ദുബായ് : വേനലവധിക്കാലത്ത് യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ പാസ്പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. ദുബായ് ഇന്ത്യൻ കോൺസുലേറ്റും അബുദാബി എംബസിയും പാസ്പോർട്ട് സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ അപ്പോയിന്റ്മെന്റ് വഴി മാത്രമാക്കിയതോടെയാണ് സ്ലോട്ടുകൾ കിട്ടാതെ പ്രവാസികൾ വലയുന്നത്. യാത്രാ തീയതികൾ അടുത്തിട്ടും ഔദ്യോഗിക പോർട്ടലായ book.passportindiauae.com വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാനാണ് പുതിയ നടപടിയെന്നും അപ്പോയിന്റ്മെന്റുകൾ പൂർണ്ണമായും സൗജന്യമാണെന്നും വ്യക്തമാക്കിയ അധികൃതർ, സ്ലോട്ടുകൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
Raneesha Nizar
ദുബായ് : വേനലവധിക്കാലത്ത് യുഎഇയിലെ റോഡുകളിൽ അനുഭവപ്പെടുന്ന സുഗമമായ ഗതാഗതം സ്കൂളുകൾ തുറന്ന ശേഷവും ഒരു പരിധി വരെ നിലനിർത്താൻ സാധിക്കുമെന്ന് ഗതാഗത-തൊഴിൽ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതക്കുരുക്ക് എന്നത് ഒരേ സമയം എല്ലാവരും റോഡിലിറങ്ങുന്ന ‘ടൈമിംഗ്’ പ്രശ്നം കൊണ്ടാണെന്നും, ഇതിന് പരിഹാരമായി ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുക (Staggered timings), ജീവനക്കാർക്ക് രണ്ട് മണിക്കൂർ വരെയുള്ള ഫ്ലെക്സിബിൾ സ്റ്റാർട്ട് വിൻഡോ അനുവദിക്കുക, വർക്ക് ഫ്രം ഹോം രീതികൾ തുടരുക, കൂടുതൽ കുട്ടികളെ സ്കൂൾ ബസുകളിലേക്ക് മാറ്റുക എന്നിവ നടപ്പിലാക്കാവുന്നതാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. 20 ശതമാനം ജീവനക്കാർ റിമോട്ട് വർക്കിംഗ് രീതിയിലേക്ക് മാറിയാൽ തിരക്കേറിയ പ്രധാന റോഡുകളിലെ ഗതാഗതം 8 മുതൽ 10 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും ഒരു സ്കൂൾ ബസിന് റോഡിൽ നിന്ന് 50 സ്വകാര്യ കാറുകൾ വരെ ഒഴിവാക്കാൻ സാധിക്കുമെന്നും മുൻപത്തെ ഔദ്യോഗിക പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ദുബായ് : യുഎഇയിലെ തെരുവ് പൂച്ചകളുടെ ചെവിയുടെ അറ്റം ചെറുതായി മുറിച്ച നിലയിൽ (Clipped Ear) കാണപ്പെടുന്നത് അവയെ വന്ധ്യംകരിക്കുകയും ആവശ്യമായ വാക്സിനേഷനുകൾ നൽകുകയും ചെയ്തിട്ടുണ്ടെന്നതിന്റെ അടയാളമാണ്. ‘ടിഎൻവിആർ’ (TNVR) എന്നറിയപ്പെടുന്ന മൃഗസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കിടയിൽ പൂർണ്ണമായും ബോധം കെടുത്തുന്ന സമയത്ത് ചെയ്യുന്നതിനാൽ ഇത് പൂച്ചകൾക്ക് യാതൊരുവിധ വേദനയും ഉണ്ടാക്കുന്നില്ല. അബുദാബിയിൽ ഈ പദ്ധതി പൂർത്തിയാക്കിയ പൂച്ചകളെ തിരികെ അവയുടെ സ്ഥലങ്ങളിൽ തന്നെ വിടാറുണ്ട്. കൂടാതെ വളർത്തു മൃഗങ്ങളുടെ രജിസ്ട്രേഷൻ അബുദാബിയിൽ നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, ദുബായ് മുനിസിപ്പാലിറ്റി തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി എഐ (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘ഇഹ്സാൻ സ്റ്റേഷനുകൾ’ പാർക്കുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
ദുബായ് : യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനുള്ള (Work Permit Cancellation) നാല് പ്രധാന നടപടിക്രമങ്ങൾ വ്യക്തമാക്കി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). ഇതിനായി ആദ്യം മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ ക്യാൻസലേഷൻ അപേക്ഷ സമർപ്പിക്കണം. തുടർന്ന് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും വർക്ക് പെർമിറ്റ് വൈകിയതുമായി ബന്ധപ്പെട്ട എന്തെങ്കിലും പിഴകൾ ഉണ്ടെങ്കിൽ അത് തീർപ്പാക്കുകയും വേണം. ശമ്പളം, ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ജീവനക്കാരന് ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന തൊഴിലുടമയുടെ ഡിക്ലറേഷനും, തുക കൈപ്പറ്റിയതായി സാക്ഷ്യപ്പെടുത്തി ജീവനക്കാരൻ ഒപ്പിട്ട ഫോമും സമർപ്പിക്കുന്നതോടെ രണ്ട് പ്രവൃത്തിദിവസത്തിനകം നടപടികൾ പൂർത്തിയാകും. ജീവനക്കാരൻ രാജ്യത്തിന് പുറത്താണെങ്കിലോ പകർന്നുപിടിക്കുന്ന രോഗങ്ങൾ ബാധിച്ച സാഹചര്യത്തിലോ ഒപ്പ് നിർബന്ധമില്ല. വർക്ക് പെർമിറ്റ് റദ്ദാക്കുന്നത് വഴി റെസിഡൻസി വിസ സ്വയമേവ റദ്ദാകില്ലെന്നും, അതിനായി ഐസിപി (ICP) വഴി തുടർനടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഗാസ : ഗാസ സ്ട്രിപ്പിൽ പ്രവർത്തിക്കുന്ന യുഎഇ ഫീൽഡ് ആശുപത്രിയിൽ യുണൈറ്റഡ് നേഷൻസിന്റെ (UN) ഉന്നതതല പ്രതിനിധി സംഘം സന്ദർശനം നടത്തി. യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (OCHA), ഫലസ്തീനിലെ യുഎൻ റസിഡന്റ് കോർഡിനേറ്റർ ഓഫീസ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിയത്. യുഎഇ ഇവിടെ നൽകിവരുന്ന മികച്ച ചികിൽസാ സൗകര്യങ്ങളെയും മാനുഷിക സഹായങ്ങളെയും സംഘം വിലയിരുത്തി.
യുഎൻ റസിഡന്റ് ആൻഡ് ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ഡോ. രാമീസ് അലക്ബറോവ്, ഡെപ്യൂട്ടി കോർഡിനേറ്റർ സൂസൻ ത്കാലെക്, ഗാസയിലെ ഒസിഎച്ച്എ (OCHA) ഓഫീസ് മേധാവി താഹെർ ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. ആശുപത്രിയിലെ വിവിധ വാർഡുകളും അത്യാധുനിക സജ്ജീകരണങ്ങളും കണ്ട സംഘം യുഎഇ മെഡിക്കൽ ടീമിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഗാസയിലെ വർദ്ധിച്ചുവരുന്ന ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി യുഎഇ മിഷനും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവിഭാഗവും ചർച്ച നടത്തി.
വ്യാജ നിക്ഷേപ പദ്ധതികളിൽ വീഴരുത്; ജാഗ്രതാ നിർദ്ദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
അബുദാബി : കുറഞ്ഞ നിക്ഷേപത്തിൽ വലിയ ലാഭവും ഗ്യാരണ്ടീഡ് റിട്ടേണും വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും രംഗത്തെത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ അവിശ്വസനീയമായ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുക, ഉടൻ പണം നിക്ഷേപിക്കാൻ സമ്മർദ്ദം ചെലുത്തുക, ബിസിനസിനെക്കുറിച്ച് വ്യക്തതയില്ലാതിരിക്കുക, വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടുക, കമ്പനിയുടെ ലൈസൻസ് വെരിഫൈ ചെയ്യാൻ സാധിക്കാതിരിക്കുക എന്നിവ ഇത്തരം തട്ടിപ്പുകളുടെ പ്രധാന ലക്ഷണങ്ങളാണ്. പണം നഷ്ടപ്പെടുന്നതിനൊപ്പം സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും ഇത് കാരണമാകുമെന്നതിനാൽ, ഏതൊരു നിക്ഷേപത്തിന് മുൻപും സ്ഥാപനത്തിന്റെ ഔദ്യോഗിക ലൈസൻസ് പരിശോധിക്കണമെന്നും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയോ ഒടിപി പങ്കുവെക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ദുബായ് : കടുത്ത വേനലിൽ എയർ കണ്ടീഷണറുകളുടെ (AC) അമിതവും തെറ്റായതുമായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎഇയിലെ ഡോക്ടർമാർ. പുറത്തെ കടുത്ത ചൂടിൽ നിന്ന് പെട്ടെന്ന് എസി തണുപ്പിലേക്ക് മാറുന്നത് ശരീരത്തിന് ‘തെർമൽ ഷോക്ക്’ ഉണ്ടാക്കാം. കൃത്യമായി വൃത്തിയാക്കാത്ത എസികളിലെ പൊടിയും പൂപ്പലും ശ്വാസകോശ രോഗങ്ങൾക്കും അലർജിക്കും കാരണമാകും. വരണ്ട വായു മൂലം കൺവറളിച്ച, തലവേദന, തൊണ്ട വരൾച്ച എന്നിവയും ഉണ്ടാകാം. എസി താപനില എപ്പോഴും 23°C മുതൽ 25°C വരെ ക്രമീകരിക്കണമെന്നും, എസി ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ബീജിംഗ്: ‘ബവി’ ചുഴലിക്കാറ്റ് ചൈനീസ് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഒമ്പത് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഞായറാഴ്ച പുലർച്ചെയോടെ കിഴക്കൻ പ്രവിശ്യയായ സെജിയാങ്ങിലെ വെൻഷൗ നഗരത്തിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനകം തന്നെ കനത്ത നാശനഷ്ടം നേരിട്ട തെക്കൻ, മധ്യ ചൈനയിൽ ഈ ആഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റുകളിൽ 39 പേർ മരിക്കുകയും നിരവധി നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വെൻഷൗ നഗരത്തിൽ നിന്ന് മാത്രം 8.8 ലക്ഷത്തിലധികം ആളുകളെയാണ് ഒഴുപ്പിച്ചത്. കിഴക്കൻ സെജിയാങ്ങിലും വടക്കുകിഴക്കൻ ഫുജിയാൻ പ്രവിശ്യയിലും അതീവ ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചൈനയ്ക്ക് പുറമെ തായ്വാനിലും ജപ്പാനിലും ബവി കൊടുങ്കാറ്റ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വടക്കൻ തായ്വാനിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇവിടെ പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഫിലിപ്പീൻസിൽ ബവി കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മറ്റ് അപകടങ്ങളിലുമായി മരണസംഖ്യ 18 ആയി ഉയർന്നു. ജപ്പാനിലെ ഒക്കിനാവയിൽ 18,000-ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ആഗോളതാപനവും എൽ നിനോ പ്രതിഭാസവും സമുദ്രോപരിതലത്തിലെ താപനില വർദ്ധിപ്പിച്ചതാണ് കൊടുങ്കാറ്റിന്റെ തീവ്രത ഇത്രയധികം വർദ്ധിക്കാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദുബായ്: സുരക്ഷിതമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനെതിരെ താമസക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി ദുബായ് പോലീസ് രംഗത്തെത്തി. തട്ടിപ്പുകാർ ഇപ്പോൾ എല്ലാവർക്കും ഒരേപോലെയുള്ള കെണികളല്ല ഒരുക്കുന്നതെന്നും ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ച് പുതിയ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും പോലീസ് വ്യക്തമാക്കി. ഉപയോക്താക്കൾ ഇന്റർനെറ്റിൽ തിരയുന്ന കാര്യങ്ങളും അവരുടെ താല്പര്യങ്ങളും ട്രാക്ക് ചെയ്താണ് ഹാക്കർമാർ വ്യാജ ആപ്പുകൾ നിർമ്മിക്കുന്നത്. ബാങ്കിംഗ്, നിക്ഷേപം, ഡെലിവറി, സെക്യൂരിറ്റി അപ്ഡേറ്റുകൾ എന്നിവയുടെയൊക്കെ വ്യാജ ആപ്പുകൾ നിർമ്മിച്ച് ആളുകളെ ആകർഷിക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തിലുള്ള വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ ഫോണിലെ വിവരങ്ങൾ ചോർത്താനും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം തട്ടിയെടുക്കാനും തട്ടിപ്പുകാർക്ക് സാധിക്കുമെന്ന് ദുബായ് പോലീസിന്റെ ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
ദുബായ്: യുഎഇയിൽ പൊതുവിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരെ പ്രശംസിച്ചും അഭിനന്ദിച്ചും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും രംഗത്തെത്തി. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ ഈ വിദ്യാർത്ഥികൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസം രാജ്യത്തിന്റെ ഏറ്റവും വലിയ ദേശീയ പദ്ധതിയായി തുടരുമെന്നും ഇന്നത്തെയും നാളത്തെയും ഏറ്റവും വലിയ വിജയപ്രതീക്ഷ നമ്മുടെ കുട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ മികച്ച വിജയത്തിനായി കൂടെനിന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കും അദ്ദേഹം പ്രത്യേകമായി നന്ദി അറിയിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടിയ അബീർ, ആദം, ഹെസ്സ, അലി, അബ്ദുള്ള, റാഷിദ്, ശൈഖ, മറിയം എന്നീ വിദ്യാർത്ഥികളെ അദ്ദേഹം പേരെടുത്ത് പരാമർശിച്ചു.
സർക്കാർ വിദ്യാഭ്യാസ മേഖലയിലെ എലൈറ്റ് ട്രാക്കിൽ ദുബായ് അൽ റാഷിദിയ സൈക്കിൾ 3 ഗേൾസ് സ്കൂളിലെ അബീർ അബ്ദുൾ റഹ്മാൻ ഫായിസ് ഹുമൈദ് അൽ ഷംസിയും, അഡ്വാൻസ്ഡ് ട്രാക്കിൽ അബുദാബി അൽ ഖാതിം ബോയ്സ് സ്കൂളിലെ ആദം മുഹമ്മദ് അവാദ് അവാദ് ഇബ്രാഹിമും, ജനറൽ ട്രാക്കിൽ അബുദാബി അൽ മവാഹെബ് ഗേൾസ് സ്കൂളിലെ ഹെസ്സ റാഷിദ് മുസ്ബേഹ് അബ്ദുൾ റഹ്മാൻ അൽ അലീലിയും ഒന്നാമതെത്തി. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഷാർജ അൽ നൂർ ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂളിലെ അലി ആസിം ഹസ്സൻ അഡ്വാൻസ്ഡ് ട്രാക്കിലും, അബുദാബി അൽ ഫലാഹ് അക്കാദമിയിലെ അബ്ദുള്ള യാസർ അബു അറബി ജനറൽ ട്രാക്കിലും മികച്ച വിജയം നേടി. അപ്ലൈഡ് ടെക്നോളജി എജ്യുക്കേഷൻ വിഭാഗത്തിൽ ഫുജൈറ അപ്ലൈഡ് ടെക്നോളജി സ്കൂളിലെ റാഷിദ് അഹമ്മദ് റാഷിദ് അലി അൽ ധൻഹാനി സയൻസ് ട്രാക്കിലും, അജ്മാൻ സ്കൂളിലെ ശൈഖ അബ്ദുൾ അസീസ് അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ ഹൊസാനി അഡ്വാൻസ്ഡ് ട്രാക്കിലും, ഉമ്മുൽ ഖുവൈൻ സ്കൂളിലെ മറിയം സയീദ് ഹമദ് അൽ ഹദ്ഫി അൽ കെത്ബി ജനറൽ ട്രാക്കിലും ഒന്നാം സ്ഥാനം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറി.