36
അബുദാബി : കലയും മാന്ത്രിക വെളിച്ചവും കാഴ്ചക്കാരന്റെ ഭാവനയും ഒന്നുചേരുന്ന അബുദാബിയുടെ പുതിയ വിസ്മയമാണ് ‘ടീംലാബ് ഫിനോമിന’ (teamLab Phenomena). സാംസ്കാരിക ജില്ലയായ സാദി ആയത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഇതിനകം തന്നെ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇവിടെയെത്തുന്ന പലരും വിവാഹാഭ്യർത്ഥനകൾ നടത്തുന്നതും മനോഹരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുന്നതും പതിവാണെന്ന് മിറാൾ എക്സ്പീരിയൻസസ് ജനറൽ മാനേജർ മാർക്ക് കൂപ്പർ വ്യക്തമാക്കുന്നു.
പതിവ് മ്യൂസിയങ്ങളിൽ കാണുന്നതുപോലെ കയറുകളോ നിശബ്ദതയോ കർശനമായ ‘തൊടരുത്’ നിയമങ്ങളോ ഇവിടെയില്ല. സന്ദർശകർ നിൽക്കുന്ന സ്ഥലത്തിനും ചലനങ്ങൾക്കുമനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക ലോകമാണിത്. ഇവിടെയെത്തുന്ന ഏതൊ ഒരാളും കാഴ്ചക്കാരൻ മാത്രമല്ല, ആ പ്രദർശനത്തിന്റെ തന്നെ ഭാഗമായി മാറുന്നു. കുട്ടികളും കുടുംബങ്ങളും കൗമാരക്കാരും ഒരുപോലെ ആസ്വദിക്കുന്ന ഈ സവിശേഷ മ്യൂസിയം അബുദാബിയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.