ദുബായ് : പത്ത് വർഷത്തെ കാലാവധിയുള്ള ഫിലിപ്പീൻസ് പാസ്പോർട്ടുകളുടെ ആദ്യ ബാച്ചിന്റെ കാലാവധി അവസാനിക്കാറായതോടെ, അപേക്ഷകരുടെ വലിയ തിരക്ക് നേരിടാൻ സജ്ജമായി ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറൽ. അടുത്ത വർഷം മുതൽ പാസ്പോർട്ട് പുതുക്കുന്നതിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് ഫിലിപ്പീൻസ് കോൺസൽ ജനറൽ അംബ്രോസിയോ ബ്രയാൻ എൻസിസോ മൂന്നാമൻ വ്യക്തമാക്കി.
പത്ത് വർഷത്തെ കാലാവധിയുള്ള പാസ്പോർട്ടുകൾ 2028-ൽ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്. വിദേശയാത്രകൾക്ക് പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ പ്രാബല്യം വേണമെന്നിരിക്കെ, അടുത്ത വർഷം മുതൽ തന്നെ നിരവധി യാത്രക്കാർ പാസ്പോർട്ട് പുതുക്കാനായി കോൺസുലേറ്റിനെ സമീപിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. തിരക്ക് ഒഴിവാക്കാൻ ആവശ്യമായ സംവിധാനങ്ങൾ കോൺസുലേറ്റിൽ ഒരുക്കുന്നുണ്ട്.
UAE News
വ്യാജ വെബ്സൈറ്റുകൾക്കും സോഷ്യൽ മീഡിയ തട്ടിപ്പുകൾക്കുമെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ് : ഗ്ലോബൽ വില്ലേജ് സീസൺ 31-ന്റെ പ്രവേശന പാക്കേജുകളുടെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്. സീസൺ 31 വിഐപി പാക്കുകൾ (VIP Packs) ഓഫർ ചെയ്തുകൊണ്ട് വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും നിർമ്മിച്ച് പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. കോക്ക കോള അരീനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് വിഐപി പാക്കുകളുടെ വിൽപ്പന നടക്കുന്നത്.
സെപ്റ്റംബർ 21 മുതൽ 25 വരെയാണ് പ്രീ-സെയിൽസ് നടത്തുന്നത്. തുടർന്ന് സെപ്റ്റംബർ 26 മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ലഭ്യമാകും. ഔദ്യോഗിക പേജുകൾക്ക് സമാനമായി തോന്നിക്കുന്ന വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർമ്മിച്ചാണ് തട്ടിപ്പുകാർ ആളുകളെ വഞ്ചിക്കുന്നത്. വലിയ ഓഫറുകളിലും കുറഞ്ഞ നിരക്കിലുള്ള വാഗ്ദാനങ്ങളിലും വീഴരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു. സംശയാസ്പദമായ ലിങ്കുകളോ പേജുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ ‘eCrime’ പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിലോ ഉടൻ പരാതിപ്പെടാം.
യുഎഇ : പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക നാഴികക്കല്ല് കുറിച്ച് യുഎഇ പസഫിക് ഐലൻഡ്സ് ഫോറത്തിന്റെ (PIF) സ്ട്രാറ്റജിക് പാർട്ണറായി (Strategic Partner) ചേർന്നു. പലാവുവിലെ കൊറോറിൽ നടന്ന 55-ാമത് പസഫിക് ഐലൻഡ്സ് ഫോറം ലീഡേഴ്സ് മീറ്റിംഗിന്റെ ഭാഗമായി ചേർന്ന ലീഡേഴ്സ് റിട്രീറ്റിലാണ് ഈ തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യ, യുഎസ്, ചൈന, യുകെ, ജർമ്മനി, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള ഫോറത്തിന്റെ മറ്റ് 12 സ്ട്രാറ്റജിക് പാർട്ണർമാരുടെ നിരയിലേക്ക് യുഎഇയും എത്തുക്കുകയാണ്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വേണ്ടി സഹമന്ത്രി നൂറ ബിന്ത് മുഹമ്മദ് അൽ കാബി ഉച്ചകോടിയിൽ പങ്കെടുത്തു. പുനരുപയോഗ ഊർജ്ജം, കാലാവസ്ഥാ പ്രതിരോധം, ഡിജിറ്റൽ പരിവർത്തനം, വിദ്യാഭ്യാസം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ പസഫിക് രാജ്യങ്ങളുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഈ പങ്കാളിത്തം വഴിയൊരുക്കും. പുതിയ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് വഴി വ്യാപാരം, നിക്ഷേപം, ബിസിനസ്സ് പങ്കാളിത്തം എന്നിവയിൽ പസഫിക് മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കപ്പെടുമെന്ന് നൂറ അൽ കാബി വ്യക്തമാക്കി.
സഞ്ചാരികളുടെ അനുഭവനിലവാരം ഉയർത്താൻ 11 മേഖലകളിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി അബുദാബി
അബുദാബി : എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച സേവനവും അനുഭവവും ഉറപ്പാക്കുന്നതിനായി 11 പ്രധാന മേഖലകളെ ഉൾപ്പെടുത്തി ‘വിസിറ്റർ എക്സ്പീരിയൻസ്’ (VX) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് (DCT Abu Dhabi). ടൂറിസം മേഖലയിലെ സേവനങ്ങളിൽ അന്താരാഷ്ട്ര ഗുണനിലവാരം പുലർത്താനും അബുദാബിയുടെ ആഗോള പ്രതിച്ഛായ കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പുതിയ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്.
സാംസ്കാരിക കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, ഗതാഗതം, വിനോദ കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി, ടൂർ ഗൈഡുകൾ, ഇൻഫർമേഷൻ സെന്ററുകൾ, ഇവന്റുകൾ, ക്രൂയിസ് ടെർമിനൽ, വിമാനത്താവളം, മാളുകൾ എന്നീ 11 മേഖലകളിലാണ് പ്രധാനമായും പുതിയ മാനദണ്ഡങ്ങൾ ബാധകമാക്കുക. അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിലുമായി സഹകരിച്ച് തയ്യാറാക്കിയ ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പരിശോധനകളും ഓഡിറ്റുകളും നടത്തുമെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. അബുദാബി ടൂറിസം സ്ട്രാറ്റജി 2030 ലക്ഷ്യങ്ങൾ വേഗത്തിലാക്കാൻ ഈ നടപടി സഹായിക്കും.
ദുബായ് മാരത്തൺ രണ്ടാം പതിപ്പ് സമാപിച്ചു; 1.6 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു
ദുബായ് : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ‘ദുബായ് മല്ലത്തൺ’ (Dubai Mallathon) രണ്ടാം പതിപ്പിന് ആവേശകരമായ സമാപനം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ദുബായ് സ്പോർട്സ് കൗൺസിലും പ്രതിരോധ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ഈ കായിക മാമാങ്കത്തിൽ 160,475 ആളുകൾ പങ്കെടുത്തു. വിവിധ മാളുകളിലായി നടന്ന നടപ്പിലൂടെയും ഓട്ടത്തിലൂടെയും പങ്കെടുത്തവർ ആകെ 29 കോടിയിലേറെ (290 million) ചുവടുകളാണ് രേഖപ്പെടുത്തിയത്.
വേനൽക്കാലത്ത് മാളുകളെയും പ്രധാന കേന്ദ്രങ്ങളെയും ഇൻഡോർ കായിക വേദികളാക്കി മാറ്റിയ ഈ പദ്ധതിയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ഡിഐഎഫ്സി (DIFC), ഇബ്ന് ബത്തൂത്ത മാൾ, ദുബായ് മാൾ, മോൾ ഓഫ് ദി എമിറേറ്റ്സ് തുടങ്ങി 8-ലധികം കേന്ദ്രങ്ങൾ പങ്കാളികളായി. സമാപനത്തോടനുബന്ധിച്ച് ദുബായ് മാളിൽ 42.195 കിലോമീറ്റർ ഫുൾ മാരത്തണും 21 കിലോമീറ്റർ ഹാഫ് മാരത്തണും സംഘടിപ്പിച്ചിരുന്നു. ദുബായ് സോഷ്യൽ അജണ്ട 33, ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ വലിയ കായിക സംരംഭം വിജയകരമായി പൂർത്തിയാക്കിയത്.
തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ഒരാൾക്ക് കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ സ്ഥലം വേണം
ദുബായ് : തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ഓരോ വ്യക്തിക്കും കിടക്കാൻ കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ സ്ഥലം നിർബന്ധമായും ലഭ്യമാക്കണമെന്ന് ദുബായ് മുൻസിപ്പാലിറ്റി. തൊഴിലാളി കേന്ദ്രങ്ങളിലെ ജീവിതനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്നതിനായി ആവിഷ്കരിച്ച വിപുലമായ പദ്ധതിയുടെ ഭാഗമായാണ് നഗരസഭ ഈ മാനദണ്ഡങ്ങൾ വീണ്ടും ഓർമ്മപ്പെടുത്തിയത്. ഇതിനുപുറമെ, ഒരാൾക്ക് 0.75 മുതൽ 1.5 ചതുരശ്ര മീറ്റർ വരെ തുറസ്സായ സ്ഥലവും വിനോദ സൗകര്യങ്ങളും നൽകണമെന്നും മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു.
തൊഴിലാളി താമസകേന്ദ്രങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്ന ‘വർക്കേഴ്സ് അക്കൊമഡേഷൻ പോളിസി’യുടെ ഭാഗമായി 1,417-ലധികം തൊഴിലാളി ക്യാമ്പുകളിൽ മുൻസിപ്പാലിറ്റി സമഗ്രമായ സർവേ നടത്തി. മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തിയ 19 മാതൃകാ താമസകേന്ദ്രങ്ങളെ വിലയിരുത്തുകയും അതിൽ 7 എണ്ണത്തിന് സിൽവർ, 9 എണ്ണത്തിന് ഗോൾഡ്, 3 എണ്ണത്തിന് പ്ലാറ്റിനം പദവികളും നൽകി. തൊഴിലാളി കേന്ദ്രങ്ങളുടെ വികസനത്തിനും കൃത്യമായ വിവരശേഖരണത്തിനുമായി ഏകീകൃത സർക്കാർ ഡാറ്റാബേസും ദുബായ് മുൻസിപ്പാലിറ്റി വികസിപ്പിച്ചിട്ടുണ്ട്.
അബുദാബി : ഭരണനിർവ്വഹണത്തിലും നയരൂപീകരണത്തിലും നിർമ്മിത ബുദ്ധിയുടെ (AI) സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തി അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഏജന്റിക് എഐ (Agentic AI) അധിഷ്ഠിതമായ ‘എഐ കമ്മിറ്റി സിസ്റ്റം’ ആദ്യമായി ഉപയോഗിച്ചത്. വിവരങ്ങൾ വിശകലനം ചെയ്യാനും തത്സമയ നിർദ്ദേശങ്ങൾ നൽകാനും ഈ സംവിധാനം സഹായിച്ചു.
യോഗത്തിൽ ‘അബുദാബി ലൈവബിലിറ്റി സ്ട്രാറ്റജി’യുടെ രണ്ടാം ഘട്ടത്തിനും കൗൺസിൽ അംഗീകാരം നൽകി. ഇതിനുപുറമെ, 2029 ഓടെ ‘അൽ ഗാദ്’ നഴ്സറികളിലെ സീറ്റുകളുടെ എണ്ണം 12,000 ആയി ഉയർത്താനും ഇത് വഴി 1,000 എമിറാത്തി സ്ത്രീകൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തീരുമാനമായി. വന്ധ്യതാ ചികിത്സാ രംഗത്ത് 2030-ഓടെ ഐവിഎഫ് (IVF) വിജയശതമാനം 80 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്ന പ്രത്യുത്പാദന ആരോഗ്യ പദ്ധതിക്കും സ്കൂളുകളിൽ കെ-12 തലം വരെ എഐ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്ന നടപടികൾക്കും യോഗം വിലയിരുത്തൽ നടത്തി.
അപൂർവ രോഗചികിത്സയിലും ജീൻ തെറാപ്പിയിലും ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമായി ദുബായ്
ദുബായ് : സാധാരണ മെഡിക്കൽ ടൂറിസം രീതികളിൽ നിന്ന് മാറി, അപൂർവ ജനിതക രോഗങ്ങൾക്കും (Rare and Complex Diseases) ജീൻ തെറാപ്പി ചികിത്സകൾക്കുമുള്ള ആഗോള കേന്ദ്രമായി ദുബായ് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അത്യാധുനിക സാങ്കേതികവിദ്യ, ലോകോത്തര ഡോക്ടർമാരുടെ സേവനം, മറ്റ് രാജ്യങ്ങളിൽ ലഭ്യമാകാത്ത നൂതന ജീൻ തെറാപ്പി ചികിത്സകൾ എന്നിവയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള രോഗികളെ ദുബായിലേക്ക് ആകർഷിക്കുന്നത്.
യുഎഇയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ മെഡ്കെയർ (Medcare Hospitals) മാത്രം സ്പൈനൽ മസ്കുലാർ അട്രോഫി (SMA), ഡുഷെൻ മസ്കുലാർ ഡിസ്ട്രോഫി (DMD) എന്നീ അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 280-ഓളം അന്താരാഷ്ട്ര രോഗികളെയാണ് ഇതുവരെ ചികിത്സിച്ചത്. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, സെൻട്രൽ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള രോഗികളാണ് ഇവിടേക്ക് എത്തിയിട്ടുള്ളത്. ഓങ്കോളജി, കാർഡിയാക്, ന്യൂറോ സർജറി, ജീൻ തെറാപ്പി, ഓർത്തോപീഡിക് മേഖലകളിൽ അത്യാധുനിക പരിചരണം നൽകുന്നതിലൂടെ ആഗോള ഹെൽത്ത്കെയർ ഹബ്ബായി ദുബായ് വളരുകയാണ്.
ദുബായ് : കവർച്ച ചെയ്യപ്പെട്ട 190,000 ദിർഹം കേവലം നാല് മിനിറ്റിനുള്ളിൽ കണ്ടെടുത്ത് പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. നൈഫ് പോലീസ് സ്റ്റേഷനിലെ ഇലക്ട്രിക് സ്കൂട്ടർ പട്രോളിംഗ് (E-Scooter Patrol) ടീമിന്റെ ദ്രുതഗതയിലുള്ള പട്രോളിംഗും ഇടപെടലുമാണ് പ്രതികളെ പെട്ടെന്ന് വലയിലാക്കാൻ സഹായിച്ചത്. നൈഫ് മേഖലയിൽ നടന്ന മോഷണത്തെക്കുറിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വിവരം ലഭിച്ച ഉടൻ തന്നെ സമീപത്തുള്ള പട്രോളിംഗ് ടീമുകൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.
വിവരം ലഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ ഇ-സ്കൂട്ടർ പട്രോളിംഗ് സംഘം സംഭവസ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ അടുത്ത രണ്ട് മിനിറ്റിനുള്ളിൽ മൂന്ന് പ്രതികളെയും പിടികൂടുകയുമായിരുന്നു. കവർച്ച ചെയ്ത മുഴുവൻ തുകയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. ജനത്തിരക്കേറിയ മാർക്കറ്റുകളിലും ഇടുങ്ങിയ വഴികളിലും വലിയ പോലീസ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലും ഇ-സ്കൂട്ടർ പട്രോളിംഗ് വളരെ ഫലപ്രദമാണെന്ന് നൈഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ ആശൂർ വ്യക്തമാക്കി.
എമിറാത്തി പാരമ്പര്യത്തിന്റെ പ്രതീകമായ ‘അൽ ഖുസാം’: ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്
ദുബായ് : എമിറാത്തി സംസ്കാരത്തിന്റെയും മരുഭൂമിയിലെ പരമ്പരാഗത ജീവിതരീതികളുടെയും പ്രതീകമായ ‘അൽ ഖുസാമിന്റെ’ (Al Khuzam) ചരിത്രവഴികളും പരിണാമവും വ്യക്തമാക്കുന്ന ഗവേഷണ പദ്ധതി വിലയിരുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. തലമുറകളിലൂടെ അൽ ഖുസാം ഒരു നിത്യോപയോഗ വസ്തുവിൽ നിന്നും എങ്ങനെ ഒരു സാമൂഹിക-സാംസ്കാരിക പ്രതീകമായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് ഈ പദ്ധതി.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. പരമ്പരാഗത കരകൗശല വിദ്യകളെ സംരക്ഷിക്കുന്നതോടൊപ്പം ഇവയെ ആധുനിക ഡിസൈനുകളിലേക്കും ഉൽപ്പന്നങ്ങളിലേക്കും സമന്വയിപ്പിച്ച് പുതിയ സംരംഭകർക്ക് അവസരമൊരുക്കുകയാണ് ‘ദി ഡെവലപ്മെന്റ് ഓഫീസ്’ മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.