ദുബായ്: യുഎഇയിലെ സെക്കൻഡറി ലെവൽ (Third-cycle) വിദ്യാർത്ഥികൾക്കായുള്ള 2026-27 അധ്യയന വർഷത്തെ മൂല്യനിർണ്ണയ രീതികളും വിജയിക്കാനുള്ള പുതിയ നിബന്ധനകളും വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രധാന വിഷയങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് (A) വിഷയങ്ങളുടെ ആകെ മാർക്കിന്റെ 50 ശതമാനം സെൻട്രലൈസ്ഡ് പരീക്ഷകൾക്കും ബാക്കി 50 ശതമാനം സ്കൂൾ തല മൂല്യനിർണ്ണയങ്ങൾക്കുമായി വിഭജിച്ചു. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, അറബിക്, ഇസ്ലാമിക് എജ്യുക്കേഷൻ, സോഷ്യൽ സ്റ്റഡീസ്, മോറൽ എജ്യുക്കേഷൻ എന്നിവയാണ് ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ തുടങ്ങിയ ഗ്രൂപ്പ് (B) വിഷയങ്ങൾക്ക് 100 ശതമാനവും സ്കൂൾ അധിഷ്ഠിത മൂല്യനിർണ്ണയമായിരിക്കും.
അടുത്ത ക്ലാസിലേക്ക് വിജയിച്ചു കയറുന്നതിന് മന്ത്രാലയം മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഗ്രൂപ്പ് എയിലെ എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുക, സ്വഭാവഗുണത്തിന് (Conduct) 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ഉണ്ടായിരിക്കുക, അധ്യയന വർഷത്തിൽ കാര്യകാരണമില്ലാത്ത ഹാജരില്ലായ്മ (Unjustified absence) തുടർച്ചയായതോ അല്ലാത്തതോ ആയ 15 ദിവസത്തിൽ കൂടാതിരിക്കുക എന്നിവയാണവ. പരീക്ഷാ ദിനങ്ങൾ, വെള്ളിയാഴ്ചകൾ, അവധി ദിവസങ്ങൾക്ക് തൊട്ടുമുമ്പും ശേഷവുമുള്ള ദിവസങ്ങൾ എന്നിവിടങ്ങളിലെ അനാവശ്യ അവധികൾ ഇരട്ടി ഡേയ്സ് (Double absence) ആയി കണക്കാക്കും. തോൽക്കുന്ന വിഷയങ്ങൾക്ക് റീടെസ്റ്റ് എഴുതാൻ ഒരു അവസരം നൽകുമെങ്കിലും, അതിൽ ലഭിക്കുന്ന ഉയർന്ന മാർക്ക് 60 ശതമാനമായി മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.