർഗാഷ്
അബുദാബി : തീവ്രവാദത്തോടും വിദ്വേഷ പ്രചാരണങ്ങളോടും യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്ന യുഎഇയുടെ ശക്തമായ നിലപാട് ആവർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്. വിദ്വേഷത്തെയും തീവ്രവാദ ചിന്താഗതികളുടെ ഉറവിടങ്ങളെയും തടയുന്നതിലൂടെ മാത്രമാണ് രാജ്യത്തിന്റെയും മേഖലയുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം യുഎഇയുടെ ദീർഘവീക്ഷണത്തോടെയുള്ള നിലപാട് വ്യക്തമാക്കിയത്.
മേഖലയിലെ തീവ്രവാദ ഭീഷണികൾക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്നും വിദ്വേഷ പ്രസംഗങ്ങളിലൂടെ ഭീകരപ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത് വലിയ അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്തിടെയുണ്ടായ ഭീകരാക്രമണ സംഭവം ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. അതിനാൽ തന്നെ തീവ്രവാദ ആശയങ്ങൾ വളരുന്ന തണലുകൾ ഇല്ലാതാക്കുകയെന്നത് സുരക്ഷ ഉറപ്പാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണെന്നും യുഎഇയുടെ ശക്തമായ നയം ഇതിൽ ഊന്നിപ്പറയുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ദുബായ് ജനങ്ങൾക്കായി വികാരനിർഭരമായ കത്തുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ് : ദുബായിലെ ജനങ്ങൾക്കും നിവാസികൾക്കും സന്ദർശകർക്കും നഗരത്തെ സ്നേഹിക്കുന്നവർക്കുമായി വികാരനിർഭരമായ പ്രത്യേക സന്ദേശം പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ ‘ലെറ്റേഴ്സ്’ (Letters) എന്ന പുസ്തകത്തിലെ വരികൾ ഉദ്ധരിച്ചാണ് അദ്ദേഹം ദുബായ് സമൂഹത്തിന് കത്തെഴുതിയത്. ദുബായ് ലോകത്തിന്റെ ഭവനമാണെന്നും, മാനവികതയുടെയും ജീവിതത്തിന്റെയും തലസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, തന്റെ ദീർഘകാല അനുഭവത്തിന്റെ വെളിച്ചത്തിൽ ദുബായിലെ ജീവിതത്തിനായി ഏഴ് തത്ത്വങ്ങളും നിർദ്ദേശിച്ചു.
“നാം മനോഹരമായ ഒരു നഗരവും, ഐക്യമുള്ള ഒരു സമൂഹവും, ലോകത്തിന് തന്നെ മാതൃകാപരമായ ഒരു അനുഭവവും കെട്ടിപ്പടുത്തിരിക്കുന്നു” എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദേശത്തിൽ വ്യക്തമാക്കി. എല്ലാ മനുഷ്യർക്കും പ്രചോദനം നൽകുന്ന വലിയൊരു മാനുഷിക അനുഭവമാണ് ദുബായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രവാസികൾക്കും സന്ദർശകർക്കും സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പുനൽകുന്ന ദുബായിയുടെ സഹിഷ്ണുതയും വികസന കാഴ്ചപ്പാടും ഉയർത്തിക്കാട്ടുന്നതാണ് ഭരണാധികാരിയുടെ പുതിയ തുറന്ന കത്ത്.
ടൈംസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ മിന്നുന്ന നേട്ടവുമായി യുഎഇ യൂണിവേഴ്സിറ്റി
ഷാർജ : ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് 2027-ൽ മിന്നുന്ന നേട്ടവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (UAEU). രാജ്യത്തെ പ്രമുഖ സർവ്വകലാശാലയായ ഖലീഫ യൂണിവേഴ്സിറ്റിക്കൊപ്പം യുഎഇയിൽ സംയുക്തമായി ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 235-ാം സ്ഥാനവും യുഎഇയു കരസ്ഥമാക്കി. അക്കാദമിക്, ഗവേഷണ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടം നടത്തുന്ന യുഎഇ യൂണിവേഴ്സിറ്റിയുടെ ദീർഘകാല പ്രപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് സർവ്വകലാശാല അധികൃതർ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന വേളയിലാണ് ഈ സുപ്രധാന നേട്ടം എന്ന സവിശേഷതയുമുണ്ട്. 1976-ൽ രാജ്യത്തെ ആദ്യ ദേശീയ സർവ്വകലാശാലയായി ആരംഭിച്ച യുഎഇയു, അഞ്ച് പതിറ്റാണ്ടുകളായി ഗവേഷണം, നൂതന സാങ്കേതികവിദ്യ, ദേശീയ കഴിവുകളുടെ വികസനം എന്നിവയിൽ വലിയ പങ്കാണ് വഹിക്കുന്നത്. 118 രാജ്യങ്ങളിൽ നിന്നുള്ള 2,297 സർവ്വകലാശാലകളെ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിൽ ബോധന നിലവാരം, ഗവേഷണ അന്തരീക്ഷം, ആഗോള കാഴ്ചപ്പാട് എന്നിവ മുൻനിർത്തിയാണ് മികച്ച സ്ഥാനം നൽകിയത്. ഈ വിജയം രാജ്യത്തിന്റെ ഭാവി മുൻഗണനകൾക്ക് കരുത്തേകാൻ കൂടുതൽ നിക്ഷേപം നടത്താൻ പ്രചോദനമാണെന്ന് യുഎഇ പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവും യുഎഇയു ചാൻസലറുമായ സാക്കി അൻവർ നുസൈബ പറഞ്ഞു.
അജ്മാൻ : അജ്മാൻ യൂണിവേഴ്സിറ്റിയിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 10,000 കടന്നു. ജിസിസിയിലെ ആദ്യത്തെ സ്വകാര്യ സർവ്വകലാശാലയായി പ്രവർത്തനം ആരംഭിച്ച ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണിത്. യുഎഇ നൽകുന്ന മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളിലും ബോധന നിലവാരത്തിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള ഉയർന്ന വിശ്വാസമാണ് ഈ റെക്കോർഡ് വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് സർവ്വകലാശാല അധികൃതർ വ്യക്തമാക്കി.
1988-ൽ പ്രവർത്തനം ആരംഭിച്ച അജ്മാൻ യൂണിവേഴ്സിറ്റി, പിൽക്കാലത്ത് നോൺ-പ്രോഫിറ്റ് സ്വഭാവത്തിലേക്ക് മാറുകയും ആഗോളതലത്തിൽ ശ്രദ്ധേയമായ അക്കാദമിക് പദവി കൈവരിക്കുകയും ചെയ്തു. ഗുണനിലവാരമുള്ള അധ്യാപനം, ശാസ്ത്രീയ ഗവേഷണങ്ങൾ, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ, വിപണിക്ക് അനുയോജ്യമായ കോഴ്സുകൾ എന്നിവയാണ് സർവ്വകലാശാലയുടെ ജനപ്രീതി വർദ്ധിപ്പിച്ചത്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെങ്കിലും അക്കാദമിക് നിലവാരവും മികച്ച പിന്തുണയും ഉറപ്പാക്കി പഠനാനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.
ദുബായ് : എഞ്ചിൻ, ഇലക്ട്രോണിക് സോഫ്റ്റ്വെയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയിലെ സാങ്കേതിക തകരാറുകളെ തുടർന്ന് യുഎഇയിൽ 29,774 ടൊയോട്ട ലാൻഡ് ക്രൂസർ 300 (Land Cruiser 300) വാഹനങ്ങൾ തിരിച്ചവിളിച്ച് പ്രമുഖ വിതരണക്കാരായ അൽ ഫുത്തൈം മോട്ടോഴ്സ് (Al Futtaim Motors). യുഎഇ സമ്പദ്വ്യവസ്ഥ സാമ്പത്തിക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നടപടി. 2021-നും 2024-നും ഇടയിൽ ജപ്പാനിൽ നിർമ്മിച്ച് യുഎഇ വിപണിയിലെത്തിച്ച വാഹനങ്ങൾക്കായി മൂന്ന് വ്യത്യസ്ത തിരിച്ചുവിളിക്കൽ പ്രചാരണങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
നിർമ്മാണ വേളയിലെ മാലിന്യങ്ങൾ എഞ്ചിനിലെ ക്രാങ്ക്ഷാഫ്റ്റ് ബെയറിംഗുകളെ ബാധിച്ചതിനെ തുടർന്ന് എഞ്ചിൻ പ്രവർത്തനം നിലയ്ക്കാൻ സാധ്യതയുള്ള 6,571 വാഹനങ്ങൾക്ക് സൗജന്യ എഞ്ചിൻ മാറ്റിവെക്കൽ ലഭ്യമാക്കും. എഞ്ചിൻ കൺട്രോൾ സോഫ്റ്റ്വെയർ അപ്ഡേറ്റിനായി 7,453 വാഹനങ്ങളും, 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലെ തകരാറുകൾ പരിഹരിക്കുന്നതിനായി 15,750 വാഹനങ്ങളുമാണ് തിരിച്ചവിളിക്കുന്നത്. ഗിയർബോക്സ് തകരാർ കാരണം ഓയിൽ ചോർച്ച ഉണ്ടാകാനും തീപിടുത്തത്തിന് വരെ സാധ്യതയുള്ളതിനാലാണ് നടപടി. ബാധിത വാഹനങ്ങളുടെ പരിശോധനയും റിപ്പെയറിംഗും അൽ ഫുത്തൈം മോട്ടോഴ്സ് സൗജന്യമായി ചെയ്തുകൊടുക്കും.