അബുദാബി : യുഎഇയുടെ ‘നെറ്റ് സീറോ 2050’ ഹരിത ലക്ഷ്യങ്ങൾക്ക് പിന്തുണയുമായി ഹയർ കോളേജസ് ഓഫ് ടെക്നോളജിയും (HCT) പ്രമുഖ ആഗോള കമ്പനിയായ സീമെൻസും (Siemens) അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. സീമെൻസിന്റെ അത്യാധുനിക ‘ബിൽഡിംഗ് എക്സ്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് കാമ്പസുകളിലെ ഊർജ്ജം, ജലം, മാലിന്യ സംസ്കരണം എന്നിവ നിരീക്ഷിക്കുന്ന സ്മാർട്ട് സംവിധാനം വികസിപ്പിക്കും. കൂടാതെ വിദ്യാർത്ഥികൾക്കായി പ്രത്യേക ഗ്രീൻ സ്കിൽ സർട്ടിഫിക്കേഷനുകളും ഇലക്ട്രിക് വാഹന ചാർജിംഗ് സൗകര്യങ്ങളും സംയുക്ത ഗവേഷണങ്ങളും ഈ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കും.
Raneesha Razak
ദുബായ് : യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളും സൈനിക നീക്കങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് യുഎഇയും ഗൾഫ് രാജ്യങ്ങളും. ഇരുരാജ്യങ്ങളും തമ്മിലുള്ള താല്ക്കാലിക വെടിനിർത്തൽ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്. ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) സുരക്ഷയാണ് നിലവിൽ പ്രധാന ആശങ്ക. കപ്പലുകൾക്ക് ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ പരസ്യമായി ഉറപ്പ് നൽകണമെന്ന് യുഎസ് ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ പ്രദേശത്തിന്റെ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
ഒമാൻ, ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നുണ്ട്. തർക്കം നീണ്ടുപോയാൽ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ആഗോള വിപണിയിൽ എണ്ണവിലയും വിമാന സർവീസുകളുടെ ചെലവും വർദ്ധിച്ചേക്കാം. നിലവിൽ സ്വർണ്ണവിലയിലും ചാഞ്ചാട്ടങ്ങൾ പ്രകടമാണ്. മേഖലയിലെ വിമാന സർവീസുകളെയും വ്യോമപാതകളെയും ഇത് ബാധിക്കാൻ സാധ്യതയുള്ളതിനാൽ യുഎഇ നിവാസികൾ എയർലൈൻ അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്.
ദുബായ് : നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിറിയയിലെ ചരിത്ര നഗരമായ അലപ്പോയിലേക്ക് (Aleppo) നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഫ്ലൈ ദുബായ്. 2026 ജൂലൈ 20 മുതൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) നിന്ന് അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കും. കഴിഞ്ഞ വർഷം ഡമാസ്കസിലേക്ക് സർവീസ് തുടങ്ങിയതിന് പിന്നാലെ സിറിയയിലേക്കുള്ള ഫ്ലൈ ദുബായുടെ രണ്ടാമത്തെ ഡെസ്റ്റിനേഷനാണിത്. എമിറേറ്റ്സുമായി കോഡ്ഷെയർ പങ്കാളിത്തമുള്ള ഈ സർവീസിലേക്ക് ദുബായിൽ നിന്നുള്ള റിട്ടേൺ ഇക്കണോമി ടിക്കറ്റ് നിരക്കുകൾ 1,800 ദിർഹം മുതലാണ് ആരംഭിക്കുന്നത്. പുതിയ സർവീസ് യുഎഇയും സിറിയയും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക, കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്നും വേനൽക്കാലത്തെ യാത്രാ തിരക്കിന് വലിയ ആശ്വാസമാകുമെന്നും ഫ്ലൈ ദുബായ് സിഇഓ ഗൈത് അൽ ഗൈത് വ്യക്തമാക്കി.
അൽ ഐൻ : യുവതിയുടെ സ്വകാര്യത ലംഘിച്ച് അവരുടെ സമ്മതമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയ സ്വദേശി യുവാവിന് 20,000 ദിർഹം (നാലര ലക്ഷത്തോളം രൂപ) പിഴ ചുമത്തി അൽ ഐൻ സിവിൽ കോടതി. പ്രതിയുടെ പെട്ടെന്നുള്ള കടന്നുകയറ്റം യുവതിക്ക് വലിയ മാനസിക വിഷമവും ഭീതിയും ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിലുള്ള മുൻകാല തർക്കങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം നടന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഈ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചത്. പ്രതിയുടെ കുറ്റം ക്രിമിനൽ കോടതിയിൽ നേരത്തെ തന്നെ തെളിയിക്കപ്പെട്ടതിനാൽ നഷ്ടപരിഹാരം നൽകാൻ പ്രതി നിയമപരമായി ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. പിഴ തുകയ്ക്ക് പുറമെ കേസ് നടത്തുന്നതിനായി യുവതിക്ക് ചിലവായ കോടതി ചെലവുകളും പ്രതി തന്നെ വഹിക്കണം.
ദുബായ് : വേനലവധിക്കാലത്ത് 30 ലക്ഷത്തോളം യാത്രക്കാർ എത്തുന്ന തിരക്കേറിയ സീസൺ പ്രമാണിച്ച് യാത്രാനടപടികൾ സുഗമമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ദുബായ് കസ്റ്റംസ്. ഇതിന്റെ ഭാഗമായി എയർപോർട്ടുകളിൽ ലഗേജ് പരിശോധനാ സമയം വെറും 7 സെക്കൻഡായി കുറച്ചു. നിലവിൽ 19 അത്യാധുനിക ബാഗേജ് സ്ക്രീനിംഗ് സിസ്റ്റങ്ങളും 77 ഡിറ്റക്ഷൻ സിസ്റ്റങ്ങളും വിമാനത്താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാർ കൊണ്ടുവരുന്ന 3,000 ദിർഹം വരെയുള്ള വ്യക്തിഗത സമ്മാനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഇളവ് നൽകുമെന്നും ഒപ്പം വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി പ്രത്യേക പരിശോധനാ മുറികൾ ഒരുക്കുമെന്നും ദുബായ് കസ്റ്റംസ് അറിയിച്ചു.
ദുബായ് : 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ (Environmental Performance Index – EPI) അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. കാലാവസ്ഥാ വ്യതിയാനം തടയൽ, പരിസ്ഥിതി ആരോഗ്യം, മാലിന്യ സംസ്കരണം എന്നിവയിൽ യുഎഇ സർക്കാർ നടപ്പിലാക്കിയ മികച്ച പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിൽ. മാലിന്യ സംസ്കരണത്തിലും സമുദ്ര ജീവികളുടെ സംരക്ഷണത്തിലും 100 ശതമാനം മാർക്കോടെ യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി. കൂടാതെ മലിനജല സംസ്കരണത്തിൽ 94.99 ശതമാനം സ്കോറോടെ ആഗോളതലത്തിൽ 19-ാം സ്ഥാനവും രാജ്യം സ്വന്തമാക്കി.
2050ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതും 2030ഓടെ 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി പകുതിയിലധികം പൂർത്തിയാക്കിയതും യുഎഇക്ക് തുണയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെയാണ് രാജ്യം ഇപ്പോൾ പരിസ്ഥിതി നിരീക്ഷണവും വികസനവും നടത്തുന്നത്. സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാകുമെന്ന് യുഎഇ ലോകത്തിന് കാണിച്ചുതന്നതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ആംന ബിന്ത് അബ്ദുള്ള അൽ ദഹാക്ക് പറഞ്ഞു.
ദുബായ് : സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യ തിരിച്ചുവിളിച്ച പ്രത്യേക ബ്രാൻഡ് ബേബി ഫീഡിംഗ് ബോട്ടിലുകൾ യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലോ ഫാർമസികളിലോ വിൽക്കുന്നില്ലെന്ന് ഉറപ്പുനൽകി യുഎഇയിലെ പ്രമുഖ റീട്ടെയിലർമാർ. ‘നർഷ്’ (Nursh 8oz) ബ്രാൻഡിന്റെ റീയൂസബിൾ കുപ്പികളാണ് (Product No. B11654) സൗദി വാണിജ്യ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടത്. കുപ്പിയുടെ പുറംഭാഗത്തെ സുരക്ഷാ പാളി അടർന്നുപോവുകയും ഇത് കുട്ടികളുടെ ഉള്ളിൽ ചെന്ന് ശ്വാസംമുട്ടൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സൗദിയുടെ നടപടി. എന്നാൽ സ്പിന്നീസ്, അൽ മദീന, നൈറ്റ് ടു നൈറ്റ് തുടങ്ങിയ യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളും ഫാർമസികളും തങ്ങൾ ഈ ബ്രാൻഡ് വിൽക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വിദേശയാത്രകളിലോ അന്താരാഷ്ട്ര ഓൺലൈൻ സൈറ്റുകൾ വഴിയോ ഈ പ്രൊഡക്ട് നമ്പർ ഉള്ള കുപ്പികൾ വാങ്ങിയിട്ടുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും നിർദ്ദേശമുണ്ട്.
അബുദാബി : യുഎഇയിലെ ഡ്രൈവറില്ലാ (സ്വയം നിയന്ത്രിത) വാഹനങ്ങളുടെ സുരക്ഷിതമായ സർവീസിനായി അത്യാധുനിക സെൻട്രൽ കൺട്രോൾ റൂം അനുവദിച്ച് അബുദാബി മൊബിലിറ്റി. ഷെയ്ഖ് ഹംദാൻ ബിൻ സയീദ് അൽ നഹ്യാന്റെയും ഡിഎംടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫയുടെയും സാന്നിധ്യത്തിലാണ് കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തത്. എമിറേറ്റിൽ ഉടനീളം സർവീസ് നടത്തുന്ന ഇത്തരം സ്മാർട്ട് വാഹനങ്ങളുടെ വേഗത, സഞ്ചാരപഥം, തത്സമയ ലൊക്കേഷൻ എന്നിവ ഈ കൺട്രോൾ റൂമിലൂടെ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി ഇടപെടാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ‘AViTOMS’ എന്ന അത്യാധുനിക പ്ലാറ്റ്ഫോമാണ് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയിലൂടെ ഡ്രൈവറില്ലാ വാഹനങ്ങളുടെ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനും ഭാവിയിലെ യാത്രാ സൗകര്യങ്ങൾ മികച്ചതാക്കാനും സ്മാർട്ട് ഗതാഗത രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനും അബുദാബിക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മക്കൾ സുരക്ഷിതരായിരിക്കട്ടെ; മാതാപിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ഫുജൈറ പോലീസ്
ഫുജൈറ : വേനലവധിക്കാലത്ത് കുടുംബങ്ങൾ കൂട്ടത്തോടെ ബീച്ചുകളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കും എത്തുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഫുജൈറ പോലീസ്. കുട്ടികളെ ഒരു കാരണവശാലും വെള്ളത്തിനരികിൽ ഒറ്റയ്ക്ക് വിടരുതെന്നും നിരന്തരമായ നിരീക്ഷണം മാത്രമാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള ഏക പോംവഴിയെന്നും പോലീസ് ഓർമ്മിപ്പിച്ചു. മസാഫി കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷനും മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് ഈ സുരക്ഷാ കാമ്പയിൻ ആരംഭിച്ചത്. ലൈഫ് ഗാർഡുമാരെയോ മുതിർന്ന കുട്ടികളെയോ മാത്രം വിശ്വസിച്ച് ചെറിയ കുട്ടികളെ വെള്ളത്തിലിറക്കരുത്. നീന്തുമ്പോൾ ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വേനലവധി സുരക്ഷിതമാക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.
അബുദാബി : യുഎഇയിലെ ഏറ്റവും ഇരുണ്ട പ്രദേശമായ അൽ ഖുവായിൽ രാത്രിയാകാശത്ത് ക്ഷീരപഥം (Milky Way) നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ഈ ജൂലൈ മാസത്തിൽ സഞ്ചാരികൾക്ക് സുവർണ്ണാവസരം. അബുദാബിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഈ മരുഭൂമി പ്രദേശത്തേക്ക് സ്വന്തം വാഹനങ്ങളിൽ പോകുന്നവർക്ക് സൌജന്യമായും, അല്ലാത്തവർക്ക് 400 മുതൽ 2,000 ദിർഹം വരെയുള്ള വിവിധ പാക്കേജുകളിലും ക്യാമ്പിംഗ് നടത്തി ഈ കാഴ്ച ആസ്വദിക്കാം. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് ആകാശ വിസ്മയം കാണാൻ ഏറ്റവും അനുയോജ്യം. സ്വന്തമായി പോകുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്നും മൊബൈൽ സിഗ്നൽ ലഭിക്കാത്തതിനാൽ ഓഫ്ലൈൻ മാപ്പുകൾ സൂക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.