15
അബുദാബി : സൗദി അറേബ്യയിലെ അഖ്ബ, ഖമീസ് മുഷൈത്, ജസാൻ, നജ്റാൻ എന്നീ നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ഗ്രൂപ്പ് നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലചിച്ച് യുഎഇ. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നിരവധി സിവിലിയന്മാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ഈ ആക്രമണങ്ങളെ യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) കടുത്ത ഭാഷയിൽ അപലപിച്ചു. ചെങ്കടലിലെ കപ്പലുകൾക്ക് നേരെ തുടരുന്ന ആക്രമണങ്ങൾ സമുദ്ര ഗതാഗത സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി.
സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെയുള്ള വെല്ലുവിളിയുമാണ് ഈ ആക്രമണങ്ങളെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.