6
അബുദാബി : യുഎഇയിൽ നിർമ്മിച്ച ആദ്യത്തെ വാണിജ്യ ഉപഗ്രഹമായ ‘അൽത്തായർ-1’ (Altair-1) സ്പേസ് എക്സിന്റെ ട്രാൻസ്പോർട്ടർ-18 മിഷന്റെ ഭാഗമായി കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്തി സിഗ്നൽ സ്വീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺസ് അബുദാബിയിലെ (KEZAD) ഓർബിറ്റ്‌വർക്സ് ഫെസിലിറ്റിയിലാണ് ഈ ഉപഗ്രഹം നിർമ്മിച്ചത്. യുഎഇയുടെ ആദ്യത്തെ വാണിജ്യ കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത ഭൂമി നിരീക്ഷണ ശൃംഖലയായ ‘അൽത്തായർ’ കൂട്ടായ്മയിലെ ആദ്യ ഉപഗ്രമാണിത്. ഒപ്റ്റിക്കൽ, തെർമൽ, ഹൈപ്പർ സ്പെക്ട്രൽ തുടങ്ങി വിവിധ സെൻസറുകളും എൻവിഡിയ ജിപിയു (NVIDIA GPU)-കളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണം, സമുദ്ര നിരീക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ തത്സമയ വിവരങ്ങൾ നൽകാൻ ഈ ഉപഗ്രഹത്തിന് സാധിക്കും. ആകെ പത്ത് ഉപഗ്രഹങ്ങൾ അടങ്ങിയ പദ്ധതിയുടെ ഭാഗമായ ബാക്കി ഒമ്പത് എണ്ണം 2027-ഓടെ വിക്ഷേപിക്കും.