Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 02:46 AM

ബലിപെരുന്നാൾ അവധിദിനങ്ങളിൽ ദുബായ് പാർക്കുകളിലെത്തിയത് പത്ത് ലക്ഷത്തിലധികം സന്ദർശകർ

by Raneesha Razak

ദുബായ്: ബലിപെരുന്നാൾ അവധി ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ പൊതു പാർക്കുകളിലും വിനോദകേന്ദ്രങ്ങളിലും റെക്കോർഡ് ജനത്തിരക്ക്. മേയ് 22 മുതൽ മേയ് 31 വരെയുള്ള പെരുന്നാൾ അവധിദിനങ്ങളിൽ മാത്രം 10,81,603 സന്ദർശകരാണ് ദുബായിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് താമസക്കാരും വിനോദസഞ്ചാരികളുമാണ് അവധി ആഘോഷിക്കാൻ നഗരത്തിലെ ഹരിതാഭമായ പാർക്കുകളിലും പ്രത്യേക വിനോദ വേദികളിലും ഒത്തുകൂടിയത്.

പെരുന്നാൾ പ്രമാണിച്ചുള്ള വൻ ജനത്തിരക്ക് മുൻകൂട്ടി കണ്ട് വിപുലമായ ഒരുക്കങ്ങളാണ് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നത്. സന്ദർശകർക്ക് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിൽ പെരുന്നാൾ ആഘോഷിക്കാൻ ആവശ്യമായ പൊതു സൗകര്യങ്ങളും കുടുംബങ്ങൾക്കായി പ്രത്യേക വിനോദ പരിപാടികളും അധികൃതർ ഒരുക്കിയിരുന്നു. വിവിധ പ്രായത്തിലുള്ളവർക്കും വ്യത്യസ്ത രാജ്യക്കാർക്കും ആസ്വദിക്കാൻ പാകത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികളാണ് അവധിദിനങ്ങളിൽ അരങ്ങേറിയത്. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ദുബായ് ഫ്രെയിമിൽ നടന്ന തത്സമയ സംഗീത പരിപാടികൾ സന്ദർശകർക്ക് വേറിട്ടൊരു അനുഭവമായി മാറി.

പൊതുജനങ്ങളുടെ ജീവിതനിലവാരവും സന്തോഷവും വർദ്ധിപ്പിക്കുന്നതിനായി സംയോജിത വിനോദ-വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ വിജയമാണ് ഈ വലിയ സന്ദർശക പങ്കാളിത്തം അടിവരയിടുന്നത്. വർഷം മുഴുവനും ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവുമായ വിനോദ അവസരങ്ങൾ നൽകുന്നതിലൂടെ ആഗോളതലത്തിൽ തന്നെ മുൻനിര ആഘോഷ കേന്ദ്രമെന്ന ദുബായുടെ പദവി കൂടുതൽ ശക്തമാക്കാൻ ഈ മുന്നൊരുക്കങ്ങൾക്ക് സാധിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

You may also like