30
ദുബായ് : ക്രിക്കറ്റ് ലോകത്ത് അതിവേഗം വളർച്ച കൈവരിക്കുന്ന യു.എ.ഇ ദേശീയ ടീം മറ്റൊരു ശ്രദ്ധേയമായ നേട്ടത്തിനരികെ. മലേഷ്യയിൽ നടക്കുന്ന 2026 എസിസി പ്രീമിയർ കപ്പിൽ (ACC Premier Cup 2026) തോൽവിയറിയാതെ യു.എ.ഇ പുരുഷ ടീം സെമിഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളിലും വിജയം കണ്ടാണ് ഡിഫെൻഡിങ് ചാമ്പ്യന്മാരായ യു.എ.ഇയുടെ കുതിപ്പ്. 2024-ലെ ഫൈനലിന്റെ ആവർത്തനമായ മത്സരത്തിൽ ഒമാനെ പരാജയപ്പെടുത്തിയാണ് യു.എ.ഇയുടെ പുതിയ വിജയം.
ആദ്യം ബാറ്റ് ചെയ്ത യു.എ.ഇക്കായി ഓപ്പണർമാരായ തനിഷ് സൂരിയും അദീബ് ഉസ്മാനും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 88 റൺസാണ് ബോർഡിൽ ചേർത്തത്. ഒടുവിൽ നിശ്ചിത ഓവറിൽ യു.എ.ഇ 192 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. ഓപ്പണർമാരായ ജതീന്ദർ സിംഗ്, കരൺ സോണാവാലെ എന്നിവർക്ക് നാല് റൺസ് വീതം നേടാനേ സാധിച്ചുള്ളൂ. മുജീബ് അലിയും ജയ് ഒഡേദ്രയും അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഹമ്മദ് മിർസയും ജിതേൻ രാമനന്ദിയും ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.
യു.എ.ഇ നിരയിൽ ഖുസൈമ തൻവീർ ആദ്യ ഓവറുകളിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഒമാന്റെ ബാറ്റിംഗ് തകർത്തു. തുടർന്ന് മികച്ച പന്തേറിലൂടെ ഇരുപതുകാരനായ അയ്യൻ അഫ്സൽ ഖാൻ അഞ്ച് വിക്കറ്റുകൾ കൂടി സ്വന്തമാക്കിയതോടെ ഒമാന്റെ പോരാട്ടം 143 റൺസിൽ അവസാനിച്ചു. ഇതോടെ 49 റൺസിന്റെ തിളക്കമാർന്ന വിജയമാണ് യു.എ.ഇ സ്വന്തമാക്കിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ടീം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നിരിക്കുന്നത്. ഹോങ്കോംഗ് – നേപ്പാൾ മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും സെമിഫൈനലിലെ യു.എ.ഇയുടെ അടുത്ത എതിരാളികൾ ആരെന്ന കാര്യം തീരുമാനCമാകുക. ഹോങ്കോംഗ് വിജയിക്കുകയാണെങ്കിൽ അവർ സെമിയിൽ യു.എ.ഇയെ നേരിടും. ടൂർണമെന്റിന്റെ ആതിഥേയരായ മലേഷ്യ ഇതിലൂടെ പുറത്താകാനാണ് സാധ്യത. നിലവിലുള്ള ചാമ്പ്യന്മാരായതിനാൽ ഏത് ശക്തരായ എതിരാളികളെയും നേരിടാൻ തയ്യാറാണ് ടീം എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രകടനം.