Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:48 PM

ഇത്തിഹാദ് റെയിൽ സർവീസ് ഉടൻ ആരംഭിക്കുന്നു

by Raneesha Razak
ദുബായ് : യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് ദുബായ്-അബുദാബി ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്രാസമയം വെറും 57 മിനിറ്റായി ചുരുക്കുന്ന ഈ അതിവേഗ ട്രെയിൻ സർവീസ് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ടിക്കറ്റ് ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും അധികം വൈകാതെ തന്നെ ടിക്കറ്റ് വിൽപ്പന പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിലെ ദുബായ് അൽ യലായിസ് സ്റ്റേഷനിൽ നിന്നാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ദുബായ് മെട്രോ റെഡ് ലൈനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഈ സ്റ്റേഷനിൽ നിന്നും അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി (MBZ) സ്റ്റേഷനിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. റോഡ് മാർഗമുള്ള ഗതാഗതക്കുരുക്കിന് വിരാമമിട്ട് കുറഞ്ഞ ചെലവിൽ ഇരു എമിറേറ്റുകൾക്കുമിടയിൽ വേഗത്തിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും.
തുടക്കത്തിൽ സെപ്റ്റംബർ 22-ന് ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നെങ്കിലും പിന്നീട് താത്കാലികമായി മാറ്റിവെക്കുകയായിരുന്നു. യാത്രക്കാർക്കായി വിവിധ തരത്തിലുള്ള ടിക്കറ്റുകളും ആനുകൂല്യങ്ങളും ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ദുബായ് മെട്രോയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് അൽ യലായിസ് സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ദിവസേന ജോലിക്കായി യാത്ര ചെയ്യുന്നവർക്കും ബിസിനസ്സ് യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഇത്തിഹാദ് റെയിൽ യുഎഇയുടെ പൊതുഗതാഗത രംഗത്ത് വൻ മാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You may also like