Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 09:03 AM

അബുദാബി ഡയലോഗ് : പുതിയ പദ്ധതികളുമായി യുഎഇയും ഫിലിപ്പീൻസും

by Raneesha Razak

ദുബായ് : താൽക്കാലിക സന്ദർശക തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിൽ കുടിയേറ്റ സഹകരണം ശക്തമാക്കുന്നതിനുമായി നടക്കുന്ന ‘അബുദാബി ഡയലോഗിന്റെ’ (Abu Dhabi Dialogue – ADD) അടുത്ത ഘട്ടത്തിനായുള്ള ഒരുക്കങ്ങൾ യുഎഇയും ഫിലിപ്പീൻസും ആരംഭിച്ചു. തൊഴിലാളികളുടെ സംരക്ഷണം ലക്ഷ്യമിട്ട് നിരവധി വർക്ക്‌ഷോപ്പുകളും സാങ്കേതിക യോഗങ്ങളും സംഘടിപ്പിക്കാനാണ് ഇരുരാജ്യങ്ങളും പദ്ധതിയിടുന്നത്.
ജനീവയിൽ നടന്ന 114-ാമത് അന്താരാഷ്ട്ര ലേബർ കോൺഫറൻസിനിടെ യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാറും ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്‌സ് (DMW) സെക്രട്ടറി ഹാൻസ് കാക്ഡാക്കും നടത്തിയ കൂടിക്കാഴ്ചയിലാണ് ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തത്. 2026 മുതൽ 2028 വരെയുള്ള അബുദാബി ഡയലോഗിന്റെ അധ്യക്ഷ പദവി ഫിലിപ്പീൻസിനാണ്. യുഎഇയാണ് ഇതിന്റെ സ്ഥിരം സെക്രട്ടേറിയറ്റായി പ്രവർത്തിക്കുന്നത്.
ഏഷ്യയിലെ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളെയും ഗൾഫിലെ തൊഴിൽദാതാക്കളായ രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കൂട്ടായ്മയാണിത്. അടുത്ത വർഷം ഫിലിപ്പീൻസിൽ വെച്ച് നടക്കുന്ന ടെക്നിക്കൽ മീറ്റിംഗുകൾക്ക് ശേഷം, 2028-ൽ നടക്കുന്ന മന്ത്രിതല ചർച്ചകളിൽ സുപ്രധാന തൊഴിൽ നയങ്ങൾക്ക് രൂപം നൽകും. ന്യായവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ ഫിലിപ്പീൻസുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് യുഎഇ വ്യക്തമാക്കി.

You may also like