30
ദുബായ് : യുഎഇയിൽ ഈ ആഴ്ച താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടും. വെള്ളിയാഴ്ച വരെ ചൂടുകൂടിയതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. മൂടൽമഞ്ഞ്, കാറ്റ്, മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത എന്നിവയും ഈ ദിവസങ്ങളിൽ ഉണ്ടായേക്കാം. തിങ്കളാഴ്ച രാവിലെയോടെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം വർദ്ധിക്കുമെന്നും പുലർച്ചെയോടെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഉൾപ്രദേശങ്ങളിൽ താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരുമ്പോൾ, തീരപ്രദേശങ്ങളിൽ 37 മുതൽ 42 ഡിഗ്രി വരെയും മലനിരകളിൽ 29 മുതൽ 35 ഡിഗ്രി വരെയും ആയിരിക്കും താപനില. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ആർദ്രത 90 ശതമാനം വരെ എത്തിയേക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിലും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലും രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും രാത്രിയിലും രാവിലെയുമായി ഉയർന്ന ആർദ്രത അനുഭവപ്പെടുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) വ്യക്തമാക്കി.