5
അബുദാബി : യഥാർത്ഥ ബിസിനസ്സ് പങ്കാളികളെന്ന വ്യാജേന വ്യാജ ഇമെയിലുകൾ അയച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാറ്റാനും പണം തട്ടിയെടുക്കാനും ശ്രമിക്കുന്ന പുതിയ തട്ടിപ്പ് രീതിക്കെതിരെ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. കമ്പനികളുടെ ഔദ്യോഗിക ഇടപാടുകളിലെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പുകാർ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ അയക്കുന്നത്.
യഥാർത്ഥ ബിസിനസ്സ് കത്തിടപാടുകൾ ദുരുപയോഗം ചെയ്ത് ബാങ്ക് വിവരങ്ങളിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിനാൽ തട്ടിപ്പ് തുടക്കത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. പണം കൈമാറിയ ശേഷം മാത്രമാണ് പലപ്പോഴും തട്ടിപ്പ് പുറത്തുവരുന്നത്, ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും പോലീസ് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്ന ഇമെയിലുകൾ മാത്രം അടിസ്ഥാമാക്കി പണമിടപാടുകൾ നടത്തരുതെന്നും, സ്ഥാപനങ്ങളുടെ ഔദ്യോഗിക ആശയവിനിമയ മാർഗ്ഗങ്ങളിലൂടെ ഇവ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അബുദാബി പോലീസ് നിർദ്ദേശിച്ചു. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ജീവനക്കാർക്കിടയിൽ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും പോലീസ് വ്യക്തമാക്കി.