Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:26 PM

അധ്യാപക ദിനത്തിൽ പഴയകാല ചിത്രം പങ്കുവെച്ച് യുഎഇ പ്രസിഡന്റ്

by Raneesha Razak

അബുദാബി : ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് തനിക്ക് ബാല്യകാലത്ത് അറിവ് പകർന്നുനൽകിയ അധ്യാപകന് നൽകിയ അപൂർവ്വ ചിത്രം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 1971-ൽ തന്റെ അധ്യാപകനായ അഹമ്മദ് ഇബ്രാഹിം മന്ദിക്ക് ഒപ്പുവെച്ച് നൽകിയ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “എന്നെ ഓർക്കുന്നതിൽ നന്ദി” എന്ന ചെറുതെങ്കിലും ആഴമേറിയ സന്ദേശത്തോടെയാണ് അന്ന് ബാലനായ ഷെയ്ഖ് മുഹമ്മദ് ഈ ചിത്രം ഗുരുനാഥന് സമ്മാനിച്ചിരുന്നത്.

തലമുറകളെ വാർത്തെടുക്കുന്ന അധ്യാപകരുടെ മഹത്തായ സേവനങ്ങളെ പ്രകീർത്തിച്ച യുഎഇ പ്രസിഡന്റ്, ഭാവിയുടെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ അധ്യാപകരെ ഓർക്കാനും നന്ദി അറിയിക്കാനുമുള്ള അവസരമായി ഈ ദിനത്തെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അധ്യാപകർക്ക് ആശംസകൾ നേർന്നു. “ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ജീവിക്കാനും നമ്മെ പഠിപ്പിച്ചത് അധ്യാപകരാണ്” എന്ന് അദ്ദേഹം തന്റെ ആശംസാസന്ദേശത്തിൽ കുറിച്ചു.

You may also like