6
അബുദാബി : കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകൽ, പ്രൊലിഫറേഷൻ ഫിനാൻസിങ് എന്നിവയ്ക്കുള്ള മൂന്നാം ഘട്ട ദേശീയ റിസ്ക് അസസ്‌മെന്റ് (NRA) യു.എഇ ഔദ്യോഗികമായി ആരംഭിച്ചു. അബുദാബിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 15-ാമത് ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കോൺഗ്രസിന്റെ മൂന്നാം ദിനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ദേശീയ സമിതിയുടെ ജനറൽ സെക്രട്ടേറിയറ്റ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നയരൂപീകരണത്തിനും മുൻഗണനകൾ നിശ്ചയിക്കുന്നതിനും ദേശീയ റിസ്ക് അസസ്‌മെന്റ് ശക്തമായ അടിത്തറയാകുമെന്ന് സമിതിയുടെ സെക്രട്ടറി ജനറലും വൈസ് ചെയർമാനുമായ ഹമീദ് സൈഫ് അൽ സഅബി വ്യക്തമാക്കി. മുൻകാലങ്ങളിൽ ലഭിച്ച ദേശീയ അനുഭവസമ്പത്തും, ഡാറ്റാ ഗുണനിലവാരത്തിലെ പുരോഗതിയും ഉപയോഗപ്പെടുത്തിയാണ് മൂന്നാം ഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. 2018-ലെ ആദ്യ അസസ്‌മെന്റും, 2024-ൽ അംഗീകരിച്ച രണ്ടാം അസസ്‌മെന്റും ഇതിന്റെ പ്രധാന അടിസ്ഥാനങ്ങളാണ്. 2024-2027 കാലയളവിലെ ദേശീയ തന്ത്ര രൂപീകരണത്തിന് രണ്ടാം ഘട്ട കണ്ടെത്തലുകൾ വലിയ സംഭാവന നൽകിയിരുന്നു.