Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:21 AM

മുതിർന്നവരോടുള്ള ആദരവ്; യുഎഇയിലെ ഇന്നത്തെ വെള്ളിയാഴ്ച ഖുതുബയിലെ പ്രധാന സന്ദേശം

by Raneesha Razak

അബുദാബി : യുഎഇയിലെ പള്ളികളിൽ ഇന്ന് (2026 ജൂൺ 19) നടന്ന വെള്ളിയാഴ്ച പ്രഭാഷണത്തിൽ (ഖുതുബ) മുതിർന്നവരെ ആദരിക്കേണ്ടതിന്റെയും അവർക്ക് പരിചരണവും സ്നേഹവും നൽകേണ്ടതിന്റെയും പ്രാധാന്യം വിശ്വാസികളെ ഓർമ്മിപ്പിച്ചു. വാർദ്ധക്യത്തിലെത്തിയവരെ ബഹുമാനിക്കുന്നത് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് പ്രവാചക വചനങ്ങളെ ഉദ്ധരിച്ച് ഖുതുബയിൽ വ്യക്തമാക്കി.
കുടുംബങ്ങളിലും സമൂഹത്തിലും മുതിർന്നവർക്ക് പ്രഥമ പരിഗണന നൽകണം. അവരുടെ സാന്നിധ്യത്തിൽ സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ, അവർ സംസാരിക്കുമ്പോൾ ഫോണുകളിൽ മുഴുകി അവരെ അവഗണിക്കാതിരിക്കുക, ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇബാദത്തുകളിൽ (ആരാധനാകർമ്മങ്ങളിൽ) അവർക്ക് നൽകിയിട്ടുള്ള ഇളവുകൾ മനസ്സിലാക്കുക എന്നിവയെല്ലാം പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. പ്രായമാകുമ്പോൾ അവരുടെ മനസ്സ് കൂടുതൽ മൃദുലമാകുമെന്നതിനാൽ വാക്കുകളോ നോട്ടങ്ങളോ കൊണ്ട് പോലും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും ഖുർആൻ സൂക്തങ്ങൾ മുൻനിർത്തി ഓർമ്മിപ്പിച്ചു.

നമ്മുടെ നാടിന്റെയും കുടുംബങ്ങളുടെയും വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച മുതിർന്നവരോടുള്ള ആദരവ് എമിറാത്തി സംസ്കാരത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രധാന ഭാഗമാണെന്നും, അവർക്ക് മികച്ച പരിചരണവും ആശ്വാസവും നൽകാൻ യുഎഇ ഭരണനേതൃത്വം എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും രണ്ടാം ഖുതുബയിൽ വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ഭരണാധികാരികൾ, അന്തരിച്ച യുഎഇ നേതാക്കൾ എന്നിവർക്കായുള്ള പ്രത്യേക പ്രാർത്ഥനയോടെയാണ് ഖുതുബ അവസാനിച്ചത്.

You may also like