Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 03:25 AM

ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു

by Raneesha Razak

ഷാർജ : ഷാർജയിൽ താമസസ്ഥലത്തെ അപ്പാർട്ട്മെന്റ് ഇടനാഴിയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനലിലൂടെ താഴേക്ക് വീണു മരിച്ചു. പാകിസ്താൻ സ്വദേശിയായ മുഹമ്മദ് അർഷമാൻ എന്ന കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരേ കെട്ടിടത്തിൽ താമസിക്കുന്ന പത്ത് വയസ്സോളം പ്രായമുള്ള രണ്ട് പെൺകുട്ടികൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ മനഃപൂർവ്വം ജനൽക്കരികിലേക്ക് വിളിച്ചുവരുത്തി താഴേക്ക് എറിഞ്ഞതാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്.

അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടികൾ കുഞ്ഞുമായി ഇടനാഴിയിൽ കളിക്കുന്നത് കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ അമ്മ വീടിനുള്ളിലേക്ക് കയറിയ സമയത്താണ് ഈ ദൂരന്തം. പെൺകുട്ടികളിൽ ഒരാൾ വാതിലിൽ കാവൽ നിൽക്കുകയും മറ്റേ പെൺകുട്ടി അമ്മ വിളിക്കുന്നത് പോലെ ആംഗ്യം കാണിച്ച് കുഞ്ഞിനെ ജനലിനടുത്തേക്ക് ആകർഷിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ എടുത്ത് മൂന്നാം നിലയിലെ ജനൽ വിടവിലൂടെ 14 മീറ്ററോളം താഴ്ചയിലേക്ക് എറിയുകയായിരുന്നു എന്ന് പിതാവ് സജ്ജാദ് ഹുസൈൻ സിസിടിവി ദൃശ്യങ്ങൾ ഉദ്ധരിച്ച് വ്യക്തമാക്കി.

സംഭവത്തിന് ശേഷം യാതൊരു ഭയവുമില്ലാതെ സാധാരണ രീതിയിലാണ് പെൺകുട്ടികൾ പെരുമാറിയതെന്ന് കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ കാവൽക്കാരനാണ് പോലീസിൽ വിവരമറിയിച്ചത്. ഷാർജ പോലീസും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും (CID) സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നിലവിൽ കേസ് കൂടുതൽ അന്വേഷണങ്ങൾക്കായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.

You may also like