അബുദാബി : യുഎഇയിലെ വ്യവസായ, ഊർജ്ജ മേഖലകളിൽ വൻ തൊഴിൽ വിപ്ലവത്തിന് വഴിയൊരുങ്ങി സാങ്കേതിക അറിവുകളുള്ള ജീവനക്കാർക്ക് ആവശ്യക്കാറേറുന്നു. രാജ്യത്തെ നിലവിലുള്ള തൊഴിലുകളിൽ 20 ശതമാനവും (അഞ്ചിൽ ഒന്ന്) റോബോട്ടിക്സ് ഓപ്പറേഷൻ സൂപ്പർവൈസർ, എഐ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ടെക്നീഷ്യൻ തുടങ്ങിയ തികച്ചും പുതിയ തരം തസ്തികകളായി മാറുമെന്ന് യുഎഇ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പുറത്തുവിട്ട ‘എമിറേറ്റ്സ് സ്കിൽസ് ഇൻഡിക്കേറ്റേഴ്സ്’ പ്രകാരം നിലവിലുള്ള 87 ശതമാനം ജോലികളിലും അഡ്വാൻസ്ഡ് എൻജിനീയറിങ്, സെയിൽസ് മേഖലകളിലും വിദഗ്ദ്ധർക്ക് ആവശ്യക്കാറേറും.
നിർമ്മിത ബുദ്ധിയും (AI) നാലാം വ്യവസായ വിപ്ലവവുമാണ് ഈ മാറ്റത്തിന് വേഗം കൂട്ടുന്നത്. അതേസമയം, പരമ്പരാഗത ഭരണനിർവ്വഹണ, ഓഫീസ് സഹായ തസ്തികകൾ ഉൾപ്പെടുന്ന 13 ശതമാനം ജോലികളും ഡിജിറ്റൽ വൽക്കരണവും ഓട്ടോമേഷനും കാരണം വരുംദിവസങ്ങളിൽ കുറഞ്ഞുവരും. ആഗോള വിപണിയിൽ യുഎഇയുടെ മത്സരശേഷി നിലനിർത്തുന്നതിനായി വിദ്യാഭ്യാസ രംഗത്തെയും തൊഴിൽ വിപണിയുടെ ആവശ്യകതകളെയും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
4
previous post