11
അബുദാബി: രാജ്യത്തെ ആഭ്യന്തര ഹെലിപോർട്ട് രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ). മുൻപ് 135 ദിവസം വരെ എടുത്തിരുന്ന രജിസ്ട്രേഷൻ നടപടികളാണ് ഇപ്പോൾ വെറും രണ്ട് പ്രവൃത്തിദിനങ്ങളായി (48 മണിക്കൂർ) ചുരുക്കിയത്. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തന്നെ ഭരണപരമായ നടപടിക്രമങ്ങൾ ലഘൂകരിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള ഹെലിപോർട്ടുകൾക്ക് കർശനമായ സർട്ടിഫിക്കേഷൻ പ്രക്രിയ ഒഴിവാക്കി ലളിതമായ രജിസ്ട്രേഷൻ സംവിധാനമാണ് പുതിയ ചട്ടപ്രകാരം ഏർപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ട മറ്റ് ഹെലിപോർട്ടുകൾ മുൻപത്തെ പോലെ നിലവിലുള്ള സർട്ടിഫിക്കേഷൻ വ്യവസ്ഥ തുടരും. വ്യോമയാന മേഖലയിലെ വളർച്ചയും സർക്കാർ വകുപ്പുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ പദ്ധതിയുടെ ഭാഗവുമായാണ് ഈ മാറ്റമെന്ന് ജി.സി.എ.എ ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി വ്യക്തമാക്കി.