5
അജ്മാൻ : മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ പ്രവാസിയെ നാടുകടത്താൻ ഉത്തരവ് യുഎഇ ഫെഡറൽ സുപ്രീം കോടതി റദ്ദാക്കി. പിഴ ശിക്ഷയ്ക്ക് പകരമായി നാടുകടത്തൽ നിയമപരമായി നടപ്പിലാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ‘എമിറേറ്റ്സ് അൽ യൗം’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
അപ്പീൽ കോടതിയുടെ വിധി ഭാഗികമായി റദ്ദാക്കിയ സുപ്രീം കോടതി, പ്രതിക്ക് ചുമത്തിയിരുന്ന 30,000 ദിർഹം പിഴ പുനഃസ്ഥാപിച്ചു. യുഎഇയിൽ ജനിച്ചു വളർന്ന പ്രതി, തനിക്ക് രാജ്യവുമായി കുടുംബപരമായി വലിയ ബന്ധമുണ്ടെന്നും നാടുകടത്തൽ കുടുംബജീവിതത്തെ തകർക്കുമെന്നും കോടതിയിൽ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടില്ലാത്തതിനാൽ താൻ നൽകിയ അപ്പീലിന്മേൽ ശിക്ഷ കടുപ്പിക്കാൻ പാടില്ലെന്ന വാദവും പ്രതി മുന്നോട്ടുവെച്ചു.
മെത്താംഫെറ്റാമിൻ (Methamphetamine), പ്രെഗബാലിൻ (Pregabalin), ട്രോപികാമൈഡ് (Tropicamide) തുടങ്ങിയ നിരോധിത പദാർത്ഥങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് അജ്മാൻ പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയ കുറ്റം. കേസിൽ വിചാരണക്കോടതി പ്രതിക്ക് 30,000 ദിർഹം പിഴ വിധിച്ചിരുന്നു. എന്നാൽ വിധി ചോദ്യം ചെയ്ത് പ്രതി അപ്പീൽ കോടതിയെ സമീപിച്ചപ്പോൾ, പിഴ ഒഴിവാക്കി അദ്ദേഹത്തെ നാടുകടത്താൻ അപ്പീൽ കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് പ്രതി ഫെഡറൽ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളെയും മെഡിക്കൽ കുറിപ്പടികളെയും കുറിച്ച് പ്രതി ഉന്നയിച്ച വാദങ്ങൾ സുപ്രീം കോടതി വിശദമായി പരിശോധിച്ചു. പ്രെഗബാലിൻ ഉപയോഗിക്കുന്നതിന് ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നതായി കോടതി കണ്ടെത്തിയെങ്കിലും, മറ്റ് ലഹരിവസ്തുക്കളുടെ കാര്യത്തിൽ കൃത്യമായ രേഖകൾ ഹാജരാക്കാൻ പ്രതിക്കായില്ല. കുറ്റവിചാരണ ശരിവെച്ച കോടതി, എന്നാൽ പിഴയ്ക്ക് പകരമായി നാടുകടത്തൽ ഉത്തരവിട്ട കീഴ്ക്കോടതിയുടെ നടപടി നിയമപരമല്ലെന്ന് കണ്ട് അത് റദ്ദാക്കുകയായിരുന്നു.