Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 08:10 AM

സ്മാർട്ട് ഹോമുകൾക്കും വാഹനങ്ങൾക്കും നേരെ യുഎഇയിൽ സൈബർ ആക്രമണം ശക്തമെന്ന് മുന്നറിയിപ്പ്

by Raneesha Razak

ദുബായ് : യുഎഇയിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ, സിസിടിവി ക്യാമറകൾ, സ്മാർട്ട്‌ഫോണുകൾ, ഡ്രൈവറില്ലാ വാഹനങ്ങളുടെ സിസ്റ്റങ്ങൾ, റോബോട്ടിക് വാക്വം ക്ലീനറുകൾ എന്നിവ ലക്ഷ്യമിട്ട് വൻതോതിലുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നതായി യുഎഇ ഗവൺമെന്റ് സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി. മേഖലയിലെ സമീപകാല സംഘർഷങ്ങൾക്ക് പിന്നാലെ പ്രതിദിനം 2 ലക്ഷം മുതൽ 3 ലക്ഷം വരെ ഉണ്ടായിരുന്ന സൈബർ ആക്രമണങ്ങൾ 8 ലക്ഷത്തിന് മുകളിലായി കുതിച്ചുയർന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഖലീജ് ടൈംസ് സംഘടിപ്പിച്ച ‘ഫ്യൂച്ചർസെക്’ (FutureSec) കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ആളുകളിൽ ഭീതി പടർത്താൻ ഐഒടി (IoT) ഉപകരണങ്ങളെയാണ് ഹാക്കർമാർ പ്രധാനമായും ദുരുപയോഗം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കൽ, ഫിഷിംഗ്, വ്യക്തികളെയും സ്ഥാപനങ്ങളെയും അനുകരിക്കൽ തുടങ്ങിയ രീതികളാണ് നടപ്പിലാക്കുന്നത്. കൂടാതെ വിവരങ്ങൾ മോഷ്ടിക്കുന്നതിന് പകരം പൂർണ്ണമായി നശിപ്പിച്ചുകളയുന്ന ‘വൈപ്പർ’ (Wiper) മാൽവെയറുകളും ഊർജ്ജം, ജലം, ആരോഗ്യ മേഖലകളെ ലക്ഷ്യമിട്ട് പ്രയോഗിക്കുന്നുണ്ട്. എന്നാൽ യുഎഇയുടെ മികച്ച സൈബർ സുരക്ഷാ മാതൃക നിലവിൽ 25-ലധികം രാജ്യങ്ങൾ പിന്തുടരുന്നുണ്ടെന്നും ബോധവൽക്കരണത്തിലൂടെ പ്രതിരോധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like