Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 09:53 AM

ഭിന്നശേഷി കായികതാരങ്ങൾക്കായുള്ള യുഎഇ ഗെയിംസ് അബുദാബിയിൽ സമാപിച്ചു

റെക്കോർഡ് പങ്കാളിത്തവുമായി ആയിരത്തിലധികം പ്രതിഭകൾ

by Raneesha Razak

അബുദാബി : ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കായി സ്പെഷ്യൽ ഒളിംപിക്സ് യുഎഇ സംഘടിപ്പിച്ച രണ്ടാമത് യുഎഇ ഗെയിംസ് 2026 അബുദാബിയിൽ പ്രൗഢഗംഭീരമായി സമാപിച്ചു. ആയിരത്തിലധികം കായികതാരങ്ങൾ പങ്കെടുത്ത ഈ മേള ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. യുഎഇയിലെ വിവിധ ക്ലബ്ബുകൾക്ക് പുറമെ മൊറോക്കോ, മാൾട്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും ഈ കായികമാമാങ്കത്തിന്റെ ഭാഗമായി.

മത്സരങ്ങളിൽ 62 മെഡലുകളോടെ സായിദ് ഹയർ ഓർഗനൈസേഷന്റെ കീഴിലുള്ള ‘അബുദാബി സ്പോർട്സ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ’ ചാമ്പ്യന്മാരായി ഒന്നാം സ്ഥാനം നേടി. 55 മെഡലുകളുമായി അൽ തിഖ ക്ലബ് രണ്ടാമതും, 50 മെഡലുകളുമായി ഷാർജ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, ബോളിങ് തുടങ്ങിയ വിവിധ കായിക ഇനങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെടുത്തിയിരുന്നത്. കായിക മത്സരങ്ങൾക്ക് പുറമെ താരങ്ങൾക്കായി പ്രത്യേക ആരോഗ്യ പരിശോധനകളും വെൽനസ്സ് ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ഭിന്നശേഷിക്കാരായ യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ യുഎഇ ഗെയിംസ് വലിയൊരു പങ്കാണ് വഹിക്കുന്നതെന്ന് സ്പെഷ്യൽ ഒളിംപിക്സ് യുഎഇ നാഷണൽ ഡയറക്ടർ തലാൽ അൽ ഹാഷെമി പറഞ്ഞു. അഡ്നോക്, അൽദാർ, അബുദാബി സ്പോർട്സ് കൗൺസിൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് മേള സംഘടിപ്പിച്ചത്.

You may also like