40
ദുബായ് : ആകാശയാത്രകളെ പുതിയ തലത്തിലേക്ക് ഉയർത്താൻ പുത്തൻ പദ്ധതിയുമായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM 2026) വേദിയിൽ പുതിയ എയർബസ് എ330 വിമാനങ്ങളിലെ അത്യാധുനിക ക്യാബിനുകൾ കമ്പനി ഔദ്യോഗികമായി പുറത്തിറക്കി. ആഡംബരത്തിന്റെ പുതിയ പ്രൗഢി വിളിച്ചോതുന്ന നാല് സീറ്റ് ഫസ്റ്റ് ക്ലാസ് ക്യാബിനുകൾ, ഫുള്ളി ലൈ-ഫ്ലാറ്റ് ബിസിനസ് സൂറ്റുകൾ, മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന അപ്ഗ്രേഡ് ചെയ്ത ഇക്കണോമി സീറ്റുകൾ എന്നിവയാണ് പുതിയ ഫ്ലീറ്റിൽ ഒരുക്കിയിരിക്കുന്നത്.
‘ബിയോണ്ട് ബോർഡേഴ്സ്’ എന്ന പേരിൽ അവതരിപ്പിച്ച പുതിയ പദ്ധതിയിലൂടെ വിമാനത്തിനകത്തെ സൗകര്യങ്ങൾ മാത്രമല്ല മാറ്റിമറിക്കുന്നത്. വിമാനത്താവളത്തിലെ ലോഞ്ചുകൾ, ഭക്ഷണരീതികൾ, വെൽനെസ്സ് സേവനങ്ങൾ, ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി എന്നിവയെല്ലാം അടിമുടി നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ വിമാനങ്ങളും കസ്റ്റമർ എക്സ്പീരിയൻസും മെച്ചപ്പെടുത്തുന്നതിനായി 20 ബില്യൺ ഡോളറിന്റെ ബൃഹത്തായ നിക്ഷേപമാണ് ഇത്തിഹാദ് നടപ്പിലാക്കുന്നത്. ഇതിൽ 1 ബില്യൺ ഡോളർ നിലവിലുള്ള ഫ്ലീറ്റുകളുടെ നവീകരണത്തിനായി (Retrofit) മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. കേവലം ഒരു സീറ്റിൽ ഒതുങ്ങുന്നതല്ല യാത്രയെന്നും, അതിലുപരിയായ സമ്പൂർണ്ണ യാത്രാനുഭവമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.