Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:49 PM

വില്ലയുടെ പകുതി തുക മുൻ ഭർത്താവ് നൽകണം

8.96 ലക്ഷം ദിർഹം തിരികെ നൽകാൻ ദുബായ് കോടതി ഉത്തരവ്

by Raneesha Razak

ദുബായ് : സംയുക്ത ഉടമസ്ഥതയിലുള്ള വില്ലയുടെ മുഴുവൻ തുകയും ചെലവഴിച്ച മുൻ ഭാര്യയ്ക്ക് പകുതി തുകയായ 8,96,841 ദിർഹം തിരികെ നൽകാൻ മുൻ ഭർത്താവിനോട് ഉത്തരവിട്ട് ദുബായ് സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. വില്ലയുടെ ഡൗൺ പേയ്‌മെന്റ്, മോർഗേജ്, പലിശ, രജിസ്‌ട്രേഷൻ ഫീസ് എന്നിവ പൂർണ്ണമായും ഭാര്യയാണ് അടച്ചതെന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്നാണ് ഈ വിധി. മുൻ ഭർത്താവ് പണം നൽകിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് തുക തിരികെ നൽകാൻ ഉത്തരവായത്.
എന്നാൽ, മുൻ ഭർത്താവിന് വായ്പയായി നൽകിയതാണെന്ന് കാണിച്ച് 6.79 ലക്ഷം ദിർഹം കൂടി തിരികെ വേണമെന്ന ഭാര്യയുടെ ആവശ്യം കോടതി തള്ളി. ബാങ്ക് ട്രാൻസ്ഫർ രേഖകൾ മാത്രം കടമായി നൽകിയ തുകയാണെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ ഹർജി നിരസിച്ചത്. കൂടാതെ, വില്ലയിൽ നിന്നുള്ള വാടക വിഹിതവും നൽകിയ തുകയും തിരികെ വേണമെന്ന മുൻ ഭർത്താവിന്റെ എതിർ ഹർജിയും തെളിവുകളില്ലാത്തതിനാൽ കോടതി തള്ളി. കേസ് നൽകിയ തീയതി മുതൽ 5 ശതമാനം നിയമപരമായ പലിശയും കോടതിച്ചെലവുകളും മുൻ ഭർത്താവ് നൽകണം.

You may also like