Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:10 PM

ഇൻസ്റ്റാഗ്രാമിൽ ‘വ്യാജ ബാഗ്’ എന്ന് കമന്റ് ഇട്ടു; യുവതി വിമാനത്താവളത്തിൽ പിടിയിൽ

by Raneesha Razak

അജ്മാൻ : ഇൻസ്റ്റാഗ്രാമിലെ ഒരു ചിത്രത്തിന് താഴെ നൽകിയ കമന്റിനെത്തുടർന്ന് വിദേശത്തുനിന്നും കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ യുവതിയെ യുഎഇ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവെച്ചു. ഒരു സ്ത്രീ ആഡംബര ബാഗ് പിടിച്ചുനിൽക്കുന്ന ചിത്രത്തിന് താഴെ അത് ‘വ്യാജമാണ്’ (Fake) എന്ന് ഈ യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മറ്റുള്ളവർ ബാഗിന്റെ ഉടമയെ പരിഹസിക്കാൻ തുടങ്ങിയതോടെയാണ് അവർ അജ്മാൻ പോലീസിൽ പരാതി നൽകിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയാണ് തന്റെ പേരിൽ കേസുള്ള വിവരം യുവതി അറിയുന്നത്. ഭർത്താവിനെയും കുട്ടികളെയും പോകാൻ അനുവദിച്ചെങ്കിലും യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അജ്മാനിലേക്ക് മാറ്റി.

അജ്മാൻ പോലീസിലെ ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് ഈ സംഭവം വെളിപ്പെടുത്തിയത്. അപകീർത്തിപ്പെടുത്തൽ, ഓൺലൈൻ പരിഹാസം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബാഗിന്റെ ഉടമ പരാതി നൽകിയത്. ഒടുവിൽ പോലീസ് ഇടപെട്ട് ഇരുപക്ഷവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസ് അവസാനിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഓൺലൈൻ അധിക്ഷേപങ്ങൾ യുഎഇ സൈബർ നിയമപ്രകാരം അതീവ ഗുരുതരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പരാതി പിൻവലിച്ചില്ലായിരുന്നുവെങ്കിൽ 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ യുവതിക്ക് ശിക്ഷയായി ലഭിക്കുമായിരുന്നു.

സോഷ്യൽ മീഡിയയിലെ ചെറിയ കമന്റുകൾ പോലും വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് പോലീസ് പറഞ്ഞു. ഇത്തരം കേസുകളിൽ നടപടികൾ ലഘൂകരിക്കുന്നതിനായി അജ്മാൻ പോലീസ് ഇപ്പോൾ ‘റിമോട്ട് ബെയിൽ’ (Remote Bail) സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ സ്മാർട്ട് ആപ്ലിക്കേഷൻ വഴി ജാമ്യമെടുക്കാൻ ഇത് സഹായിക്കും. എങ്കിലും മറ്റൊരാളുടെ അന്തസ്സിനെയോ സൽപ്പേരിനെയോ ബാധിക്കുന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

You may also like