Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 03:04 AM

യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം

by Raneesha Razak
ദുബായ് : ദുബായ് സ്പോർട്സ് സിറ്റിയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച ക്വീൻ എലിസബത്ത്സ് സ്കൂൾ ഉൾപ്പെടെയുള്ള നൂതന ക്യാമ്പസുകളുടെ വരവോടെ യു.എ.ഇയിൽ 2026-27 അധ്യയന വർഷത്തിന് ഉജ്ജ്വല തുടക്കം. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഓഗസ്റ്റ് 31 വെറുമൊരു സാധാരണ ദിനമായിരുന്നില്ല, മറിച്ച് പുതിയ പ്രതീക്ഷകളുടെയും ആദ്യമായി ക്ലാസ് മുറികളിലേക്ക് പിച്ചവെച്ച കുട്ടികളുടെയും കൂട്ടായ്മയുടെയും വേളയായിരുന്നു അത്. പല പ്രമുഖ വിദ്യാലയങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ദുബായ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച ക്വീൻ എലിസബത്ത്സ് സ്കൂളിന്റെ പ്രവേശന കവാടം തിങ്കളാഴ്ച അഞ്ഞൂറിലധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ആണ് സ്വാഗതം ചെയ്തത്. യുകെയിലെ പ്രശസ്തമായ ക്വീൻ എലിസബത്ത്സ് സ്കൂൾ, ബാർനെറ്റിന്റെ പൈതൃകവും മൂല്യങ്ങളും ഉൾക്കൊണ്ടാണ് ഈ പുതിയ ക്യാമ്പസ് പ്രവർത്തിക്കുന്നത്. അക്കാദമിക് മികവിനൊപ്പം കുട്ടികളിൽ ഉത്തരവാദിത്തബോധവും വ്യക്തിത്വവികസനവും ഉറപ്പാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഫൗണ്ടിംഗ് പ്രിൻസിപ്പൽ ഡാൻ ക്ലാർക്ക് വ്യക്തമാക്കി. സ്പോർട്സ്, ക്രിയേറ്റീവ് ആർട്സ്, ഇന്നൊവേഷൻ, എന്റർപ്രണർഷിപ്പ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പങ്കാളിത്തത്തോടെയുള്ള വിപുലമായ പഠനരീതികളാണ് സ്കൂൾ വാഗ്ദാനം ചെയ്യുന്നത്. ഓരോ വിദ്യാർത്ഥിക്കും സ്വന്തം കഴിവുകൾ തിരിച്ചറിയാനും ആത്മവിശ്വാസം വളർത്തിയെടുക്കാനുമുള്ള പ്രത്യേക പരിശീലന പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലാകുന്ന ഈ പുതിയ തുടക്കം രാജ്യത്തിന്റെ ഭാവി തലമുറയെ കൂടുതൽ പ്രാപ്തരാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You may also like