അബുദാബി : സോമാലിയൻ തീരത്ത് വെച്ച് ഹൈജാക്ക് ചെയ്യപ്പെട്ട ‘എം.ടി. ഹോണർ 25′ (MT Honour 25) എണ്ണക്കപ്പൽ മോചിപ്പിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട ജീവനക്കാരുടെ മരണത്തിലും പരിക്കുകളിലും യു.എ ഇ ശക്തമായ അപലപനം രേഖപ്പെടുത്തി. സമുദ്രസുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷിതത്വത്തിനും ഇത്തരം ക്രിമിനൽ നടപടികൾ ഗുരുതരമായ ഭീഷണിയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
Author
Raneesha Razak
അബുദാബി : സാംസ്കാരിക രംഗത്തെ കരുത്തുറ്റ മുന്നേറ്റങ്ങൾ അബുദാബിയെ ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അബുദാബി ഡി.സി.ടി. ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്. സായിദ് നാഷണൽ മ്യൂസിയം, ഗുഗ്ഗൻഹീം അബുദാബി തുടങ്ങിയ ആഗോളതലത്തിലുള്ള സ്ഥാപനങ്ങൾ വെറും കാഴ്ചകളല്ല, മറിച്ച് വ്യത്യസ്ത സംസ്കാരങ്ങളും തലമുറകളും തമ്മിൽ സംവദിക്കാനുള്ള വേദികളാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരത്തെ വെറുമൊരു വിനോദസഞ്ചാര ഘടകമായല്ല, മറിച്ച് സമൂഹത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിനുള്ള വലിയൊരു ശക്തിയായാണ് അബുദാബി കാണുന്നത്. മ്യൂസിയങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, കായികം, വിനോദം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരൊറ്റ ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന് അൽ മുബാറക് വ്യക്തമാക്കി. ഫോർമുല വൺ മുതൽ വരാനിരിക്കുന്ന ഡിസ്നി റിസോർട്ട് വരെയുള്ള പദ്ധതികൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സമൂഹത്തിൽ ഐക്യം വളർത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായികരംഗവും സാംസ്കാരിക പ്രവർത്തനങ്ങളും വ്യക്തികളിൽ നേതൃപാടവവും പരസ്പര ബഹുമാനവും വളർത്താൻ സഹായിക്കുമെന്നും ഈ ദീർഘവീക്ഷണത്തോടെയുള്ള വളർച്ച അടുത്ത 15 മുതൽ 20 വർഷം വരെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യം വളർന്നു, പക്ഷേ ഇപ്പോഴും അത് നിങ്ങളെ ഓർമ്മിപ്പിക്കുന്നു’: ശൈഖ് സായിദിന് വൈകാരിക കത്തയച്ച് ശൈഖ് മുഹമ്മദ്
written by Raneesha Razak
ദുബായ് : യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനുള്ള ആദരവുമായി ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തുറന്ന കത്ത്. നാല് പതിറ്റാണ്ടോളക്കാലം തന്റെ അധ്യാപകനും നേതാവും പ്രചോദനവുമായിരുന്ന ശൈഖ് സായിദിനെക്കുറിച്ചും, അദ്ദേഹത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച് യുഎഇ കൈവരിച്ച വളർച്ചയെക്കുറിച്ചുമാണ് കത്തിൽ പറയുന്നത്.
എമിറേറ്റുകൾക്കും നേതാക്കൾക്കും മാത്രമല്ല, അനാഥരുടെയും പാവപ്പെട്ടവരുടെയും കൂടി പിതാവാണ് ശൈഖ് സായിദ് എന്ന് കത്തിൽ ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ധന്യമാക്കിയ അദ്ദേഹത്തിന്റെ ജ്ഞാനവും ഭരണപാടവവും മരണശേഷവും നിലനിൽക്കുന്നു. “എന്റെ പിതാവായ സായിദിനുള്ള എന്റെ സന്ദേശം ഇതാണ്: യുഎഇ വളർന്നു, പക്ഷേ അത് ഇപ്പോഴും നിങ്ങളെ തന്നെ ഓർമ്മിപ്പിക്കുന്നു,” ശൈഖ് മുഹമ്മദ് കുറിച്ചു. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് രാജ്യം ഇന്നത്തെ നിലയിലേക്ക് വളർന്നുവന്ന വഴികളും അദ്ദേഹം കത്തിലൂടെ ഓർമ്മിച്ചു.
ദുബായ് : ചന്ദ്രന്റെ ഉപരിതലത്തിന് 100 മീറ്റർ താഴേക്ക് പരിശോധന നടത്താൻ സാധിക്കുന്ന റഡാർ സംവിധാനം ഘടിപ്പിച്ച് യു.എഇയുടെ ബഹിരാകാശ ദൗത്യം പുതിയ നാഴികക്കല്ല് പിന്നിട്ടു. റാഷിദ് റോവർ 2-ൽ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ ട്രാൻസ്മിറ്റർ (RTx) വിജയകരമായി സംയോജിപ്പിച്ചതായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) ചൊവ്വാഴ്ച അറിയിച്ചു.
ചന്ദ്രന്റെ ദൂരെയുള്ള ഭാഗങ്ങളിലേക്കുള്ള (far side of the Moon) എമിറേറ്റ്സ് ലൂണാർ മിഷന്റെ യാത്രയെ കൂടുതൽ അടുപ്പിക്കുന്നതാണ് ഈ നിർണായക ഘട്ടം. ചന്ദ്രന്റെ ഉപരിതലത്തിന് താഴെ എന്താണുള്ളതെന്ന് ശാസ്ത്രജ്ഞർക്ക് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നതാണ് പുതിയ പേലോഡ്. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലത്തിന് 100 മീറ്റർ താഴെവരെ പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ളതും അതിർത്തികൾ കടന്നുള്ളതുമായ തട്ടിപ്പുകൾക്കെതിരെ ‘ഓപ്പറേഷൻ കോൺഫ്രന്റേഷൻ ഗോസ്റ്റ്’ (Operation Confrontation Ghost) ശക്തമായി തുടരുമെന്ന് യു.എഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 30 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും സ്വകാര്യ-സാങ്കേതിക മേഖലകളിൽ നിന്നുള്ള 13 പങ്കാളികളും ഈ ഉദ്യമത്തിൽ പങ്കുചേരുന്നുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ, ഓൺലൈൻ സെക്സ്ടോർഷൻ, എ.ഐ അധിഷ്ഠിത തട്ടിപ്പുകൾ എന്നിവയാണ് ഈ ഓപ്പറേഷൻ ലക്ഷ്യമിടുന്നത്. വിവരങ്ങൾ തത്സമയം കൈമാറാനും, പുതിയ തട്ടിപ്പുരീതികൾ നിരീക്ഷിക്കാനും, ഡാറ്റാ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് വേഗത്തിൽ നടപടിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു. കുറ്റകൃത്യങ്ങളുടെ അതിർത്തി കടന്നുള്ള സ്വഭാവം കണക്കിലെടുത്ത് ഏജൻസികൾ തമ്മിലുള്ള വേഗത്തിലുള്ള ഏകോപനം അത്യാവശ്യമാണെന്ന് ഇന്റർനാഷണൽ കോഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സയീദ് ഖൽഫാൻ അൽ കാബി വ്യക്തമാക്കി.
ദുബായ്: യു.എഇയിലെ നിക്ഷേപകർക്കായി തങ്ങളുടെ നിക്ഷേപ സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ച് സാം ഫിനാൻഷ്യൽ ലിമിറ്റഡ്. ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ (DFSA) നിയന്ത്രണത്തിന് വിധേയമായി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (DIFC) രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനമാണിത്. ‘സാം ആപ്പ്’ (Sahm App) വഴി യു.എഇ നിക്ഷേപകർക്ക് സൗദി, യു.എസ്. ഓഹരി വിപണികളിലേക്ക് പ്രവേശനം നേടാൻ ഇതിലൂടെ സാധിക്കും.
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് നിക്ഷേപകർക്ക് കൂടുതൽ സൗകര്യപ്രദമായ ഡിജിറ്റൽ ട്രേഡിംഗ് അനുഭവമാണ് സാം ആപ്പ് നൽകുന്നത്. വേഗത്തിലുള്ള ഓർഡർ എക്സിക്യൂഷൻ, ശരിയത്തനുസരിച്ചുള്ള ട്രേഡിംഗ് ഓപ്ഷനുകൾ, ലളിതമായ ഡിജിറ്റൽ ഓൺബോർഡിംഗ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. കൂടാതെ, തത്സമയ സാമ്പത്തിക വാർത്തകൾ, സമഗ്രമായ ഓഹരി വിവരങ്ങൾ, ‘സാം അക്കാദമിയിലൂടെയുള്ള’ വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ, എ.ഐ (AI) അസിസ്റ്റന്റായ ‘സാം എഐ’, അറബിക് ഇൻവെസ്റ്റർ കമ്മ്യൂണിറ്റി എന്നിവയും ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമായി രണ്ട് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമാണിത്.
ദുബായ് : പ്രധാന റോഡുകളിൽ വാഹനയാത്രക്കാരെ തടഞ്ഞുനിർത്തി യാത്രാക്കൂലിക്കായി പണം ആവശ്യപ്പെടുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 22 അംഗ യാചക സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായ് പൊലീസ് ആപ്പിലെ ‘പോലീസ് ഐ’ (Police Eye) സേവനം വഴി ലഭിച്ച വിവരമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. റോഡുകളിൽ വാഹനയാത്രക്കാരെ സമീപിക്കുകയും, തങ്ങൾ കുടുങ്ങിപ്പോയതാണെന്നും യാത്രയ്ക്കുള്ള സാമ്പത്തിക സഹായം വേണമെന്നും ആവശ്യപ്പെട്ട് പണം തട്ടുന്ന സംഘത്തിന്റെ വിവരങ്ങളാണ് ഇത്തരത്തിൽ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മുഴുവൻ അംഗങ്ങളെയും പൊലീസ് പിടികൂടിയത്.
ദുബായ് : യു.എഇയിലെ ഫിലിപ്പൈൻ പൗരന്മാർക്ക് ബോട്ടിം (Botim) വഴി ഫിലിപ്പൈൻസിലെ ജി ക്യാഷ് (GCash) വാലറ്റിലേക്ക് ഇനി മുതൽ നേരിട്ട് പണം അയക്കാം. രണ്ട് പ്രമുഖ ഡിജിറ്റൽ ഫിനാൻസ് പ്ലാറ്റ്ഫോമുകൾ തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. യു.എഇയിലെ ബോട്ടിം ഉപയോക്താക്കൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പുതിയൊരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ബില്ലുകൾ അടയ്ക്കാനും ദൈനംദിന ചെലവുകൾക്കും പണം കൈമാറാനും നിക്ഷേപങ്ങൾക്കും ഈ തുക ജി ക്യാഷ് പ്ലാറ്റ്ഫോമിലൂടെ ഉപയോഗപ്പെടുത്താം. യു.എഇയിൽ നിന്ന് ഫിലിപ്പൈൻസിലേക്കുള്ള പണമയക്കൽ സേവനങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2026-ന്റെ ആദ്യ എട്ട് മാസങ്ങളിൽ ബോട്ടിം വഴി ഫിലിപ്പൈൻസിലേക്ക് അയച്ച പണത്തിന്റെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 145 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഷാർജ: എമിറേറ്റിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും തേടിക്കൊണ്ട് ഷാർജ സിവിൽ ഡിഫൻസ് ‘സെൻസ് ഓഫ് സേഫ്റ്റി’ സർവേയുടെ രണ്ടാം പതിപ്പ് ആരംഭിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങൾ സുരക്ഷയെ എങ്ങനെ വിലയിരുത്തുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനാണ് സർവേ ലക്ഷ്യമിടുന്നത്.
ഷാർജയിലെ ഷോപ്പിംഗ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും സർവേ ടീമുകൾ നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മാളുകൾ സന്ദർശിക്കുന്നവർക്ക് അവിടെയുള്ള ടീമുകളുമായി നേരിട്ട് സംവദിച്ചും സർവേയിൽ പങ്കെടുക്കാം. സമൂഹത്തിന്റെ സുരക്ഷാബോധം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഈ സർവേയിൽ കുറഞ്ഞ സമയം നീക്കിവെച്ച് പൊതുജനങ്ങൾ പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദുബായ്: ദുബായിൽ നിന്നുള്ള യാത്രാ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി, അബുദാബിയിലേക്കുള്ള എത്തിഹാദ് റെയിൽ ടിക്കറ്റ് സമൂഹമാധ്യമമായ സ്നാപ്ചാറ്റിൽ പങ്കുവെച്ച് ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയതാണ് പങ്കുവെച്ച ടിക്കറ്റ്.
39 ദിർഹം മുതൽ ആരംഭിക്കുന്ന കംഫർട്ട് (Comfort) ഓപ്ഷനിലുള്ള ടിക്കറ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 30-ന് ദുബായിൽ നിന്നുള്ള യാത്രാ സർവീസുകൾ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് യു.ഇ.എ. ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ അൽ യലയീസ് സ്റ്റേഷനെയും അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസ് പ്രവർത്തിക്കുക. കംഫർട്ട് ക്ലാസിന് 39 ദിർഹവും പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. എത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.