റഫ : പലസ്തീൻ ജനതയ്ക്കുള്ള യുഎഇയുടെ ‘ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3’ (Operation Chivalrous Knight 3) കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി, ഈജിപ്തിലെ റഫയിലുള്ള യുഎഇയുടെ കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ വഴി ഗാസയിലെ ഖാൻ യൂനിസിലേക്ക് വിജയകരമായി കുടിവെള്ള വിതരണം തുടരുന്നു. കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന ഗാസ നിവാസികൾക്ക് പൈപ്പ് ലൈൻ വഴിയാണ് അത്യാവശ്യമായ കുടിവെള്ളം എത്തിക്കുന്നത്.
പ്രതിദിനം 20 ലക്ഷം ഗാലൻ (2 Million Gallons) ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ആറ് പ്ലാന്റുകളാണ് യുഎഇ ഇവിടെ പ്രവർത്തിപ്പിക്കുന്നത്. അൽ അരീഷിലെ യുഎഇ ഹ്യൂമാനിറ്റേറിയൻ എയ്ഡ് മിഷന്റെ ഭാഗമായുള്ള എമിറാത്തി എഞ്ചിനീയറിംഗ് ടീമും ഈജിപ്ഷ്യൻ എഞ്ചിനീയർമാരും ചേർന്നാണ് പ്ലാന്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. തടസ്സമില്ലാതെ വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദഗ്ദ്ധ സംഘങ്ങൾ 24 മണിക്കൂറും ഇവിടെ നിരീക്ഷണം നടത്തുന്നുണ്ട്.
ഗാസയിലെ തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾക്കിടയിൽ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ഈ പദ്ധതി വലിയ പങ്കാണ് വഹിക്കുന്നത്. ഈജിപ്ഷ്യൻ അധികൃതരുടെ പൂർണ്ണ പിന്തുണയോടെയാണ് പ്ലാന്റുകളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. കുടിവെള്ള പദ്ധതിക്ക് പുറമെ ലാൻഡ് കോൺവോയ്, എയർ-സീ എയ്ഡ് ഡെലിവറികൾ, അൽ അരീഷിലെ ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ, ഗാസയ്ക്കുള്ളിലെ ഫീൽഡ് ഹോസ്പിറ്റൽ എന്നിവ വഴിയും പലസ്തീൻ ജനതയ്ക്കായി യുഎഇ വലിയ രീതിയിലുള്ള സഹായങ്ങൾ നൽകിവരുന്നു.