16
ദുബായ് : വിദേശയാത്രകൾക്ക് പോകുന്നവർക്ക് ആശ്വാസമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സേവനം ആരംഭിച്ചു. ഇനി വെറും അഞ്ച് മിനിറ്റിനുള്ളിൽ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് (International Driving Permit) എയർപോർട്ടിൽ നിന്നും കരസ്ഥമാക്കാം. ടെർമിനൽ 3 അറൈവൽസിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. യുഎഇ ഡ്രൈവിങ് ലൈസൻസുള്ള പൗരന്മാർക്കും ഇവിടെയുള്ള താമസക്കാർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (GDRFA Dubai), ആർടിഎയും (RTA), എമിറേറ്റ്‌സ് ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബും ആമറും സംയുക്തമായാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എയർപോർട്ടിൽവെച്ച് തന്നെ ലൈസൻസ് സ്വന്തമാക്കാൻ ഇതുവഴി സാധിക്കും.
ആവശ്യമായ രേഖകൾ:
-
എമിറേറ്റ്സ് ഐഡി (Emirates ID)
-
സാധുതയുള്ള യുഎഇ ഡ്രൈവിങ് ലൈസൻസ്
-
പാസ്പോർട്ടിന്റെ പകർപ്പ്
-
പാസ്പോർട്ട് സൈസ് ഫോട്ടോ
വിദേശരാജ്യങ്ങളിൽ വാഹനം ഓടിക്കാൻ സഹായിക്കുന്ന രാജ്യാന്തര അംഗീകാരമുള്ള ലൈസൻസിന്റെ വിവർത്തനമാണ് ഈ പെർമിറ്റ്. ഇതുവഴി പ്രത്യേക ഡ്രൈവിങ് ടെസ്റ്റുകളോ മറ്റ് പ്രാദേശിക ലൈസൻസുകളോ ഇല്ലാതെ തന്നെ വിദേശങ്ങളിൽ നിയമപരമായി വണ്ടി ഓടിക്കാം. നൽകുന്ന തീയതി മുതൽ ഒരു വർഷമാണ് ഇതിന്റെ കാലാവധി. നിലവിൽ ആർടിഎ വഴിയും ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബ് വഴിയും ഓൺലൈനായും അല്ലാതെയും ഈ പെർമിറ്റ് ലഭ്യമാണ്. എയർപോർട്ടിലെ പുതിയ അഞ്ച് മിനിറ്റ് സേവനത്തിനുള്ള ഫീസ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അധികൃതർ പിന്നീട് അറിയിക്കും. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.