Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:55 AM

ഭീതിവിതച്ച് ബവി കൊടുങ്കാറ്റ്; ചൈനയിൽ 9 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു

by Raneesha Nizar

ബീജിംഗ്: ‘ബവി’ ചുഴലിക്കാറ്റ് ചൈനീസ് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഒമ്പത് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഞായറാഴ്ച പുലർച്ചെയോടെ കിഴക്കൻ പ്രവിശ്യയായ സെജിയാങ്ങിലെ വെൻഷൗ നഗരത്തിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനകം തന്നെ കനത്ത നാശനഷ്ടം നേരിട്ട തെക്കൻ, മധ്യ ചൈനയിൽ ഈ ആഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റുകളിൽ 39 പേർ മരിക്കുകയും നിരവധി നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വെൻഷൗ നഗരത്തിൽ നിന്ന് മാത്രം 8.8 ലക്ഷത്തിലധികം ആളുകളെയാണ് ഒഴുപ്പിച്ചത്. കിഴക്കൻ സെജിയാങ്ങിലും വടക്കുകിഴക്കൻ ഫുജിയാൻ പ്രവിശ്യയിലും അതീവ ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചൈനയ്ക്ക് പുറമെ തായ്‌വാനിലും ജപ്പാനിലും ബവി കൊടുങ്കാറ്റ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വടക്കൻ തായ്‌വാനിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇവിടെ പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഫിലിപ്പീൻസിൽ ബവി കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മറ്റ് അപകടങ്ങളിലുമായി മരണസംഖ്യ 18 ആയി ഉയർന്നു. ജപ്പാനിലെ ഒക്കിനാവയിൽ 18,000-ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ആഗോളതാപനവും എൽ നിനോ പ്രതിഭാസവും സമുദ്രോപരിതലത്തിലെ താപനില വർദ്ധിപ്പിച്ചതാണ് കൊടുങ്കാറ്റിന്റെ തീവ്രത ഇത്രയധികം വർദ്ധിക്കാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

You may also like