UAE News
ദുബായ് : യുഎഇയിൽ പേമെന്റ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള നിർണായക ഘട്ടത്തിലേക്ക് കടന്ന് പ്രമുഖ ഇന്ത്യൻ ഫിൻടെക് കമ്പനിയായ ഫോൺപേ (PhonePe). യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് രണ്ട് ലൈസൻസുകൾക്കായുള്ള തത്വത്തിലുള്ള അംഗീകാരം (in-principle approval) കമ്പനിക്ക് ലഭിച്ചു. ഇന്ത്യൻ കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര റെഗുലേറ്ററി ചുവടുവെപ്പാണിത്.
റീട്ടെയിൽ പേമെന്റ് സർവീസസ്, കാർഡ് സ്കീമുകൾ, സ്റ്റോർഡ് വാല്യൂ ഫെസിലിറ്റികൾ എന്നിവയ്ക്കുള്ള അനുമതിയാണ് പ്രാരംഭ നടപടികൾക്ക് ശേഷം ലഭിച്ചിരിക്കുന്നത്. യുഎഇയിൽ ഔദ്യോഗികമായി വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് കമ്പനിക്ക് ഇനി അന്തിമ റെഗുലേറ്ററി അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
അന്തിമ അനുമതി ലഭിച്ചയുടൻ യുഎഇയിലെ പ്രാദേശിക ബാങ്കുകൾ, ലൈസൻസുള്ള പേമെന്റ് സർവീസ് ദാതാക്കൾ, ലോക്കൽ ടെക്നോളജി വെണ്ടർമാർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ഫോൺപേ വ്യക്തമാക്കി. യുഎഇയിലെ നിലവിലുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനവുമായി പൂർണ്ണമായും സംയോജിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബായ് : ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ (DFSA) പേരിൽ നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. അതോറിറ്റിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഘങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ്.
ലഭിക്കുന്ന ആളുടെ പേരിൽ പണവും സ്വർണ്ണക്കട്ടികളും അടങ്ങിയ ഒരു പെട്ടി ഡിഎഫ്എസി സൂക്ഷിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. പെട്ടി രാജ്യത്തിന് പുറത്തേക്ക് അയക്കുന്നതിനായി അതിന്റെ ആകെ മൂല്യത്തിന്റെ 11.1 ശതമാനം ഫീസായി നൽകണമെന്ന് ആവശ്യപ്പെടുന്നു. ഡിഎഫ്എസിയുടെ വ്യാജ കംപ്ലയൻസ് ഡിപ്പാർട്ട്മെന്റ് ഓഫീസറാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തുന്നത്.
തട്ടിപ്പ് യഥാർത്ഥമാണെന്ന് വിശ്വസിപ്പിക്കാൻ, ഡിഎഫ്എസി ഓഫീസിലെ മേശപ്പുറത്ത് ഇരിക്കുന്ന പാക്കേജിന്റെ എഐ നിർമ്മിത ചിത്രങ്ങളും ഇവർ അയച്ചുനൽകുന്നുണ്ട്. പാക്കേജിൽ ഇരയുടെ പേരും വിലാസവും പതിപ്പിച്ചിട്ടുണ്ടാകും. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിലും കോളുകളിലും വീഴരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.