19
ദുബായ് : കൃത്രിമ ബുദ്ധിയുടെ (AI) സഹായത്തോടെയുള്ള പുതിയ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ കർശന മുന്നറിയിപ്പുമായി യു.എ.ഇ അധികൃതർ. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, ഡീപ്ഫേക്കുകൾ, അക്കൗണ്ട് ചോർത്തലുകൾ എന്നിവ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം പുതിയ ബോധവൽക്കരണ കാമ്പെയ്ൻ ആരംഭിച്ചു. ഒക്ടോബർ മാസം ആചരിക്കുന്ന സൈബർ സുരക്ഷാ മാസത്തോടനുബന്ധിച്ചാണ് ‘യു.എ.ഇ സേഫ് ത്രൂ യുവർ ഡിജിറ്റൽ അവെയർനെസ്’ (UAE Safe Through Your Digital Awareness) എന്ന കാമ്പെയ്ൻ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം, ദുബായ് പോലീസ്, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് പൊതുജനങ്ങളെ പൂർണ്ണമായും സംരക്ഷിക്കുകയാണ് കാമ്പെയ്ന്റെ ലക്ഷ്യമെന്ന് ദുബായ് പോലീസ് സി.ഐ.ഡി ഡയറക്ടർ ബ്രിഗേഡിയർ സയീദ് മുഹമ്മദ് അൽ ഹജെരി വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ ആഗോളതലത്തിൽ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.