15
ദുബായ് : 2026-2027 അക്കാദമിക് വർഷത്തിന്റെ രണ്ടാം ആഴ്ച ആരംഭിച്ചതോടെ, വിദ്യാർത്ഥികളുടെ പൊതുരൂപം, പെരുമാറ്റം, ഭക്ഷണശീലങ്ങൾ എന്നിവയിൽ കർശന നിയന്ത്രണങ്ങളുമായി യുഎഇയിലെ വിവിധ സർക്കാർ, സ്വകാര്യ സ്കൂൾ അധികൃതർ. തലയുടെ ഒരു ഭാഗം മാത്രം വടിച്ചും മറുഭാഗം നീട്ടി വളർത്തിയുമുള്ള ‘ഖസ’ (qaza) ഹെയർകട്ടുകൾ, എല്ലാത്തരം നീളമുള്ള മുടികൾ, സ്കൂൾ പരിസരത്ത് ഹുഡികൾ ധരിക്കുന്നത് എന്നിവയ്ക്ക് സ്കൂളുകളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്‌സ്, എനർജി ഡ്രിങ്ക്‌സ്, എല്ലാത്തരം ചിപ്സുകൾ എന്നിവ കൊണ്ടുവരുന്നതിനും കർശന വിലക്കുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സ്കൂൾ വേഷത്തിലും പെരുമാറ്റത്തിലും ഏകീകൃത സ്വഭാവം കൊണ്ടുവരാനും, വിദ്യാഭ്യാസ മൂല്യങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടികൾ. സ്കൂൾ ഗേറ്റിൽ പ്രവേശിക്കുന്ന സമയം മുതൽ ഈ നിയമങ്ങൾ ബാധകമാണ്. നിരോധിച്ച ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ കൈവശം വെക്കുകയോ കഴിക്കുകയോ ചെയ്യുന്നത് കണ്ടെത്തിയാൽ അവ പിടിച്ചെടുക്കുകയും ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യും. തുടർന്ന് പെരുമാറ്റച്ചട്ടപ്രകാരം മാർക്ക് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സ്കൂളുകൾ വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ കാന്റീനിൽ ലഭ്യമാകുന്ന അംഗീകൃത ഭക്ഷണങ്ങൾ മാത്രം ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശം നൽകി.