Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:54 PM

വ്യാജ ഏജന്റുമാർക്ക് പണം നൽകരുത്; ബിഎൽഎസ്, എസ്ജിവീസസ് സേവനങ്ങൾ നിർത്തിയതായി ഇന്ത്യൻ എംബസി

by Raneesha Razak

അബുദാബി: പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (Attestation) എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഏജന്റുമാർക്ക് പണം നൽകരുതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര മുന്നറിയിപ്പ്. യുഎഇയിലെ ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ ഔദ്യോഗിക ഔട്ട്‌സോഴ്സിങ് ഏജൻസികളായിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ (BLS International), എസ്ജിവീസസ് ഗ്ലോബൽ (SGIVS Global) എന്നിവയുമായുള്ള കരാർ 2026 ജൂലൈ 1 മുതൽ അവസാനിച്ചതായി അധികൃതർ വീണ്ടും വ്യക്തമാക്കി.

അപ്പോയിന്റ്‌മെന്റുകൾ എടുത്തുനൽകാമെന്ന് അവകാശപ്പെട്ട് പൊതുജനങ്ങളെ സമീപിക്കുന്ന ബിഎൽഎസ്, എസ്ജിവീസസ് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വ്യക്തികൾക്കോ ഏജൻസികൾക്കോ യാതൊരു കാരണവശാലും പണം നൽകരുതെന്ന് എംബസി കർശന നിർദേശം നൽകി.

നിലവിൽ ഭരണപരമായ കാരണങ്ങളാൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും തങ്ങളുടെ ഓഫീസുകൾ വഴി നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഇതിനായുള്ള അപ്പോയിന്റ്‌മെന്റുകൾ ഔദ്യോഗിക പോർട്ടൽ വഴി പൂർണ്ണമായും സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്. ഈ സേവനത്തിന് പണം ഈടാക്കാൻ മറ്റാർക്കും അനുമതിയില്ല.

എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിൽ ആരെങ്കിലും നിങ്ങളെ വഞ്ചിക്കുകയോ, കൂടുതൽ പണം ഈടാക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ അബുദാബി ഇന്ത്യൻ എംബസിയിലോ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലോ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ തന്നെ പരാതിപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

You may also like