29
യുഎഇ : പസഫിക് സമുദ്രത്തിൽ എൽ നിന്യോ പ്രതിഭാസം ശക്തമാകുന്ന പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ശരത്കാലത്ത് യുഎഇ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഫെബ്രുവരി 2027 വരെ എൽ നിന്യോ തുടരാൻ ഉയർന്ന സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടനയും യുഎസ് വിദഗ്ധരും വ്യക്തമാക്കുന്നു. ശരത്കാലത്തും ശീതകാലത്തും പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് യുഎസ് ഫോർകാസ്റ്റർമാരുടെ വിലയിരുത്തൽ.
എങ്കിലും, എൽ നിന്യോയുടെ പ്രത്യാഘാതങ്ങൾ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ ആയിരിക്കില്ലെന്നും യുഎഇയിൽ ഇത് പെട്ടെന്ന് അങ്ങേയറ്റം തീവ്രമായ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വ്യക്തമാക്കി. പസഫിക് സമുദ്രത്തിലെ ജലോപരിതല താപനില സാധാരണയേക്കാൾ ഉയർന്നതാണ് ഈ പ്രതിഭാസത്തിന് ആധാരം. ഇത്തരം മാറ്റങ്ങൾ അന്തരീക്ഷ ഘടനയെ സ്വാധീനിക്കുമെങ്കിലും, വിദഗ്ധരുടെ ഈ മുന്നറിയിപ്പ് രാജ്യത്തെ പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ അകറ്റാൻ സഹായിക്കുന്നതാണ്.