4
അബുദാബി : അബുദാബിയിലെ പ്രീ-മാരിറ്റൽ ജനറ്റിക് ടെസ്റ്റിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ 565 ദമ്പതികളിൽ ജനിതക പൊരുത്തക്കേടുകൾ കണ്ടെത്തി. 2022-ൽ പദ്ധതി ആരംഭിച്ചത് മുതൽ ഈ വർഷം ജൂലൈ വരെയുള്ള കാലയളവിൽ 11,748 ദമ്പതികളാണ് ജനിതക പരിശോധന പൂർത്തിയാക്കിയത്. ഇതിൽ ഏകദേശം 5 ശതമാനം വരുന്ന കേസുകളിലാണ് ജനിതക പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞത്.
840-ലധികം ഓട്ടോസോമൽ റിസസീവ് ജനിതക വൈകല്യങ്ങളുമായി ബന്ധപ്പെട്ട 570 ജീനുകളാണ് ഈ പരിശോധനയിലൂടെ വിശകലനം ചെയ്തത്. ജനിതക വൈകല്യങ്ങൾ വരാൻ സാധ്യതയുള്ള കേസുകളിൽ തലാസീമിയ, സിക്കിൾ സെൽ അനീമിയ, ഗ്ലോക്കോമ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഭാവി തലമുറകളിലേക്ക് ജനിതക രോഗങ്ങൾ പകരുന്നത് തടയാനും ദമ്പതികൾക്ക് കൃത്യസമയത്ത് ജനിതക കൗൺസിലിംഗ് ലഭ്യമാക്കാനും ഇത്തരം പരിശോധനകൾ സഹായിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് (DoH) വ്യക്തമാക്കി.