ദുബായ് : യുഎഇയിലെ വിവിധ എയർപോർട്ടുകൾ വഴിയുള്ള വിമാന നിരക്കുകൾ താരതമ്യം ചെയ്ത് ബുക്ക് ചെയ്താൽ വലിയ തുക ലാഭിക്കാമെന്ന് പുതിയ പഠനം. ഇന്ത്യയിലേക്കുള്ള ഭൂരിഭാഗം റൂട്ടുകളിലും അബുദാബിയിൽ നിന്നാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ലഭ്യമാകുന്നത്. മുംബൈയിലേക്ക് അബുദാബിയിൽ നിന്ന് 1,206 ദിർഹമാകുമ്പോൾ ദുബായിൽ നിന്ന് 1,500 ദിർഹമാണ്. കൊച്ചിയിലേക്ക് അബുദാബിയിൽ നിന്ന് 1,376 ദിർഹത്തിന് ടിക്കറ്റ് ലഭിക്കുമ്പോൾ ദുബായിൽ നിന്ന് 1,959 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഡൽഹിയിലേക്കും ഇസ്താംബൂളിലേക്കും ഷാർജ എയർപോർട്ടാണ് കൂടുതൽ ലാഭകരം. കറാച്ചിയിലേക്ക് ദുബായ് വഴിയും കുറഞ്ഞ നിരക്കുകൾ ലഭ്യമാണ്. യാത്ര തിരിക്കും മുൻപ് മൂന്ന് എയർപോർട്ടുകളിലെയും നിരക്കുകൾ പരിശോധിക്കുന്നത് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ ലാഭമുണ്ടാക്കും.
Raneesha Razak
വാഷിംഗ്ടൺ : യുഎഇയിലേക്കുള്ള അത്യാധുനിക എഐ ചിപ്പുകൾ, സൈനിക സാമഗ്രികൾ, സാറ്റലൈറ്റുകൾ എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക. പുതിയ ഭേദഗതി പ്രകാരം യുഎഇ സർക്കാരിനും അവിടുത്തെ മുൻനിര കമ്പനികൾക്കും ഇനിമുതൽ പ്രത്യേക ലൈസൻസ് ഇല്ലാതെ തന്നെ അമേരിക്കൻ നിർമ്മിത അത്യാധുനിക എഐ ചിപ്പുകളും സെർവറുകളും ഇറക്കുമതി ചെയ്യാം. യുഎഇയുടെ എഐ കമ്പനികളായ ജി42, കോർ42 എന്നിവയ്ക്കും അവിടെ പ്രവർത്തിക്കുന്ന ആപ്പിൾ, ആമസോൺ, എക്സ്.എഐ തുടങ്ങിയ ആഗോള കമ്പനികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇറാനും മറ്റ് ഭീഷണികൾക്കുമെതിരെ പതിറ്റാണ്ടുകളായി ഒപ്പം നിൽക്കുന്ന പ്രധാന പങ്കാളി എന്ന നിലയിലാണ് യുഎഇയ്ക്ക് ഈ പ്രത്യേക പദവി നൽകിയിരിക്കുന്നത്.
അബുദാബി: യുഎഇയിൽ വരും മാസങ്ങളിൽ ‘എൽ നിന്യോ’ (El Niño) കാലാവസ്ഥാ പ്രതിഭാസം തുടരാൻ 99 ശതമാനം സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജിയുടെ (NCM) പ്രവചനം. 2026 ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് താപനിലയും മഴയും സാധാരണ നിലയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആഗോള കാലാവസ്ഥയെ ബാധിക്കുന്ന പ്രതിഭാസമാണ് എൽ നിന്യോ. നിലവിൽ പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ സമുദ്രോപരിതല താപനില ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്. ഇതിന്റെ സ്വാധീനം മൂലം ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ, പ്രത്യേകിച്ച് വർഷാവസാനത്തോടെ യുഎഇയിൽ താപനിലയിലും മഴയുടെ അളവിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന.
ശ്രദ്ധിക്കുക! അൽ ഖലീജ് സ്ട്രീറ്റ് വഴി ഈ വാരാന്ത്യത്തിൽ യാത്ര ചെയ്യുമ്പോൾ റൂട്ട് മാറ്റിപ്പിടിച്ചോളൂ
ദുബായ്: ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ദുബായിലെ പ്രധാന റോഡുകളിലൊന്നായ അൽ ഖലീജ് സ്ട്രീറ്റിലൂടെ (Al Khaleej Street) യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർക്ക് ഒരു അടിയന്തര അറിയിപ്പ്. കൈറോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിൽ ആർടിഎ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.ജൂലൈ 11 ശനിയാഴ്ച രാത്രി 10:00 മണി മുതൽ ജൂലൈ 13 തിങ്കളാഴ്ച പുലർച്ചെ 5:00 മണി വരെയാണ് ഈ മാറ്റങ്ങൾ.
മാറ്റങ്ങൾ എന്തൊക്കെ?
-
ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മംസാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇടതുവശത്തേക്കുള്ള തിരിവും (Left-turn) യു-ടേണും (U-turn) ഉണ്ടായിരിക്കില്ല.
-
കൈറോ സ്ട്രീറ്റിൽ നിന്ന് വരുന്നവർക്ക് പൂർണ്ണമായ യു-ടേണും ഈ സമയത്ത് അടയ്ക്കുന്നതാണ്.
ബ്ലോക്കിൽ പെടാതെ സുഗമമായി യാത്ര ചെയ്യാൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും, റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ദിശാബോർഡുകൾ കൃത്യമായി പിന്തുടരണമെന്നും ആർടിഎ ഡ്രൈവർമാർക്ക് നിർദേശം നൽകി.
റാസൽഖൈമയെ നടുക്കിയ കൂട്ടക്കൊല; അമ്മയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
റാസൽഖൈമ: യുഎഇയെ ഒന്നടങ്കം നടുക്കിയ കൂട്ടക്കൊലക്കേസിൽ പ്രതിയായ ഗൾഫ് പൗരന് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷ (ക്വിസാസ് – Qisas) വിധിച്ചു. 66 വയസ്സുള്ള സ്വദേശി വനിതയെയും അവരുടെ രണ്ട് പെൺമക്കളെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ജൂലൈ 8 ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്.
കൊലപാതകം, വധശ്രമം, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞു. ഇതേ കേസിൽ പ്രതിയുടെ മകന് ഒൻപത് മാസം തടവും (ആദ്യ കുറ്റത്തിന് ആറ് മാസവും രണ്ടാമത്തെ കുറ്റത്തിന് മൂന്ന് മാസവും) 10,000 ദിർഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിലെ മറ്റൊരു വ്യക്തിയെ വധിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മകന് ശിക്ഷ ലഭിച്ചത്.
കൊലപാതകത്തിന് ഉപയോഗിച്ച വാഹനമടക്കമുള്ള തെളിവുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് പ്രതിക്ക് മേൽക്കോടതികളിൽ അപ്പീൽ നൽകാനുള്ള നിയമപരമായ അവസരമുണ്ടായിരിക്കും.
അബുദാബി: സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ (State Sponsors of Terrorism) നിന്ന് ഒഴിവാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു.
സിറിയയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും സാമ്പത്തിക പുനരുജ്ജീവനത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ ചരിത്രപരമായ തീരുമാനം വലിയ പിന്തുണയാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയൻ ജനതയുടെ സുരക്ഷയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള എല്ലാ നീക്കങ്ങൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വ്യാജ ഏജന്റുമാർക്ക് പണം നൽകരുത്; ബിഎൽഎസ്, എസ്ജിവീസസ് സേവനങ്ങൾ നിർത്തിയതായി ഇന്ത്യൻ എംബസി
അബുദാബി: പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (Attestation) എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഏജന്റുമാർക്ക് പണം നൽകരുതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര മുന്നറിയിപ്പ്. യുഎഇയിലെ ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ ഔദ്യോഗിക ഔട്ട്സോഴ്സിങ് ഏജൻസികളായിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ (BLS International), എസ്ജിവീസസ് ഗ്ലോബൽ (SGIVS Global) എന്നിവയുമായുള്ള കരാർ 2026 ജൂലൈ 1 മുതൽ അവസാനിച്ചതായി അധികൃതർ വീണ്ടും വ്യക്തമാക്കി.
അപ്പോയിന്റ്മെന്റുകൾ എടുത്തുനൽകാമെന്ന് അവകാശപ്പെട്ട് പൊതുജനങ്ങളെ സമീപിക്കുന്ന ബിഎൽഎസ്, എസ്ജിവീസസ് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വ്യക്തികൾക്കോ ഏജൻസികൾക്കോ യാതൊരു കാരണവശാലും പണം നൽകരുതെന്ന് എംബസി കർശന നിർദേശം നൽകി.
നിലവിൽ ഭരണപരമായ കാരണങ്ങളാൽ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും തങ്ങളുടെ ഓഫീസുകൾ വഴി നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഇതിനായുള്ള അപ്പോയിന്റ്മെന്റുകൾ ഔദ്യോഗിക പോർട്ടൽ വഴി പൂർണ്ണമായും സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്. ഈ സേവനത്തിന് പണം ഈടാക്കാൻ മറ്റാർക്കും അനുമതിയില്ല.
എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിൽ ആരെങ്കിലും നിങ്ങളെ വഞ്ചിക്കുകയോ, കൂടുതൽ പണം ഈടാക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ അബുദാബി ഇന്ത്യൻ എംബസിയിലോ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലോ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ തന്നെ പരാതിപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പ്രാദേശിക ഉത്പന്നങ്ങളും കരകൗശല വിദ്യകളും ഒരു കുടക്കീഴിൽ; അബുദാബി മാളിൽ ‘റൈപ്പ് മാർക്കറ്റ്’ ആരംഭിച്ചു
അബുദാബി: തദ്ദേശീയമായ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെ പ്രാദേശിക സംരംഭകരെയും കലാകാരന്മാരെയും പിന്തുണയ്ക്കുന്നതിനുമായി അബുദാബി മാളിൽ പ്രശസ്തമായ ‘റൈപ്പ് മാർക്കറ്റ്’ (Ripe Market) ഇൻഡോർ പതിപ്പിന് തുടക്കമായി. ജൂലൈ മാസത്തിലെ മൂന്ന് വാരാന്ത്യങ്ങളിലായി (Weekends) നടക്കുന്ന ഈ വിപണി, മാളിന്റെ ഒരു ഭാഗത്തെ വൈവിധ്യമാർന്ന സർഗ്ഗാത്മക ഉത്പന്നങ്ങളുടെ വലിയൊരു കേന്ദ്രമാക്കിയാണ് മാറ്റിയിരിക്കുന്നത്.
ഹാൻഡ്ക്രാഫ്റ്റഡ് ലെതർ ബാഗുകൾ, യുണീക് ഡിസൈനുകളിലുള്ള ആഭരണങ്ങൾ, പ്രകൃതിദത്ത ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ (Skincare), ഹോം ഡെക്കറേഷൻ വസ്തുക്കൾ, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉത്പന്നങ്ങൾ നിർമ്മിച്ച കലാകാരന്മാരുമായി നേരിട്ട് സംവദിക്കാനും അവർക്ക് പിന്തുണ നൽകാനും സാധിക്കുമെന്നതാണ് ഈ മാർക്കറ്റിന്റെ പ്രധാന ആകർഷണം. വേനൽക്കാലത്ത് ഇൻഡോർ സൗകര്യത്തിൽ യുണീക് ആയ ഉത്പന്നങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും ഈ വിപണി സമ്മാനിക്കുക.
വ്യോമയാന രംഗത്ത് ചരിത്ര നേട്ടം; 15.68 കോടി യാത്രക്കാരുമായി യുഎഇ വിമാനത്താവളങ്ങൾ റെക്കോർഡിലേക്ക്
അബുദാബി: ആഗോള വ്യോമയാന രംഗത്ത് തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി ഉറപ്പിച്ച് യുഎഇ. 2025-ൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് റെക്കോർഡ് എണ്ണം ആളുകളാണെന്ന് ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (FCSC) വ്യക്തമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 6.1 ശതമാനം വളർച്ചയോടെ 15.68 കോടി (156.8 മില്യൺ) യാത്രക്കാരാണ് ഇത്തവണ യുഎഇ വഴി പറന്നത്.
ദുബായ് വിമാനത്താവളങ്ങൾ മാത്രം 10.45 കോടി യാത്രക്കാരെ കൈകാര്യം ചെയ്തപ്പോൾ, അബുദാബി (3.42 കോടി), ഷാർജ (1.69 കോടി) വിമാനത്താവളങ്ങളും മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ചരിത്രത്തിലാദ്യമായി റാസൽഖൈമ 10 ലക്ഷം യാത്രക്കാരെന്ന നാഴികക്കല്ല് പിന്നിട്ടപ്പോൾ ഫുജൈറ വിമാനത്താവളം 170% എന്ന അമ്പരപ്പിക്കുന്ന വളർച്ചയും രേഖപ്പെടുത്തി. ആഗോളതലത്തിൽ വ്യോമയാന ഗുണനിലവാരത്തിൽ യുഎഇ ഒന്നാം സ്ഥാനത്താണെന്ന് ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് ഇയർബുക്ക് വ്യക്തമാക്കുന്നു.
എന്തുകൊണ്ട് യുവാക്കൾ ഫോൺ മാറ്റിവെച്ച് ‘ബെഡാസിലിങ്’ ലോകത്തേക്ക് ചേക്കേറുന്നു?
ദുബായ്: സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡ് വന്നാൽ ആളുകൾ ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോഴിതാ ആളുകളെ ഫോൺ താഴെവെക്കാൻ പ്രേരിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ഹോബി ഇൻസ്റ്റാഗ്രാമിലും ടിക്ടോക്കിലും തരംഗമാവുകയാണ്; ‘ബെഡാസിലിങ്’ (Bedazzling). സാധാരണ നിത്യോപയോഗ സാധനങ്ങളിൽ ക്രിസ്റ്റലുകളും തിളങ്ങുന്ന കല്ലുകളും (Rhinestones) ഒട്ടിച്ച് അവയെ ആകർഷകമാക്കുന്ന കലയാണിത്. ഫോൺ കേസ്, ഹെയർ ബ്രഷ്, ലിപ് ഗ്ലോസ്, ലൈറ്റർ, വാട്ടർ ബോട്ടിൽ എന്നിവയെല്ലാം ഇത്തരത്തിൽ തിളങ്ങുന്ന ആക്സസറികളായി മാറിക്കഴിഞ്ഞു.
എന്നാൽ ഈ ട്രെൻഡിന്റെ യഥാർത്ഥ ആകർഷണം ഡിജിറ്റൽ ലോകത്തുനിന്നുള്ള മോചനമാണ്. മണിക്കൂറുകളോളം ഫോൺ സ്ക്രോൾ ചെയ്യുന്ന (Doomscrolling) ശീലത്തിൽ നിന്ന് മാറി മനസ്സിന് ശാന്തത നൽകാനും സമ്മർദ്ദം കുറയ്ക്കാനും ഈ ഹോബി സഹായിക്കുന്നുവെന്ന് യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു. “ഞാൻ ബെഡാസിലിങ് ചെയ്യുമ്പോൾ ഫോൺ നോക്കാറില്ല, ഇത് എനിക്ക് സ്ക്രീനുകളിൽ നിന്ന് വലിയൊരു ആശ്വാസം നൽകുന്നു,” എന്ന് ദുബായ് സ്വദേശിയായ അൽദാന അൽമൻസൂരി (23) പറയുന്നു. മറ്റൊരു സ്വദേശി യുവതിയായ ഘല്യ അലവധി (21) ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തന്റെ സാധനങ്ങൾ ഇത്തരത്തിൽ മാറ്റിയെടുക്കാറുണ്ട്.
ഈ ക്രേസ് യുഎഇയിലെ ബിസിനസ്സ് മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. ‘ദി ഹ്യൂ’ (The Hue) എന്ന പ്രാദേശിക ഹോം ബിസിനസ്സ് 2025 ജൂണിൽ പുറത്തിറക്കിയ ‘ബെഡാസിലിങ് കിറ്റുകൾക്ക്’ (DIY Boxes) ഇപ്പോൾ വലിയ ആവശ്യക്കാരാണുള്ളത്. പെൺകുട്ടികളുടെ ഒത്തുചേരലുകളിലും ജന്മദിനാഘോഷങ്ങളിലും ഒന്നിച്ച് ഇരുന്ന് സാധനങ്ങൾ അലങ്കരിക്കാൻ ഈ കിറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നു. വെറുതെ സോഷ്യൽ മീഡിയ കണ്ടന്റുകൾ ആസ്വദിക്കുന്നതിന് പകരം, സ്വന്തം കൈകൊണ്ട് ക്രിയേറ്റീവ് ആയി എന്തെങ്കിലും നിർമ്മിക്കാനുള്ള അവസരമാണ് ഈ ട്രെൻഡ് നൽകുന്നത്.