ദുബായ് : റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കഴിഞ്ഞ വർഷം ഡിജിറ്റൽ ചാനലുകൾ വഴി 530 കോടി ദിർഹം (Dh5.3 billion) വരുമാനം സ്വന്തമാക്കി. കൃത്രിമബുദ്ധിയും (AI) അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ആർടിഎയുടെ പ്രവർത്തനങ്ങളാണ് വരുമാനത്തിൽ മുൻവർഷത്തെക്കാൾ 20.6 ശതമാനം വളർച്ച നേടിക്കൊടുത്തത്. കഴിഞ്ഞ വർഷം മാത്രം 62.8 കോടിയിലധികം ഡിജിറ്റൽ ഇടപാടുകളാണ് അതോറിറ്റി രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്.
നിലവിൽ ദുബായിൽ ആർടിഎ സേവനങ്ങൾ ഉപയോഗിക്കുന്നവരിൽ 96 ശതമാനം പേരും ഓൺലൈൻ അല്ലെങ്കിൽ സ്മാർട്ട് സംവിധാനങ്ങളാണ് ആശ്രയിക്കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് 98 ശതമാനത്തിൽ എത്തിയതായും ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. കേവലം സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ എന്നതിനപ്പുറം, ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടിസ്ഥാനമാക്കിയുള്ള ഒരു സമഗ്ര ഡിജിറ്റൽ ഇക്കോസിസ്റ്റം നിർമ്മിക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. ദുബായെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ നേട്ടം.