4
അൽഐൻ : പുതിയ സ്പോൺസർമാരെ കണ്ടെത്താനായില്ലെങ്കിൽ ഈ വർഷാവസാനത്തോടെ അൽഐനിലെ കമ്മ്യൂണിറ്റി നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘സിക്സ് ഹൗണ്ട്സ് ആൻഡ് കോ’ (Six Hounds & Co) എന്ന മൃഗസംരക്ഷണ കേന്ദ്രം അടച്ചുപൂട്ടേണ്ടി വന്നേക്കും. 2022 മുതൽ നൂറുകണക്കിന് ഉപേക്ഷിക്കപ്പെട്ട നായ്ക്കളെയും പൂച്ചകളെയും സംരക്ഷിച്ചുപോരുന്ന സ്ഥാപനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
നിലവിൽ നായ്ക്കളും പൂച്ചകളും ഉൾപ്പെടെ 224 മൃഗങ്ങളെയാണ് ഷെൽട്ടർ ഏറ്റെടുത്ത് സംരക്ഷിക്കുന്നത്. ഇതിൽ ഒരു ആടും ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു വർഷമായി മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധികളാണ് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് സ്ഥാപക അൻസോ സ്റ്റാൻഡർ (Anso Stander) ഗൾഫ് ന്യൂസിനോട് പറഞ്ഞു. ഷെൽട്ടറിന് സാമ്പത്തിക പിന്തുണ നൽകാൻ ആരെങ്കിലും മുന്നോട്ടുവന്നില്ലെങ്കിൽ ഇവിടെയുള്ള മൃഗങ്ങളെ എങ്ങോട്ട് മാറ്റുമെന്ന ആശങ്കയിലാണ് അധികൃതർ. ഇതിനിടയിൽ, കഴിയുന്നത്ര മൃഗങ്ങൾക്ക് ദത്തെടുക്കൽ വഴി പുതിയ വീടുകൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.