Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:26 AM

അൽ സമഹ ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് ഖാലിദ്; ചെലവ് 738 ദശലക്ഷം ദിർഹം

by Raneesha Razak

അബുദാബി : അബുദാബിയിൽ 738 ദശലക്ഷം ദിർഹം ചെലവിൽ നിർമ്മിച്ച അത്യാധുനിക ‘അൽ സമഹ’ (Al Samha) ഭവന പദ്ധതി അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ എച്ച്.എച്ച്. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. സ്വദേശി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷിതത്വവും ജീവിതനിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻകിട പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്.
50 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ ഭവന സമുച്ചയത്തിൽ 242 വില്ലകളാണുള്ളത്. ഓരോ വില്ലയും 1,080 ചതുരശ്ര മീറ്റർ പ്ലോട്ടിൽ, 505 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മികച്ച റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയ പദ്ധതിയിൽ 33 പൊതു പാർക്കുകൾ, ഹരിത ഇടങ്ങൾ, 644 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാൻ സൗകര്യമുള്ള പള്ളി, 38 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുന്ന രണ്ട് വാണിജ്യ സമുച്ചയങ്ങൾ, 3 കിലോമീറ്റർ നീളമുള്ള സൈക്ലിംഗ് ട്രാക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അബുദാബി ഹൗസിംഗ് അതോറിറ്റിയും (ADHA) അബുദാബി പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെന്ററും (ADPIC) സംയുക്തമായാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ഈ മാതൃകാ പദ്ധതി യാഥാർത്ഥ്യമാക്കിയത്.

You may also like